'മല പോലെ വന്നതു മലർ' പോലെ പോയി. ഇ.പി. ജയരാജൻ സഖാവ് കണ്ട പരിചയക്കാരോടൊക്കെ 'ഗുഡ് മോണിംഗ്' പറഞ്ഞു ട്രെയിനിൽ കയറിയതു വീക്ഷിച്ചവർ സംശയിച്ച പോലെ കാര്യം നടന്നു. എന്നാൽ 'മല പോലെ തിരിച്ചുവന്നു' എന്നും സംഭവിക്കാം. അല്ല, സംഭവിച്ചു. സജി ചെറിയാന്റെ ആ വരവ് കണ്ടാൽ പിന്നെ മറ്റെന്തു പറയാൻ? ഒരു കോടതി കേസെടുക്കാൻ ആവശ്യപ്പെട്ടു. പോലീസ് കേസെടുക്കാത്ത താമസം, ചെറിയാൻ മന്ത്രിസ്ഥാനം രാജിവെച്ചു. എന്നാൽ എം.എൽ.എ സ്ഥാനം പോകാതെ ഹൈക്കോടതി കാത്തു (ഹൈക്കോടതിക്ക് സ്തുതി). അദ്ദേഹത്തെ അയോഗ്യനാക്കുകയാണെങ്കിൽ ഒരു ഡസൻ പേരെങ്കിലുമുണ്ട് പുറത്തു പോകാൻ യോഗ്യതയുള്ളവർ. ഒക്കെയും നാവിന്റെ പിഴ തന്നെ. ദാ, ഇപ്പോ തിരിച്ചുവരവാണ്. കാര്യമുണ്ട്, പല ലോക്കൽ അച്ചന്മാരും 'കർദിനലു'മാരും പിണങ്ങി നടപ്പാണ്. 2024 വരെ പിണക്കം നീണ്ടാൽ ജയിക്കുന്ന സീറ്റ് നഹീ. തുടർ ഭരണമെന്നു പറഞ്ഞ് മസിലും പിടിച്ചിട്ടു കാര്യമില്ല. വീണാ ജോർജിനു മന്ത്രിയെന്ന നിലയിൽ പ്രായപൂർത്തി ആയിട്ടില്ല. ആന്റണി രാജുവാകട്ടെ അരമനകളിൽ കടന്നു ചെല്ലാനുള്ള ആക്‌സിലേറ്ററും ഗീയറുമൊന്നും ശരിക്കു പ്രവർത്തിക്കാത്ത ഒരു സാധു നിത്യകടക്കാരൻ. തമ്മിൽ ഭേദം ചെങ്ങന്നൂര് തന്നെ. സജി ചെറിയാന്റെ തിരിച്ചുവരവിന്റെ കേളികൊട്ട് ശ്രദ്ധിച്ചാലറിയാം. വല്യേട്ടൻ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാഷാണു പറഞ്ഞത്- പാർട്ടി മതങ്ങൾക്കെതിരല്ല, മതങ്ങളെ ദ്രോഹിക്കുന്ന കാര്യം സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ല. ചിന്തിക്കുന്നില്ല; ഭാവിയിൽ ചിന്തിക്കുകയുമില്ല. ഇനിയുള്ള രണ്ടാം മന്ത്രിജന്മത്തിൽ സജി ചെറിയാന് വേണ്ടി ഒരു വകുപ്പു കൂടി തയാറാക്കുന്നുണ്ടെന്നാണ് കേൾവി- 'ഏകോപനം' അതിന്റെ മുന്നോടിയാണ് സെക്രട്ടറിയുടെ പ്രഖ്യാപനം.
മതങ്ങളും മാർക്‌സിസവും തമ്മിൽ അത്ര പോരാ! പലപ്പോഴായി ഇടതുമുന്നണിയിലേക്കു വന്ന പലരും ഊണു കഴിച്ചു കൈകഴുകി പിരിഞ്ഞുപോയ ചരിത്രമേയുള്ളൂ. ഇനി വരുന്നവർ പിരിയാതെ നോക്കണം. 'ഒത്തുപിടിച്ചാൽ മലയും പോരു'മെന്നതാണ് പഴമൊഴി. നാവു പിഴയൊന്നു പിടിച്ചുകെട്ടിയോ, വായ്ക്കുള്ളിൽ തുണി തിരുകിയോ, പുറത്തു പ്ലാസ്റ്റർ ഒട്ടിച്ചോ സഖാവിനെ മുന്നോട്ടുന്തിയാൽ എത്ര അരമനകൾ കീഴടക്കാമെന്ന നോട്ടത്തിലാണ് വല്യേട്ടൻ. ഏകോപനം തുടങ്ങുന്നതോടെ കൊച്ചേട്ടൻ പാർട്ടി പിണങ്ങാൻ തുടങ്ങും. കാര്യമാക്കണ്ട; പതിവാണ്. 'ഇട്ടിയമ്മ ചാടിയാൽ കൊട്ടിയമ്പലം' വരെ. അതിനപ്പുറം എങ്ങു പോകാൻ?
**** **** ****
പുതുവർഷം തിരിച്ചുവരവിന്റെ കാലമാണ്. കാര്യമൊക്ക ശരി. പക്ഷേ, കോൺഗ്രസിലേക്കു തിരിച്ചു ചെന്നിട്ട് എന്തു നേടാനാണ്? ഏറിയാൽ, ഒരു പായയും തലയിണയും. രാഹുൽ ഗാന്ധിയെ ചീത്ത പറഞ്ഞ ഗുലാംനബി ആസാദായാലും കേരളം മുതൽ ഹിമാചൽ വരെ ജോഡോ യാത്രക്കാലത്ത് കൊഴിഞ്ഞുപോയ നേതാക്കളായാലും അതു തന്നെ ഗതി. പോയതല്ലാതെ ഇങ്ങോട്ടു വന്ന കഥയൊന്നും കേൾക്കാനുമില്ല. ഇപ്പോൾ പ്രതിപക്ഷത്തെ മൊത്തത്തിലാണ് രാഹുലന്റെ നോട്ടം. ഒന്നിപ്പിക്കാൻ കോൺഗ്രസിനേ കഴിയൂ എന്ന് ജോഡോ നേതാവ്. ആയിക്കോട്ടെ, ഭിന്നിപ്പിക്കാൻ ഞങ്ങളുണ്ട് എന്നു സംസ്ഥാനത്തെ സ്വന്തം നേതാക്കൾ. എന്താ , സംശയമുണ്ടെങ്കിൽ കേരളത്തിലെക്കൊന്നു നോക്കൂ- മലരണിക്കാടുകൾ തിങ്ങി വിങ്ങി, മരതക കാന്തിയിൽ മുങ്ങി മുങ്ങി' കഴിഞ്ഞിരുന്ന കാലത്തെ കോൺഗ്രസല്ല. കണ്ണൂരിൽ ഒന്നു വെളുക്കാൻ വേണ്ടി സ്വകാര്യ ചികിത്സയ്ക്ക് പോയ പ്രസിഡന്റിനെ 'ജെയിംസ് ബോണ്ട്' മാതൃകയിലാണ് പല നേതാക്കളും നിരീക്ഷിക്കുന്നത്. അദ്ദേഹത്തിന്റെ താപനില, രക്തസമ്മർദം, പഞ്ചസാര, ഉപ്പ്, ശബ്ദ നിയന്ത്രണം, കാലിലെ നീര് (ഉണ്ടെങ്കിൽ മാത്രം) എല്ലാം ഗൂഢമായി പഠിക്കുന്നു. എന്നിട്ട് 'ഇല്ലാത്ത' ഹൈക്കമാന്റിനു റിപ്പോർട്ട് ചെയ്യുന്നു. ഇതിനിടയിൽ സ്വന്തം കസേരയിൽ നിന്നു കാൽ തെന്നി വീണ തരൂർജിയെയും രഹസ്യമായി നിരീക്ഷിച്ചു പോരുന്നു. ഖദർധാരികളാരോ 'ഒടിയൻ വിദ്യ' പ്രയോഗിച്ചു വീഴ്ത്തിയതാണെന്നും പ്രചാരണം നടന്നുവെങ്കിലും പിൻവലിക്കപ്പെട്ടു. അന്ധവിശ്വാസങ്ങൾക്കെതിരെ കേരള സർക്കാർ ബില്ലു കൊണ്ടുവരാൻ പോകുന്ന കാലമാണ്. പിടിവീണാൽ മാനേക്കേട്. ഒരു ശതമാനം 'മാന'മോ മറ്റോ അവശേഷിക്കുന്നുണ്ട്. ഏതായാലും ആരോഗ്യ ചികിത്സ കഴിഞ്ഞ് സുധാകര ഗുരുക്കൾ മടങ്ങിവരുമ്പോൾ പ്രസിഡന്റ് സ്ഥാനം മുൾക്കിരീടമാണെങ്കിലും തൽക്കാലം തലയിൽ ഇരുന്നോട്ടെ എന്നു തന്നെയാകും നിലപാട്. 2024 ലെ തെരഞ്ഞെടുപ്പു വരെ മാറ്റമില്ല. അതും കൂടി തോറ്റു കഴിഞ്ഞ് ഇപ്പോഴുള്ള ദേശീയ പ്രസിഡന്റിനൊപ്പം മാറാമെന്നാണ് രഹസ്യ തീരുമാനമെന്നു കേൾക്കുന്നു. ഇന്ത്യയിയെല പ്രതിപക്ഷത്തെ ഒന്നിപ്പിച്ചു മുന്നോട്ടു കൊണ്ടുപോകാൻ കോൺഗ്രസിനേ കഴിയൂ എന്ന 'ജോഡോമാ'ന്റെ പ്രസ്താവനക്കു ബദൽ തയാറാക്കുന്ന കേന്ദ്ര ഭരണ പാർട്ടിയെ സുധാകര ഗുരു കാര്യമാക്കുന്നില്ല. പ്രസ്താവന ചെയ്തു വീണ്ടും പുലിവാലു പിടിക്കണ്ട. ഇപ്പോൾ തന്നെ ഘടക കക്ഷിയായ ലീഗിന്റെ അമ്പതു ശതമാനം പിണങ്ങി നിൽപാണ്. 'നിങ്ങൾ ഒന്നിപ്പിച്ചോ, ഞങ്ങൾ ഭിന്നിപ്പിച്ചോളാം' എന്നാണ് ബി.ജെ.പിയുടെ അഖിലേന്ത്യ നിലപാട് എങ്കിൽ സംസ്ഥാനത്ത് ആ പണി മുഖ്യമന്ത്രി തന്നെ നേരിട്ടു ഏറ്റെടുത്തിരിക്കുന്നതാണ് കഷ്ടം. ദുഃഖിച്ചിട്ടു കാര്യമില്ല; ഗുരുക്കൾ കെ.പി.സി.സി പ്രസിഡന്റായിരുന്ന കാലത്തോളം പിണറായി വക 'ആപ്പു'കളുണ്ടാകും. കോൺഗ്രസിനെ സെമികാഡർ പാർട്ടിയാക്കാൻ ഇറങ്ങിയതാണ്. സെമി പോട്ടെ, ക്വാർട്ടർ പോലും എത്തിയില്ല. 'എന്റെ കുതിപ്പും കിതപ്പും' എന്ന് വടക്കനച്ചൻ പണ്ടു ജീവിത സമരകഥ എഴുതിയിട്ടുണ്ട്. ഇല്ലായിരുന്നെങ്കിൽ ആ പേരിട്ട് ഗുരുക്കൾക്ക് സ്വന്തം വേദനകൾ പകർത്തി വെയ്ക്കാമായിരുന്നു. ഇനിയിപ്പോൾ ധാന്വന്തരം കുഴമ്പ് തേച്ചു വിശ്രമിക്കുമ്പോൾ മറ്റൊരു തലവാചകം കണ്ടുപിടിക്കേണ്ടി വരും. സാരമില്ല; വൈകിയിട്ടില്ല. ചികിത്സ നീട്ടുന്നതാണുത്തമം.
**** **** ****
ഇനിയൊരു തെരഞ്ഞെടുപ്പു വന്നാലും നൂറു ശതമാനം വിജയ സാധ്യതയുണ്ടായിരുന്ന ഏക സംസ്ഥാന കോൺഗ്രസ് എം.പിയാണ് ശശി തരൂർ. പെരുന്നയിൽ ചെന്നു മന്നം ജയന്തിക്ക് ഒരു ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തേതോടെ അതും പൊലിഞ്ഞു. മന്നത്തിന്റെ കുഴപ്പമല്ല. നിലവിലുള്ള പെരുന്ന ദളവ സുകുമാരൻ നായർജിയെ തൊട്ടവരൊക്കെ നശിച്ചിട്ടുണ്ട്. പരദൂഷണമല്ല; എ.കെ. ആന്റണി എന്ന തങ്കച്ചൻ മുതൽ ആരെയും ചൂണ്ടിക്കാട്ടാം. വട്ടിയൂർക്കാവ് മണ്ഡലം നഷ്ടമായതു തന്നെ പെരുന്നയുടെ സമദൂരത്തില 'ശരിദൂര' വെളിച്ചത്തു വന്നപ്പോഴാണ്. തരൂർജി ചങ്ങനാശ്ശേരിയിലെ ചടങ്ങ് കഴിഞ്ഞ് തൽക്ഷണം മടങ്ങിയെങ്കിൽ ഭാഗ്യവാൻ.
**** **** ****
നല്ല ഉയർന്ന മൂക്കുള്ള ഗുലാം നബി ആസാദ് ജോഡോ യാത്രക്ക് 'കീജേ' വിളിക്കണം, മൂക്കുകൊണ്ട് രാഹുലന്റെ മുന്നിൽ, കുട്ടികളെ എഴുത്തിനിരുത്തുന്നതുപോലെ 'ക്ഷ' എന്നു നിലത്ത് എഴുതണം. എന്നിട്ട് മുന്നിൽ കയറി നടക്കാതെ , നേതാവിന്റെ പിൻപറ്റി നടക്കണം.
അത്രയൊക്കെ ആകാതെ ഏതു പാർട്ടിയിലും പ്രവേശനം കിട്ടുന്ന കാലമാണ്. ഓർത്താൽ നന്ന്. പുതുവർഷത്തിൽ പ്രവേശിക്കുന്നവർക്ക് സമ്മാന കൂപ്പണുകളും ഉണ്ടാകും.