ഇന്‍ഡോര്‍- മധ്യപ്രദേശില്‍ നിക്ഷേപകര്‍ക്ക് മികച്ച സാധ്യതകളാണ് ഇപ്പോഴുള്ളതെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. ഇന്‍ഡോറില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവാസിനോടനുബന്ധിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം. എ. യുസഫലിയുമായുള്ള കൂടിക്കാഴ്ചക്കിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.
സംസ്ഥാനത്തെ ഭക്ഷ്യ സംസ്‌കരണ, ലോജിസ്റ്റിക്‌സ്, റീട്ടയില്‍ മേഖലകളില്‍ നിക്ഷേപിക്കാനാണ് മുഖ്യമന്ത്രി യൂസഫലിയെ ക്ഷണിച്ചത്. സര്‍ക്കാരിന്റെ എല്ലാ സഹകരണവും ഇക്കാര്യത്തില്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ നിക്ഷേപവുമായി ബന്ധപ്പെട്ട കൂടുതല്‍ ചര്‍ച്ചകള്‍ സര്‍ക്കാരുമായി അടുത്തു തന്നെ നടത്തുമെന്നും യൂസഫലി അറിയിച്ചു.
യോഗത്തില്‍ സംസ്ഥാന വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടര്‍ എ. വി. ആനന്ദ് റാം, സി ഒ. ഒ. രജിത്ത് രാധാകൃഷ്ണന്‍ എന്നിവരും സംബന്ധിച്ചു.
പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന് ശേഷം ഇന്‍ഡോറില്‍ സംസ്ഥാന സര്‍ക്കാര്‍ 'ഇന്‍വെസ്റ്റ് ഇന്‍ മധ്യപ്രദേശ്' എന്ന പേരില്‍ നിക്ഷേപ സംഗമം സംഘടിപ്പിച്ചിട്ടുണ്ട്.