കന്നട ഭാഷയില്‍ നിരവധി കഥകളും നോവലുകളും രചിച്ച മലയാളത്തിന്റെ വളര്‍ത്തുമകള്‍ സാറാ അബൂബക്കര്‍ എണ്‍പത്താറാം വയസ്സില്‍ മംഗലാപുരത്ത് അന്തരിച്ചതോടെ മലയാളത്തേയും കന്നടയേയും ബന്ധിപ്പിച്ച സര്‍ഗസ്‌നേഹത്തിന്റെ ദൃഢപാശമാണ് അറ്റുപോയത്. പുതിയപുരി അഹമ്മദ് - സൈനാബി ദമ്പതികളുടെ മകളായി കാസര്‍കോട്ട് ജനിച്ച സാറാ അബൂബക്കര്‍ സ്‌കൂള്‍ കാലം തൊട്ടേ സാഹിത്യത്തില്‍ അതീവതാല്‍പര്യം പ്രകടിപ്പിച്ചു. വായന ഹരമായി മാറി. വീട്ടില്‍ സംസാരിക്കുന്ന ബ്യാരിയും വീട്ടിനു പുറത്ത് സംസാരിക്കുന്ന കന്നടയും ഒപ്പം മലയാളവും അനായാസം കൈകാര്യം ചെയ്യുന്നതിനാല്‍ നിരവധി പുസ്തകങ്ങള്‍ വായിച്ചു. എഴുത്തിനോടുള്ള താല്‍പര്യം വളര്‍ത്തിയത് അധ്യാപകരായിരുന്നു.
സമുദായത്തിനകത്തെ അനാചാരങ്ങള്‍ക്കും സാമൂഹിക വിപത്തുകള്‍ക്കും സ്ത്രീപീഡനങ്ങള്‍ക്കുമെതിരായ എഴുത്തായിരുന്നു ഭൂരിപക്ഷവും. ലങ്കേഷ് പത്രികയിലായിരുന്നു ആദ്യരചന പ്രസിദ്ധീകരിക്കപ്പെട്ടത്. ബ്യാരി സമൂഹത്തിനകത്തെ ചില സാമ്പ്രദായിക രീതികളേയും അസമത്വത്തേയും അവര്‍ വിമര്‍ശിച്ചു. 1981 ല്‍ പ്രസിദ്ധീകരിച്ച 'ചന്ദ്രഗിരിയ തീരദല്ലി' എന്ന ആദ്യനോവലിലൂടെത്തന്നെ സാറാ അബുബക്കര്‍ പ്രശസ്തയായി. ഇത് പിന്നീട് വനമാല വിശ്വനാഥ, ബ്രേയ്ക്കിംഗ് ടൈസ് എന്ന ശീര്‍ഷകത്തില്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതോടെയാണ് സാറാ അബൂബക്കര്‍ ദേശീയ പ്രശസ്തിയിലേക്കുയര്‍ന്നത്. മറാത്തിയിലേക്കും വൈകാതെ ഇത് മൊഴിമാറ്റി. അത്യുത്തരകേരളത്തിന് അതിരിട്ടൊഴുകുന്ന ഏറ്റവും വലിയ നദിയായ ചന്ദ്രഗിരി, സാറയുടെ മിക്ക കഥകളിലും കടന്നുവരുന്നുണ്ട്. നിരവധി ചെറുകഥകള്‍ കന്നട പ്രസിദ്ധീകരണങ്ങളില്‍ അച്ചടിച്ചു വന്നു. എല്ലാറ്റിലും ചന്ദ്രഗിരിയിലെ പ്രഭാതങ്ങളും സന്ധ്യകളും നിറഞ്ഞു നിന്നു. ആദ്യം ലങ്കേഷ് പത്രിക വാരികയില്‍ സീര്യലൈസ് ചെയ്ത വന്ന നോവലാണ് ചന്ദ്രഗിരിയ തീരദല്ലി. പിന്നീടാണ് പുസ്തകമാക്കിയത്. വീടിനകത്തെ മോചനത്തിനും സ്വാതന്ത്ര്യത്തിനുമായി ശബ്ദമുയര്‍ത്തിയ നാദിറ എന്ന പെണ്‍കുട്ടിയെ കേന്ദ്രീകരിച്ചാണ് നോവല്‍ മുന്നേറുന്നത്. എഴുത്തുകാരിയുടെ സമ്മതമില്ലാതെ ഇത് പിന്നീട് സിനിമയാക്കിയത് ( അവാര്‍ഡ് സിനിമയായ ബ്യാരി) കര്‍ണാടകയില്‍ വിവാദമായിരുന്നു. സാറാ അബൂബക്കറിന് തന്റെ പകര്‍പ്പവകാശം തിരികെക്കിട്ടാനായി കോടതിയെ സമീപിക്കേണ്ടി വന്നു. ദേവേന്ദ്ര റെഡ്ഢി സംവിധാനം ചെയ്ത വ്രജഗാലു എന്ന സിനിമയുടെ കഥയും സാറാ അബൂബക്കറുടെതായിരുന്നു. നഫീസ എന്ന നായികയുടെ ബാല്യവിവാഹവും ജീവിത സംഘര്‍ഷങ്ങളും വിവാഹമോചനവും പ്രമേയമാക്കി രചിച്ച നോവലാണ് നഫീസ. ചന്ദ്രഗിരി പ്രാകശന്‍ എന്ന പേരില്‍ ഒരു പ്രസാധനാലയവും ഇവര്‍ക്ക് സ്വന്തമായുണ്ട്.
നിങ്ങളെന്തിനാണ് എന്റെ മകനെ മഴയത്ത് നിര്‍ത്തിയത് എന്ന് വികാരഭരിതമായി ചോദിക്കുന്ന ടി.വി ഈച്ചരവാര്യരുടെ ഒരച്ഛന്റെ ഓര്‍മക്കുറിപ്പുകള്‍, സാറാ അബൂബക്കര്‍ കന്നടയിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. കമലാ സുരയ്യ (മനോമി), ബി.എം. സുഹ്‌റ (ബാലെ) എന്നിവരുടെ കഥകളും ആര്‍.ബി ശ്രീകുമാറിന്റെ ഗുജറാത്ത്- ബിഹൈന്‍ഡ് ദ കര്‍ട്ടണും അവര്‍ കന്നട ഭാഷയിലേക്ക് മൊഴിമാറ്റി. കര്‍ണാടക സാഹിത്യ അക്കാദമി അവാര്‍ഡുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. മാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയും ഹംപി യൂണിവേഴ്‌സിറ്റിയും സാറാ അബൂബക്കറെ ആദരിച്ചിട്ടുണ്ട്. നാലു ആണ്‍മക്കളാണ് ഇവര്‍ക്കുള്ളത്. ഇന്ത്യന്‍ വിദേശകാര്യ സര്‍വീസിലെ ആദ്യമുസ്‌ലിം വനിതയായ നഗ്മാ മാലിക് (ഇപ്പോള്‍ പോളണ്ടിലെ ഇന്ത്യന്‍ അംബാസഡര്‍) സാറാ അബൂബക്കറുടെ സഹോദരപുത്രിയാണ്.
അമ്പത്തഞ്ചാം വയസ്സില്‍ ഹിന്ദുത്വ ശക്തികള്‍ കൊലപ്പെടുത്തിയ ഗൗരി ലങ്കേഷിനെക്കുറിച്ച് കണ്ണീരില്‍ ചാലിച്ച കുറിപ്പുകളാണ് സാറാ അബുബക്കര്‍ എഴുതിയിരുന്നത്. എന്റെ ഇളയ മകന്റെ അതേ പ്രായമായിരുന്നു ഗൗരിക്കും. അക്രമികള്‍ക്കെതിരെ ശബ്ദിച്ചതിന് അവര്‍ക്ക് കിട്ടിയ പ്രതിഫലമാണിത്. മരണം വരെ സാമൂഹിക അസമത്വത്തിനും അനാചാരങ്ങള്‍ക്കും അനീതിക്കുമെതിരെ പൊരുതാന്‍ പേനയെടുത്ത സാറാ അബൂബക്കര്‍ വിടവാങ്ങുമ്പോള്‍ അനന്തമൂര്‍ത്തിക്കും ലങ്കേഷിനും ശിവരാമകാരന്തിനുമെല്ലാം പിന്‍ഗാമിയായി ജ്വലിച്ചുനിന്ന കന്നട സാഹിത്യത്തിന്റെ പ്രദീപ്തമായ ഒരധ്യായമാണ് അവസാനിച്ചത്.