കാസർകോട് - മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഒന്നാം പ്രതിയായി ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. മഞ്ചേശ്വരത്തെ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന കെ സുരേന്ദ്രൻ അടക്കം ആറു പേരാണ് കേസിലെ പ്രതികൾ. കാസർകോട് ജില്ലാ സെഷൻസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ജാമ്യമില്ലാ വകുപ്പുകളാണ് ആറുപേർക്കെതിരെയും ചുമത്തിയത്.
യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്, കെ സുരേന്ദ്രന്റെ ചീഫ് ഏജന്റായിരുന്ന ബി.ജെ.പി മുൻ ജില്ലാ പ്രസിഡന്റ് അഡ്വ. കെ ബാലകൃഷ്ണ ഷെട്ടി, കെ മണികണ്ഠ റൈ, ലോകേഷ് നോഡ എന്നിവരാണ് മറ്റു പ്രതികൾ. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ സതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കുറ്റപത്രം തയ്യാറാക്കിയത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബി.എസ്.പി സ്ഥാനാർത്ഥി കെ സുന്ദരയ്ക്ക് സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ രണ്ടരലക്ഷം രൂപയും സ്മാർട്ട്‌ഫോണും നല്കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. പട്ടികജാതി പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകളാണ് കെ സുരേന്ദ്രനും മറ്റ് പ്രതികൾക്കുമെതിരെ ചുമത്തിയത്.
സി.പി.എം നേതാവും മഞ്ചേശ്വരത്തെ ഇടത് സ്ഥാനാർത്ഥിയുമായിരുന്ന വി.വി രമേശന്റെ പരാതിയിലാണ് കേസെടുത്തത്. കേസിൽ കെ സുരേന്ദ്രനെ ക്രൈംബ്രാഞ്ച് നേരത്തേ ചോദ്യം ചെയ്തിരുന്നു. സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ കോഴ നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നും ബി.എസ്.പി സ്ഥാനാർത്ഥിയായിരുന്ന കെ സുന്ദര വെളിപ്പെടുത്തിയിരുന്നു. 15 ലക്ഷവും മംഗളൂരുവിൽ വൈൻ പാർലറും ചോദിച്ചെന്നും രണ്ടര ലക്ഷം രൂപയും 15,000 രൂപയുടെ സ്മാർട്ട്‌ഫോണും ലഭിച്ചെന്നുമായിരുന്നു ബി.എസ്.പി നേതാവ് പറഞ്ഞത്.