- അതിവ്യാപന ശേഷിയുള്ള എച്ച് 5 എൻ 1 വകഭേദം ആണ് സ്ഥിരീകരിച്ചതെന്ന് മൃഗസംരക്ഷണ ക്ഷീര വികസന മന്ത്രി ജെ ചിഞ്ചുറാണി
കോഴിക്കോട് - ചാത്തമംഗലം പ്രാദേശിക കോഴി വളർത്തു കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. അതിവ്യാപന ശേഷിയുള്ള എച്ച് 5 എൻ 1 വകഭേദം ആണ് സ്ഥിരീകരിച്ചതെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു.
കോഴിക്കോട് ജില്ലാപഞ്ചായത്തിന്റെ കീഴിലുള്ള കോഴി വളർത്തു ഫാമിൽ ജനുവരി ആറ് മുതൽ കോഴികൾ ചത്ത് തുടങ്ങിയിരുന്നു. തുടർന്ന് ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിൽ വിമാനമാർഗം കൊടുത്തയച്ച സാമ്പിളുകൾ പരിശോധിച്ച് ഇന്നാണ് പക്ഷിപ്പനി സ്ഥിരീകരിച്ച് റിപ്പോർട്ട് ലഭിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.
ജനുവരി ആറ് മുതൽ പാരന്റ് സ്റ്റോക്ക് കോഴികളിൽ ചെറിയ രീതിയിൽ മരണ നിരക്ക് ശ്രദ്ധയിൽപെട്ടിരുന്നു. തുടർന്ന് ഇവയെ വയനാട് പൂക്കോട് വെറ്ററിനറി കോളജിലും കോഴിക്കോട് ക്ലിനിക്കൽ ലാബിലും പരിശോധനക്ക് അയച്ചു. ന്യൂമോണിയയുടെ ലക്ഷണം കണ്ട കോഴികൾക്ക് അന്ന് തന്നെ മരുന്നുകളും നൽകി. എന്നാൽ പിറ്റേ ദിവസവും മരണനിരക്ക് വർധിച്ചതോടെ കണ്ണൂർ ആർ.ഡി.ഡി.എൽ, തിരുവല്ല എ.ഡി.ഡി.എൽ എന്നീ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് അധിക പരിശോധന നടത്തി. പ്രാഥമിക ടെസ്റ്റുകളിൽ പക്ഷിപ്പനിയുടെ സംശയം തോന്നിയതിനാലാണ് കൃത്യമായ രോഗ നിർണയം നടത്തുന്നതിന് സാമ്പിളുകൾ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിൽ അയച്ചത്. അവിടെനിന്നാണിപ്പോൾ കോഴികൾക്ക് പക്ഷിപ്പനി സ്ഥിരീകരണമുണ്ടായത്.