Sorry, you need to enable JavaScript to visit this website.

'പറയേണ്ടത് പാർട്ടി നേതൃത്വത്തോട്, പത്രക്കാരോടല്ല'; തരൂരിന്റെ നിയമസഭ മോഹത്തിൽ എം.എം ഹസൻ

തിരുവനന്തപുരം - നിയമസഭയിലേക്ക് മത്സരിക്കാനാണ് താൽപര്യമെന്നു പറഞ്ഞ കോൺഗ്രസ് നേതാവ് ശശി തരൂർ എം.പിക്ക് യു.ഡി.എഫ് കൺവീനർ എം.എം ഹസന്റെ ഉപദേശം. നിയമസഭയിലേക്ക് മത്സരിക്കാനാണ് താൽപര്യമെങ്കിൽ തരൂർ അത് പറയേണ്ടത് പാർട്ടി നേതൃത്വത്തോടാണെന്നും പത്രക്കാരോടല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്വന്തം നിലയിൽ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്താൻ കോൺഗ്രസിൽ ആർക്കും അധികാരമില്ലെന്നും അദ്ദേഹം അറിയിച്ചു. 
 നിയമസഭയിലേക്ക് മത്സരിക്കാനാണ് തനിക്ക് ആഗ്രഹമെന്ന് തരൂർ പറഞ്ഞിരുന്നു. കേരളത്തിൽ സജീവമാകണമെന്ന് എല്ലാവരും ആവശ്യപ്പെടുമ്പോൾ എങ്ങനെ പറ്റില്ലെന്ന് പറയുമെന്നും തരൂർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് എം.എം ഹസന്റെ പരാമർശം. 
 ബുധനാഴ്ച മുതൽ തരൂർ മലബാർ പര്യടനത്തിന്റെ രണ്ടാംഘട്ടം ആരംഭിക്കാനിരിക്കുകയാണ്. ആദ്യഘട്ട സന്ദർശനത്തിൽ എത്താത്ത ഇടങ്ങളിലാണ് രണ്ടാംഘട്ട സന്ദർശനം. ഇരുവിഭാഗം സുന്നി നേതാക്കളെയും തരൂർ സന്ദർശിക്കും. ബുധനാഴ്ച സമസ്ത നേതാവ് ജിഫ്രി മുത്തുക്കാേയ തങ്ങളുടെ അത്താഴ വിരുന്നിൽ പങ്കെടുക്കുന്ന തരൂർ വ്യാഴാഴ്ച സാമൂതിരി രാജ, കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ, ഡോ. എം.കെ മുനീർ എന്നിവരെയും സന്ദർശിക്കുമെന്നാണ് വിവരം. സാമൂതിരി രാജയും തരൂരിന് ഓപ്പമുണ്ടായേക്കും.
 മലങ്കര ഓര്ത്തഡോക്‌സ് സഭ കുന്നംകുളം ബിഷപ് ഡോ. ഗീവർഗീസ് മാർ യൂലിയോസിനൊപ്പം ഉച്ചഭക്ഷണം കഴിച്ച ശേഷമാണ് തരൂർ മലപ്പുറത്ത് എത്തുക. എം.ഇ.എസിന്റെ നേതൃത്വത്തിൽ പെരിന്തൽമണ്ണ മെഡിക്കൽ കോളജിൽ നടക്കുന്ന അയ്യായിരം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന മുഖാമുഖം പരിപാടിയിലും തരൂർ പങ്കെടുക്കും. വ്യാഴാഴ്ച മലപ്പുറം ജില്ല പഞ്ചായത്തിന്റെ ബിരുദദാന ചടങ്ങിലും തുടർന്ന് ചെമ്മാട് ദാറുൽ ഹുദയുടെ ചടങ്ങിലും അതിഥിയാകും.
വെളളിയാഴ്ചത്തെ പര്യടനം ശ്രീകണ്‌ഠേശ്വരം ക്ഷേത്ര ദർശനത്തോടെയാണ് തുടങ്ങുക. മുൻ കേന്ദ്രമന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന ഇ അഹമ്മദിന്റെ  കണ്ണൂരിലെ അനുസ്മരണ പരിപാടിയിലും പങ്കെടുക്കും. കോഴിക്കോട് എം.പി എം.കെ രാഘവൻ തന്നെയാണ് തരൂരിന്റെ രണ്ടാംഘട്ട മലബാർ പര്യടനത്തിനും ചുക്കാൻ പിടിക്കുന്നത്.

Latest News