- നേതാക്കൾ രാഷ്ട്രീയ എതിരാളികളുടെ ചൂണ്ടയിൽ കൊത്തരുത്
തിരുവനന്തപുരം/ന്യൂദൽഹി - ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന കേരളത്തിലെ കോൺഗ്രസ് എം.പിമാരുടെ പ്രതികരണത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിന് അതൃപ്തി. സ്ഥാനാർത്ഥിത്വം തീരുമാനിക്കാൻ നടപടിക്രമങ്ങൾ ഉണ്ടെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ വ്യക്തമാക്കി.
മുഖ്യമന്ത്രി ആകാൻ തയ്യാറെന്ന ശശി തരൂരിന്റെ പ്രതികരണത്തോടും അദ്ദേഹം പ്രതികരിച്ചു. തരൂർ അഭിപ്രായം പറയേണ്ടത് ഹൈക്കമാൻഡിനോടാണ്. ആർക്കും എന്ത് പദവിയും ആഗ്രഹിക്കാം. എന്നാൽ, പാർട്ടി നടപടിക്രമങ്ങൾ പാലിക്കണം. മത്സരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡിന്റേതാണെന്നും താരിഖ് അൻവർ പറഞ്ഞു. സംസ്ഥാനത്ത്
നിലവിൽ നേതൃമാറ്റം ഇല്ലെന്നും ചോദ്യങ്ങളോടായി അദ്ദേഹം പ്രതികരിച്ചു.
ശശി തരൂർ, രാജ്‌മോഹൻ ഉണ്ണിത്താൻ, ടി.എൻ പ്രതാപൻ, രമ്യ ഹരിദാസ് അടക്കം കേരളത്തിൽ നിന്നുള്ള ഏഴ് എം.പിമാരാണ് ലോക്‌സഭ വിട്ട് നിയമസഭയിലേക്ക് മത്സരിക്കാൻ താൽപര്യം കാണിച്ചത്. ഇക്കാര്യം ശശി തരൂരും ടി.എൻ പ്രതാപനും പരസ്യമായി മാധ്യമങ്ങളോട് പറയുകയുമുണ്ടായി.
ലോക്‌സഭ തെരെഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന ശശി തരൂരടക്കമുള്ള എം.പിമാരുടെ പരസ്യ പ്രതികരണങ്ങൾ അനവസരത്തിലാണെന്നാണ് പാർട്ടിയിലെയും നേതൃത്വത്തിലെയും പൊതുവേയുള്ള വിലയിരുത്തൽ. സ്ഥാനം മോഹിക്കുന്നത് തെറ്റല്ല. പക്ഷേ, ആര്, എവിടെ, എങ്ങനെ സ്ഥാനാർത്ഥി ആവണമെന്ന് തീരുമാനിക്കേണ്ടത് അന്തിമമായി പാർട്ടിയാണെന്നും, നേതാക്കൾ ആഗ്രഹം പാർട്ടിയിൽ പറയാതെ പത്രക്കാരോട് ആദ്യം വിളിച്ചുപറയുന്നത് നല്ല പ്രവണതയല്ലെന്നും ഇവർ ഓർമിപ്പിക്കുന്നു.
ലോക്‌സഭ തെരഞ്ഞെടുപ്പിൽ വീണ്ടും കൈനോക്കുന്നതിലെ ആശങ്ക, പ്രവർത്തന സൗകര്യം, നിയമസഭയിൽ മത്സരിച്ചാലുള്ള സാധ്യതകൾ എന്നിവ പരിഗണിച്ചാണ് പല സിറ്റിംഗ് എം.പിമാരും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ചുവട് മാറ്റുന്നത്. അതിനിടെ, മതസാമുദായിക സംഘടനകളിൽ നിന്നടക്കം പൊതുസമൂഹത്തിൽനിന്ന് ലഭിക്കുന്ന വൻ സ്വീകാര്യത മുഖ്യമന്ത്രി മോഹം അടക്കമുള്ള ആഗ്രങ്ങൾ പരസ്യമാക്കാൻ ശശി തരൂരിനെയും പ്രേരിപ്പിച്ചു. പാർട്ടിയുടെ സംഘടനാ രീതി മറന്ന് മാധ്യമ ചൂണ്ടയിൽ കൊത്തിയുള്ള തരൂരിന്റെ ഇടപെടൽ അദ്ദേഹത്തോട് താൽപര്യമുള്ളവർക്കിടിയിലും അഭിപ്രായ വ്യത്യാസങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യം ഭരണം തിരിച്ചുപിടിക്കാനുള്ള സംവിധാനമാണുണ്ടാവേണ്ടത്. മുഖ്യമന്ത്രി ആരാവണം എന്നത് കേവല ഭൂരിപക്ഷം ലഭിച്ച ശേഷം അതിന്റെ ചട്ടങ്ങൾ പാലിച്ചു തീരുമാനിക്കേണ്ടതാണെന്നും പറയുന്നു. തരൂർ അടക്കമുള്ളവരുടെ ബഹുജന പിന്തുണ ഉറപ്പാക്കി യു.ഡി.എഫിനെ അധികാരത്തിൽ തിരിച്ചെത്തിക്കാനുള്ള രാഷ്ട്രീയ നയതന്ത്രമാണ് ഇതിൽ പ്രധാനം. എം.പിമാരുടെ മോഹങ്ങളും സാധ്യതകളും മാധ്യമങ്ങളിൽ ചർച്ചയാക്കി വിഷയം പാർട്ടിക്ക് ബാധ്യതയാവുന്ന തരത്തിലേക്ക് ചർച്ചകൾ നീങ്ങാൻ അവസരം ഉണ്ടാക്കരുതെന്നും ഇത് രാഷ്ട്രീയ എതിരാളികൾക്കേ ഗുണം ചെയ്യൂവെന്നും ഇവർ ഓർമിപ്പിക്കുന്നു.