ദുബായ്- ഗള്‍ഫിലും നാട്ടിലും ലുക്മാനിയ പായസം വില്‍പനയിലൂടെ ശ്രദ്ധേയനായ പ്രവാസി അതേ വാക്ചാതുരിയോടെ ഇപ്പോള്‍ അച്ചാര്‍ വില്‍പനയില്‍.
സൗദിയിലും പിന്നീട് യു.എ.ഇയിലും കേരളത്തിലും ഏറെ പേരു കേട്ടതായിരുന്നു ലക്മാനിയ പായസം. തോന്നുമ്പോ കിട്ടൂല, കാണുമ്പോ വേടിക്കണം എന്ന വാചകത്തില്‍ തുടങ്ങി തമാശ കലര്‍ന്ന ഡയലോഗുകളിലൂടെയാണ് തൃശൂര്‍ സ്വദേശിയായ ഷാഹുല്‍ ഹമീദ് ജനമനസ്സുകളില്‍ ഇടം പിടിച്ചിരുന്നത്. ഷാഹുല്‍ ഹമീദിന്റെ പായസം വില്‍പനയെ നടന്‍ ജയസൂര്യവരെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിരുന്നു.
രണ്ട് പതിറ്റാണ്ട് സൗദിയില്‍ കഴിഞ്ഞ ശേഷമാണ് ഷാഹുല്‍ ഹമീദ് യു.എ.ഇയിലെത്തിയത്. സൗദിക്കുശേഷം നാട്ടിലും പയറ്റിയ ശേഷമാണ് വീണ്ടും വിമാനം കയറിയത്.
ലുക്മാനിയ പായസം വില്‍പനക്ക് ഉപയോഗിച്ചിരുന്ന വാക്കുകള്‍ തന്നെയാണ് ചില മാറ്റങ്ങള്‍ വരുത്തി അച്ചാര്‍ വില്‍പനക്കും ഉപയോഗിക്കുന്നത്.
സര്‍ക്കാര്‍ അംഗീകാരമുണ്ടെന്ന് പറഞ്ഞയുടനെ ചെക്കിംഗ് ഉണ്ടെങ്കില്‍ പറയണം ഓടാനാണെന്നും ഷാഹുല്‍ ഹമീദ് പറയുന്നു. യു.എ.ഇയിലും പായസം വിറ്റിരുന്നെങ്കിലും ഇപ്പോള്‍ അച്ചാറിലേക്ക് മാറിയത് ഷുഗറില്‍നിന്ന് പ്രവാസികളെ രക്ഷിക്കാനാണോ എന്നറിയില്ല. മധുരം പുരട്ടിയ വാക്കുകളില്‍ മാത്രമല്ല, രുചിയിലും ഷാഹുല്‍ ഹമീദിന്റെ പായസം കേമമായിരുന്നു.
ചരിത്രം വളരെ വിശാലമായ ചരിത്രമാണ്, ഞാനങ്ങോട്ടൊന്നും കടക്കുന്നില്ല, എന്തുകൊണ്ടറിയാത്തതുകൊണ്ട്. ചുരുക്കിപ്പറയാം ഞങ്ങടെ അച്ചാര്‍ വേള്‍ഡില്‍ അറിയപ്പെടുന്ന ഇന്റര്‍നാഷണല്‍ അച്ചാര്‍..അമ്മായിമ്മയുടെ കണ്ണുതെറ്റുമ്പോള്‍ മരുമക്കള്‍ വാരിവാരി തിന്നുന്ന അച്ചാര്‍.. ഇങ്ങനെ പോകുന്ന അച്ചാര്‍ പരസ്യത്തിന്റെ ബാക്കി ഭാഗം കേള്‍ക്കാം.