Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ചിത്രങ്ങളിലൂടെ; റൊണാള്‍ഡോക്കും സംഘത്തിനും 17 മുറികള്‍, ഒരു മാസത്തെ ബില്‍ പത്ത് ലക്ഷം റിയാല്‍ കവിയും

റിയാദ്- സൗദിയിലെ അന്നസ്ര്‍ ക്ലബില്‍ ചേര്‍ന്നതോടെ സൂപ്പര്‍ കോടീശ്വരനായി മാറിയ ക്രിസ്റ്റിയാനോക്ക് ലഭിച്ച താമസ സൗകര്യങ്ങളും കൗതുകമാക്കി മാധ്യമങ്ങള്‍.
കഴിഞ്ഞയാഴ്ചയാണ് റൊണാള്‍ഡോയും കുടുംബവും സൗദി അറേബ്യയിലെത്തിയത്.  സൗദി തലസ്ഥാനമായ റിയാദിന്റെ മനോഹര കാഴ്ച സമ്മാനിക്കുന്ന കിംഗ്ഡം ടവറിലാണ്  അദ്ദേഹം താമസിക്കുന്നത്. രാജ്യത്തെ ഏറ്റവും ഉയരമുള്ള കെട്ടിടങ്ങളിലൊന്നാണ് കിംഗ്ഡം ടവര്‍.
200 മില്യണ്‍ യൂറോ വരുന്ന പാക്കേജുമായി സൗദി പ്രൊഫഷണല്‍ ലീഗിലെ മുന്‍നിര ടീമായ അന്നസ്‌റില്‍ ചേര്‍ന്ന റൊണാള്‍ഡോ ഒരു മാസമാണ് ഇവിടെ താമസിക്കുന്നത്. അതിനുശേഷം സ്ഥിരം വില്ലയിലേക്ക് മാറും.
റിയാദിലെ ഫോര്‍ സീസണ്‍സ് ഹോട്ടലില്‍ സെക്യൂരിറ്റി സ്റ്റാഫിനടക്കം 17 മുറികളാണ് വിട്ടുനല്‍കിയത്. 99 നില കെട്ടിടത്തില്‍ ഒരു മാസത്തേക്കാണ് റൊണാള്‍ഡോ താമസിക്കുന്ന സവിശേഷ സ്യൂട്ടടക്കമുള്ള സൗകര്യങ്ങള്‍ ബുക്ക് ചെയ്തിരിക്കുന്നത്. സ്വകാര്യമായി ബുക്ക് ചെയ്യുന്നതിനാല്‍ ഈ ഹോട്ടല്‍ സ്യൂട്ടിന്റെ വാടക ഹോട്ടലിന്റെ വെബ് സൈറ്റില്‍ ചേര്‍ത്തിട്ടില്ല. എന്നാല്‍ ഇവിടത്തെ പ്രസിഡന്‍ഷ്യല്‍ സ്യൂട്ടില്‍ ഒരു രാത്രി താമസിക്കണമെങ്കില്‍ 15,000 റിയാലാണ് നിരക്ക്. റൊണാള്‍ഡോയും കുടുംബവും സ്ഥിര താമസത്തിനായുള്ള വില്ലയിലേക്ക് മാറുന്നതുവരെ ഇവിടെ താമസിച്ചാല്‍ ബില്‍ പതിനൊന്നര ലക്ഷം റിയാല്‍ കടക്കും. ഭാര്യ ജോര്‍ജിന റഡ്രിഗസും മക്കളും റൊണാള്‍ഡോയൊപ്പം റിയാദിലുണ്ട്.  

മെസിക്ക് സൗദി ക്ലബ്ബ് വാഗ്ദാനം ചെയ്തത് 400 ദശലക്ഷം യൂറോ, താൽപര്യം പ്രകടിപ്പിച്ച് താരം

ജിദ്ദ- സൗദി അറേബ്യയിലെ മുൻനിര ക്ലബ്ബായ അൽ ഹിലാൽ ലോക ഫുട്‌ബോളിലെ ഇതിഹാസ താരവും അർജന്റീന നായകനുമായ ലിയണൽ മെസിക്ക് വാഗ്ദാനം ചെയ്തത് 300 ദശലക്ഷം യൂറോ. ഇതു മറ്റ് ആനുകൂല്യങ്ങൾ അടക്കം 400 യൂറോ വരെ എത്താം. 1.6 ബില്യൺ റിയാലാണ് ഇത്.  സൗദിയിലെ സ്‌പോർട്‌സ് ജേണലിസ്റ്റ് ഖാലിദ് അൽ ദിയാബാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഫഹദ് ബിൻ നാഫെലിന്റെ നേതൃത്വത്തിലുള്ള അൽ-ഹിലാൽ ക്ലബ്ബിന്റെ ഡയറക്ടർ ബോർഡ് ഇക്കാര്യം അറിയിച്ച് മെസിക്ക് ഔദ്യോഗിക ഓഫർ നൽകി. പാരീസ് സെന്റ് ജർമെയ്‌നുമായുള്ള കരാർ അവസാനിച്ച ശേഷം ഹിലാലിൽ ചേരാനാണ് ഈ ഓഫർ മുന്നോട്ടുവെച്ചത്. ക്ലബ്ബിന്റെ വാഗ്ദാനം മെസി സ്വാഗതം ചെയ്തതായും മാധ്യമപ്രവർത്തകൻ വെളിപ്പെടുത്തുന്നു. അതേസമയം, ഹിലാലിൽ ഉടൻ ചേരാനുള്ള താൽപര്യം മെസി പ്രകടിപ്പിച്ചിട്ടില്ല. എന്നാൽ ഒന്നോ രണ്ടോ സീസണ് ശേഷം ഇക്കാര്യത്തിൽ തീരുമാനമുണ്ടായേക്കും. മെസിയുടെ പിതാവുമായും അൽ ഹിലാൽ ക്ലബ് ബന്ധപ്പെട്ടു. മെസിയുടെ ഏജന്റു കൂടിയാണ് പിതാവ്. ട്വിറ്ററിലൂടെയാണ് മാധ്യമപ്രവർത്തകൻ ഇക്കാര്യം വ്യക്തമാക്കിയത്.
പോർച്ചുഗൽ-മാഞ്ചസ്റ്റർ യുനൈറ്റഡ് താരമായ ക്രിസ്റ്റിയാനോ റൊണാൾഡോ സൗദിയിലെ അന്നസ്ർ ക്ലബ്ബുമായി കരാറിലെത്തിയ ശേഷം മെസിയും സൗദിയിലേക്ക് എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. അന്നസ്‌റിന്റെ പ്രധാന എതിരാളികളായ ഹിലാലിൽ മെസി എത്തുമെന്നായിരുന്നു വാർത്തകൾ. 

അതിനിടെ, മെസി അടുത്ത ദിവസം റിയാദിലെത്തും. ഈ മാസം 19ന് രാത്രി എട്ടിന് റിയാദ് കിംഗ് ഫഹദ് രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ പാരീസ് സെന്റ് ജെർമൻ-അന്നസ്ർ മത്സരത്തിനായാണ് മെസി എത്തുന്നത്. ക്രിസ്റ്റ്യാനോ റൊണാൾേഡോയുടെ വരവോടെ കൂടുതൽ ശ്രദ്ധ ലഭിച്ച ക്ലബ്ബാണ് അന്നസ്ർ. ഈ മത്സരത്തിൽ ക്രിസ്റ്റിയാനോ പങ്കെടുക്കില്ല.

അതേസമയം, അന്നസ്ർ ജഴ്സിയണിഞ്ഞ് ക്രിസ്റ്റിയാനൊ റൊണാൾഡൊ കളിക്കളത്തിലിറങ്ങുന്നതു കാണാൻ കൂടുതൽ കാത്തിരിക്കേണ്ടി വരും. ഈ മാസം 21 ന് റൊണാൾഡൊ അരങ്ങേറുമെന്നാണ് കരുതപ്പെട്ടത്. എന്നാൽ 21 നും റൊണാൾഡോക്ക് കളത്തിലിറങ്ങാനാവില്ല. റൊണാൾഡോയെ സൗദി ഫുട്ബോൾ ഫെഡറേഷനിൽ രജിസ്റ്റർ ചെയ്യാൻ വെള്ളിയാഴ്ചയാണ് അന്നസ്റിന് സാധിച്ചത്. പരമാവധി പരിധിയായ എട്ട് വിദേശ കളിക്കാർ അന്നസ്റിലുണ്ടെന്നതിനാൽ ഒരാളെ ഒഴിവാക്കാനായി കാത്തിരിക്കേണ്ടി വന്നു. ഉസ്ബെക്കിസ്ഥാൻ മിഡ്ഫീൽഡർ ജലാലുദ്ദീൻ മഷാരിപോവിനെ ഒഴിവാക്കുമെന്നാണ് കരുതിയത്. എന്നാൽ കാമറൂൺ സ്ട്രൈക്കർ വിൻസന്റ് അബൂബക്കറിനെയാണ് ഒഴിവാക്കിയത്. ഇതു സംബന്ധിച്ച നടപടിക്രമങ്ങൾ പ്രതീക്ഷിച്ചതിലും നീണ്ടു.
രജിസ്റ്റർ ചെയ്തശേഷം റൊണാൾഡൊ രണ്ടു കളികളിൽ സസ്പെൻഷൻ അനുഭവിക്കണം. നവംബറിൽ മാഞ്ചസ്റ്റർ യുനൈറ്റഡിലായിരിക്കെ ലഭിച്ച സസ്പെൻഷൻ പുതിയ ക്ലബ്ബിൽ റൊണാൾഡൊ പൂർത്തിയാക്കണം. അൽതാഇക്കെതിരായ വെള്ളിയാഴ്ചയിലെ മത്സരം പരിഗണിക്കുകയാണെങ്കിൽ 14 ന് അൽശബാബിനെതിരായ കളിയിൽ കൂടി റൊണാൾഡോക്ക് കളിക്കാനാവില്ല. 21 ന് അൽഇത്തിഫാഖിനെതിരെ ഇറങ്ങാം. അൽതാഇക്കെതിരായ കളിക്കു ശേഷമാണ് രജിസ്ട്രേഷൻ പൂർത്തിയായതെങ്കിൽ ഫെബ്രുവരി മൂന്നിന് അൽഫതഹിനെതിരായ മത്സരത്തിലാവും മിക്കവാറും റൊണാൾഡൊ ഇറങ്ങുക.
വി.ഐ.പി ലോഞ്ചിൽ ക്രിസ്റ്റിയാനൊ റൊണാൾഡോയെ സാക്ഷിയാക്കിയാണ് അന്നസ്ർ ഹോം മത്സരത്തിൽ അൽതാഇയെ മറുപടിയില്ലാത്ത രണ്ടു ഗോളിന് തോൽപിച്ചത്. ബ്രസീൽ താരം ടാലിസ്‌കയാണ് രണ്ടു ഗോളുമടിച്ചത്. വ്യാഴാഴ്ചയാണ് ഈ മത്സരം നടക്കേണ്ടിയിരുന്നത്. എന്നാൽ കനത്ത മഴ കാരണം നീട്ടിവെക്കുകയായിരുന്നു.
അന്നസ്റിന് 12 കളികളിൽ 29 പോയന്റായി. ഈ സീസണിലെ എട്ടാം ജയമാണ് ഇത്. 11 കളികളിൽ 25 പോയന്റുള്ള അൽശബാബിനെക്കാൾ നാല് പോയന്റ് ലീഡുണ്ട് അവർക്ക്. ഈ ടീമുകൾ തമ്മിലാണ് അടുത്ത മത്സരം, 14 ന്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News