Sorry, you need to enable JavaScript to visit this website.

ജിദ്ദയില്‍ ഹജ് എക്‌സ്‌പോ ആരംഭിച്ചു; പ്രവാസികള്‍ക്കും സന്ദര്‍ശിക്കാം, വിശദ വിവരങ്ങളും രജിസ്‌ട്രേഷന്‍ ലിങ്കും

ജിദ്ദ- ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ജനസംഗമ പ്രദര്‍ശനത്തിന് തുടക്കമായി. ഈ വര്‍ഷത്തെ ഹജിന് മുന്നോടിയായുള്ള ഹജ് എക്‌സ്‌പോക്ക് ജിദ്ദ സൂപ്പര്‍ ഡോമില്‍ തുടക്കമാകുമ്പോള്‍ ലക്ഷ്യമിടുന്നത് സൗദിയുടെ വിവിധ മേഖലകളിലെ വളര്‍ച്ചയാണ്.
ഹജിന്റെ ചരിത്രവും വര്‍ത്തമാനവും വിശദീകരിക്കുന്ന എക്‌സ്‌പോ, ലോകത്തിലെ ഏറ്റവും വലിയ ഡോം എന്ന റെക്കോര്‍ഡുള്ള ജിദ്ദയിലെ സൂപ്പര്‍ ഡോമിലാണ് ആരംഭിച്ചിരിക്കുന്നത്. ഹജ്, ഉംറ സേവനങ്ങളില്‍ വര്‍ഷങ്ങളുടെ പാരമ്പര്യമുള്ളവരും പുതുമുഖ സ്ഥാപനങ്ങളുമടക്കം നിരവധി കമ്പനികളുടെ പവിലിയനുകളും ഒരുക്കിയിട്ടുണ്ട്. പ്രവാചകന്റെ മക്കയിലെ ജീവിതവും മദീനയിലേക്കുള്ള പലായനവും ഹജിന്റെ രീതികളും മക്കയുടെയും മദീനയുടെ ആദ്യകാലവുമെല്ലാം വിവരിക്കുന്ന എക്‌സ്‌പോ സൗദിയുടെ മാറുന്ന മുഖത്തിന്റെ നേര്‍ക്കാഴ്ചയും സമ്മാനിക്കുന്നു. നാലു ദിവസം നീണ്ടു നില്‍ക്കുന്ന എക്‌സ്‌പോയില്‍ 50 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും.
2030 എന്ന സൗദിയുടെ സൂപ്പര്‍ പ്രൊജക്ടിലേക്കുള്ള ചൂണ്ടുപലക കൂടിയാണ് എക്‌സിബിഷന്‍. മക്കയും മദീനയും വരുംവര്‍ഷങ്ങളില്‍ എങ്ങിനെ മാറിമറിയുമെന്നതിന്റെ കൃത്യമായ സൂചനകളും ഈ എക്‌സ്‌പോ സമ്മാനിക്കുന്നു. മക്കയിലും മദീനയും അടുത്ത നാളുകളില്‍ നടക്കാനിരിക്കുന്ന വികസന പദ്ധതികളുടെ റോഡ് മാപ്പുമായാണ് അതാത് കമ്പനികള്‍ പ്രദര്‍ശനത്തിന് എത്തുന്നവരെ കാത്തിരിക്കുന്നത്. സൗദിയുടെ യാത്രാ സൗകര്യങ്ങളില്‍ റെയില്‍വേ, റോഡ് വിഭാഗങ്ങള്‍ ഏര്‍പ്പെടുത്തുന്ന ഭാവി പ്രൊജക്ടുകളും കാണികളെ ആകര്‍ഷിക്കും.


ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്താല്‍ ഇ-ബാഡ്ജ് ഇ മെയിലില്‍ ലഭിക്കും. പ്രദര്‍ശന ഹാളില്‍ പ്രവേശിക്കുമ്പോള്‍ ക്യുആര്‍ കോഡ് അടക്കമുള്ള ഇ മെയില്‍ കാണിച്ചാല്‍ മതി.

സൗദി റെയില്‍വേ നടപ്പാക്കിയതും ഭാവിയില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതുമായ പദ്ധതികളാണ് പ്രധാനപ്പെട്ടവയില്‍ ഒന്ന്. റോഡ് മുതല്‍ കാര്‍ട്ട് സൗകര്യങ്ങള്‍ വരെ വിശദമായി സ്റ്റാളുകളിലുണ്ട്. വിശുദ്ധ ഹജും ഉംറയും നിര്‍വഹിക്കാനെത്തുന്നവരെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിവിധ ബസ് കമ്പനികളും സൗദിയിലെ തങ്ങളുടെ പ്രവര്‍ത്തന മേഖല വിശദീകരിക്കുന്നു.
വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായുള്ള മക്ക റൂട്ട് പദ്ധതിയുടെ സ്റ്റാളുമുണ്ട്. ഹജിനും ഉംറക്കുമായി സൗദിയിലേക്ക് വരുന്നവരുടെ നടപടി ക്രമങ്ങള്‍ അതാത് രാജ്യങ്ങളില്‍നിന്നു തന്നെ പൂര്‍ത്തിയാക്കുന്ന പദ്ധതിയാണ് മക്ക റൂട്ട്. പാക്കിസ്ഥാന്‍, മലേഷ്യ, ഇന്തോനേഷ്യ, മൊറോക്കൊ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നടപ്പാക്കിയ പദ്ധതികള്‍ ഉടന്‍ മറ്റു രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് അധികൃതര്‍ മലയാളം ന്യൂസിനോട് ജിദ്ദ എക്‌സ്‌പോയില്‍നിന്ന് അറിയിച്ചു.
ലോകത്തിലെ ഏറ്റവും മികച്ച ഡിജിറ്റല്‍ ബ്രാന്റായി മാറാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇലക്ട്രോണിക് നടപടികള്‍ അതാത് രാജ്യങ്ങളില്‍നിന്ന് തന്നെ പൂര്‍ത്തിയാക്കുന്നത്.
നവീകരണത്തിനുള്ള ആസൂത്രണം, ഹജ്, ഉംറ സേവനങ്ങളുടെ ഭാവി കാഴ്ചപ്പാട് എന്ന തലക്കെട്ടില്‍ നടക്കുന്ന പ്രത്യേക സെഷന്‍ നാളെയാണ്.  ഈ സെഷനില്‍ ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ.അബ്ദുല്‍ ഫത്താഹ് മുശാത്തും പൊതുസുരക്ഷാ വകുപ്പ് മേധാവി ജനറല്‍ മുഹമ്മദ് അല്‍ ബസ്സാമിയും ഡിജിറ്റല്‍ ഗവണ്‍മെന്റ് അതോറിറ്റി, നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍, കിംഗ് അബ്ദുല്ല സിറ്റി ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി ഉദ്യോഗസ്ഥരും പങ്കെടുക്കും.
ഊര്‍ജ്ജസ്വലമായ സമൂഹം, അഭിവൃദ്ധി പ്രാപിക്കുന്ന സമ്പദ്‌വ്യവസ്ഥ, അഭിലാഷമുള്ള രാജ്യം എന്നീ തീമുകളാണ് എക്‌സിബിഷന്റെ കാതല്‍. ഉംറ സന്ദര്‍ശകരുടെ എണ്ണം നിലവിലുള്ള എണ്‍പത് ലക്ഷത്തില്‍നിന്ന് മൂന്നു കോടിയായി ഉയര്‍ത്താനാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്. അതിലേക്കുള്ള പ്രയാണം ലോകത്തെ അറിയിക്കുന്നതിനാണ് എക്‌സിബിഷന്‍. ടൂറിസം, ഹോട്ടല്‍ മേഖലയുടെ വളര്‍ച്ചയിലേക്കും എക്‌സിബിഷന്‍ വെളിച്ചം വീശുന്നു. 2030ഓടെ പ്രതിവര്‍ഷം പത്തുകോടി വിനോദസഞ്ചാരികളെയാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News