-137 രൂപ ചലഞ്ചിൽ മൊത്തം പിരിഞ്ഞത് ആറു കോടി
തിരുവനന്തപുരം - ശശി തരൂരിന്റെ ഒന്നാംഘട്ട മലബാർ പര്യടനം കൈകാര്യം ചെയ്തതിൽ നേതൃത്വത്തിന് വീഴ്ചയുണ്ടായെന്ന് കെ.പി.സി.സി ഭാരവാഹി യോഗത്തിൽ വിമർശം. കോഴിക്കോട്ടെ പരിപാടി വിലക്കിയത് അനാവശ്യ വിവാദം ഉണ്ടാക്കിയെന്നും തരൂരിന് അമിത പ്രാധാന്യം നൽകി വിഷയം വഷളാക്കിയെന്നുമാണ് യോഗത്തിൽ വിമർശം ഉയർന്നത്. ഇത് പൊതുവെ എല്ലാവരും അംഗീകരിക്കുകയും ചെയ്തു.
അതിനിടെ, ദേശീയ-സംസ്ഥാന നേതൃത്വങ്ങളെ വെട്ടിലാക്കി ശശി തരൂർ അടക്കമുള്ള ചില എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കാൻ സ്വയം പ്രഖ്യാപനം നടത്തിയതിനെതിരെ യോഗത്തിൽ കടുത്ത വിമർശം ഉയർന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന അഭിപ്രായപ്രകടനങ്ങളിൽനിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നും എം.പിമാരെ ഇക്കാര്യം പറഞ്ഞു ഗൗരവം ബോധ്യപ്പെടുത്താനും തീരുമാനിച്ചു.
ഏത് സീറ്റിൽ എവിടേക്കു മത്സരിക്കണമെന്നതിൽ ഒരാളും സ്വയം പ്രഖ്യാപനത്തിന് മുതിരേണ്ടതില്ലെന്നും എല്ലാറ്റിലും പാർട്ടിയാണ് അവസാന വാക്കെന്നും യോഗം ഓർമിപ്പിച്ചു. ഒരാൾക്കെതിരെയും കടുത്ത നിലപാട് സ്വീകരിക്കാതെ എല്ലാവരുടെയും കഴിവുകൾ പാർട്ടിക്കുവേണ്ടി ഉപയോഗിക്കാനുള്ള നയതന്ത്രം സ്വീകരിക്കാൻ പാർട്ടിക്കു സാധിക്കണമെന്നും അഭിപ്രായമുയർന്നു.
വിഷയം നാളത്തെ കെ.പി.സി.സി നിർവ്വാഹകസമിതിയിൽ ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കാമെന്ന് പാർട്ടി അധ്യക്ഷൻ കെ സുധാകരൻ യോഗത്തെ അറിയിച്ചു. കെ.പി.സി.സിയുടെ 137 രൂപ ചലഞ്ചിൽ ക്രമക്കേടില്ലെന്ന് യോഗം വിലയിരുത്തി. കോൺഗ്രസിന്റെ 137-ാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ 137 രൂപ ചലഞ്ചിൽ മൊത്തം പിരിഞ്ഞത് ആറു കോടിയാണെന്ന് നേതൃത്വം വ്യക്തമാക്കി. ഇത് സംബന്ധിച്ച കണക്കും നേതൃത്വം അവതരിപ്പിച്ചു. കെ പി സി സി ട്രഷററായിരുന്ന പ്രതാപചന്ദ്രന്റെ മരണത്തെ ചലഞ്ചിനോട് ചേർത്തുവച്ച് ചിലർ കഥകൾ മെനഞ്ഞെന്ന് നേതൃത്വം ചൂണ്ടികാട്ടി. 138 രൂപ ചലഞ്ച് ഉടൻ നടപ്പാക്കാനും തീരുമാനിച്ചു.