കോഴിക്കോട് - സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ സ്വാഗതഗാനത്തിലെ വിവാദ വീഡിയോയെ ന്യായീകരിച്ച് ബി.ജെ.പി സംസ്ഥാന ജനറൽസെക്രട്ടറി എം.ടി രമേശ് രംഗത്ത്. സ്വാഗത ഗാനം അവതരിപ്പിച്ച സംഘത്തെ സി.പി.എം വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും സ്വാഗത ഗാനം ഒരു മതത്തിനെതിരായുള്ളതാണെന്ന് മനപൂർവ്വം വരുത്തി തീർക്കുകയാണെന്നും എം.ടി രമേശ് പറഞ്ഞു. ആഗോള തീവ്രവാദത്തെ ആവിഷ്‌കരിക്കാൻ മറ്റേത് വേഷമാണ് ഉപയോഗിക്കേണ്ടതെന്നും രമേശ് ഫേസ് ബുക്കിൽ ചോദിച്ചു.
'സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ സ്വാഗത ഗാനം അവതരിപ്പിച്ച മാതാ പേരാമ്പ്രയെ സി.പി.എം വളഞ്ഞിട്ടാക്രമിക്കുകയാണല്ലോ? എന്താണ് ആ ദൃശ്യാവിഷ്‌ക്കാരത്തിന് കുഴപ്പം. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉയർത്തിപ്പിടിക്കുകയെന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ച നൃത്താവിഷ്‌ക്കാരത്തിന് ഇത്രമേൽ വിമർശനം ഉണ്ടാകാനുള്ള കാരണമെന്താണ്? അതിലെ ഒരു കഥാപാത്രത്തിന്റെ വേഷം!'.
ജന്മിയെ കാണിക്കുമ്പോൾ പൂണിലിട്ട ബ്രാഹ്മണനെ കാണിക്കാം. നരബലി ആവിഷ്‌ക്കരിക്കുമ്പോൾ പൂജാരിയേയും ഹോമാദി ദ്രവ്യങ്ങളെയും ഹിന്ദു ബിംബങ്ങളെയും കാണിക്കാം. ആഗോള തീവ്രവാദത്തെ കുറിച്ച് കാണിക്കുമ്പോൾ തീവ്രവാദികളുടെ വസ്ത്രധാരണം ഉപയോഗിക്കുന്നതിൽ എന്താണ് തെറ്റ്? ഉസാമ ബിൻ ലാദന്റെയും താലിബാൻ തീവ്രവാദികളുടെയും വേഷമല്ലാതെ സന്യാസിയുടെ കാഷായമിട്ട് ആഗോള തീവ്രവാദത്തെ ആവിഷ്‌ക്കരിക്കാൻ സാധിക്കുമോ? ഇതിനെ ഒരു മതത്തെ ആക്രമിക്കുന്നതായി വ്യാഖ്യാനിക്കുന്നിടത്താണ് പ്രശ്‌നം. അതല്ല, ആഗോള തീവ്രവാദത്തെ വിമർശിക്കരുതെന്നാണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് പള്ളിയിൽ പറഞ്ഞാമതി' എന്നാണ് എം.ടി.രമേശിന്റെ വാദം.
സ്‌കൂൾ കലോത്സവത്തിലെ സ്വാഗതഗാനത്തിലെ ദൃശ്യാവിഷ്‌കാര വിവാദമായതിനെ തുടർന്ന് അത് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി പറഞ്ഞിരുന്നു. സംസ്ഥാന സർക്കാരിന് സങ്കുചിത സമീപനമില്ല. പരാതി പരിശോധിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസും പ്രതികരിക്കുകയുണ്ടായി.
61-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രധാനവേദിയായ വെസ്റ്റ്ഹിൽ വിക്രം മൈതാനിയിൽ മുഖ്യമന്ത്രിയും സ്പീക്കറും മന്ത്രിമാരുടെയും സാന്നിധ്യത്തിൽ അരങ്ങേറിയ സ്വാഗത ഗാനത്തോടൊപ്പമുള്ള ദൃശ്യാവിഷ്‌കാരമാണ് വ്യാപക വിമർശങ്ങൾ ക്ഷണിച്ചുവരുത്തിയത്.
ഒരു മതവിഭാഗത്തെ തീവ്രവാദികളാക്കി ചിത്രീകരിച്ചുള്ള രംഗമാണ് സ്വാഗതഗാനത്തോടൊപ്പമുള്ള വീഡിയോ ദൃശ്യങ്ങളെന്നാണ് വിമർശം. ഇന്ത്യൻ സുരക്ഷാ സേന പിടികൂടിയ തീവ്രവാദിയെ അറബ് ശിരോവസ്ത്രമായ കഫിയ്യ ധരിച്ചയാളുടെ വേഷത്തിൽ അവതരിപ്പിക്കുന്നതാണ് വീഡിയോ രംഗം.
ഇളം തലമുറയുടെ മനസ്സിലേക്ക് പോലും ഇസ്‌ലാം ഭീതി സൃഷ്ടിക്കുന്ന വിവാദ ആവിഷ്‌കാരത്തിന് പിന്നിൽ പ്രവർത്തിച്ചത് ഒരു ആർ.എസ്.എസുകാരന്റെ തലയാണെന്ന് ആരോപണം ഉയർന്നിരുന്നു. എന്നാൽ തീർത്തും സദുദ്ദേശത്തോടെയാണ് ദൃശ്യം ആവിഷ്‌കരിച്ചതെന്നും ബന്ധപ്പെട്ടവരുടെ മുമ്പാകെ സ്‌ക്രീനിംഗ് പൂർത്തിയാക്കി പൂർണ അനുമതിയോടെയാണ് വിവാദ ദൃശ്യം മുഖ്യമന്ത്രി അടക്കം പങ്കെടുത്ത ഉദ്ഘാടന സ്റ്റേജിൽ അവതരിപ്പിച്ചതെന്നും ആർ.എസ്.എസ് കലാകാരൻ പറഞ്ഞതോടെ സർക്കാറും സംഘാടകരും പ്രതിരോധത്തിലായി. തുടർന്നാണ് അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രിമാർ വ്യക്തമാക്കിയത്.