റിയാദ് - കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ അഞ്ചര ലക്ഷത്തിലേറെ സൗദികള്‍ക്ക് തൊഴില്‍ ലഭിച്ചതായി മാനവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി പറഞ്ഞു. കിംഗ് അബ്ദുല്ല നാഷണല്‍ ഡയലോഗ് സെന്ററുമായി സഹകരിച്ച് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം റിയാദില്‍ സംഘടിപ്പിച്ച പന്ത്രണ്ടാമത് സാമൂഹിക സംവാദ ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും സര്‍ക്കാര്‍, സ്വകാര്യ മേഖലാ പ്രതിനിധികളും തൊഴിലാളി പ്രതിനിധികളും ഫോറത്തില്‍ പങ്കെടുത്തു. സ്വകാര്യ മേഖലയില്‍ സൗദി ജീവനക്കാര്‍ 22 ലക്ഷമായി ഉയര്‍ന്നതായി മാനവശേഷി, സാമൂഹിക വികസന മന്ത്രി പറഞ്ഞു. ചരിത്രത്തില്‍ ആദ്യമായാണ് സ്വകാര്യ മേഖലയില്‍ സൗദി ജീവനക്കാരുടെ എണ്ണം ഇത്രയും ഉയരുന്നത്. തൊഴില്‍ വിപണിയില്‍ വനിതാ പങ്കാളിത്തം 37 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.
സ്വകാര്യ മേഖലയില്‍ 98 ശതമാനം സ്ഥാപനങ്ങളും തൊഴില്‍ നിയമങ്ങളും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ തീരുമാനങ്ങളും പൂര്‍ണമായും പാലിക്കുന്നു. 80 ശതമാനം സ്ഥാപനങ്ങള്‍ വേതന സുരക്ഷാ പദ്ധതി കൃത്യമായി നടപ്പാക്കുന്നു. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന 38 ലക്ഷം പേരുടെ തൊഴില്‍ കരാറുകള്‍ ഡോക്യുമെന്റ് ചെയ്തിട്ടുണ്ട്. തൊഴിലാളികളുമായും തൊഴിലുടമകളുമായും ചര്‍ച്ചകള്‍ നടത്തി അനുരഞ്ജനത്തിലൂടെ പരിഹാരം കാണുന്ന തൊഴില്‍ കേസുകളുടെ അനുപാതം 74 ശതമാനമായി ഉയര്‍ന്നിട്ടുണ്ടെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍, സ്വകാര്യ മേഖലകളും തൊഴിലാളികളും തമ്മില്‍ സാമൂഹിക സംവാദം ശക്തമാക്കാനാണ് ഫോറത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി പറഞ്ഞു. അവസരങ്ങള്‍ പ്രയോജനപ്പെടുത്താനും വെല്ലുവിളികള്‍ക്ക് പരിഹാരം കാണാനും ആകര്‍ഷകമായ തൊഴില്‍ വിപണി ലക്ഷ്യമിട്ട് മികച്ച തൊഴില്‍ അന്തരീക്ഷം പ്രദാനം ചെയ്യാനും പ്രയോജനപ്പെടുന്ന ഫോറം ഏറെ പ്രധാനമാണ്. ആകര്‍ഷകമായ തൊഴില്‍ വിപണി ദേശീയ സമ്പദ്‌വ്യവസ്ഥക്ക് പിന്തുണ നല്‍കും. ഇത് വിഷന്‍ 2030 പദ്ധതിയുമായും തൊഴില്‍ വിപണി തന്ത്രവുമായും ഒത്തുപോകുന്നതായും മന്ത്രി പറഞ്ഞു. തൊഴില്‍ വിപണിയിലെ വെല്ലുവിളികളും അവസരങ്ങളും ഫോറം വിശകലനം ചെയ്തു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)