ടെഹ്‌റാന്‍- ഇറാനില്‍ മഹ്‌സ അമിനിയുടെ മരണത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിനിടെ സുരക്ഷാ സേനയിലെ മൂന്ന് അംഗങ്ങളെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ക്ക് വധശിക്ഷ വിധിച്ചു.
കര്‍ശനമായ വസ്ത്രധാരണരീതി ലംഘിച്ചുവെന്നാരോപിച്ച് അറസ്റ്റിലായതിനെത്തുടര്‍ന്ന് കുര്‍ദിഷ് ഇറാനിയന്‍ യുവതിയായ മഹ്‌സ അമിനി (22) സെപ്റ്റംബര്‍ 16ന് മരിച്ചതിനു പിന്നാലെയാണ് ഇറാനില്‍ ആഭ്യന്തര കലാപം രൂക്ഷമായത്.
മൂന്ന് മാസത്തിലേറെയായി തുടരുന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇതുവരെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ എണ്ണം 17 ആയി ഉയര്‍ന്നു. ശിക്ഷ വിധിക്കപ്പെട്ടവരില്‍ നാലുപേര്‍ക്ക് ഇതിനകം വധശിക്ഷ നടപ്പാക്കി. രാജ്യത്തിന്റെ പരമോന്നത നീതിപീഠം ശരിവെച്ചതിനെ തുടര്‍ന്ന് രണ്ടു പേര്‍ വധശിക്ഷ കാത്തു കഴിയുകയാണ്.
സാലിഹ് മിര്‍ഹാഷെമി, മാജിദ് കാസിമി, സയീദ് യഗൂബി എന്നിവര്‍ക്ക് പുതുതായി വധശിക്ഷ വിധിച്ചതായി ജുഡീഷ്യറിയുടെ മിസാന്‍ ഓണ്‍ലൈന്‍ വാര്‍ത്താ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.
നവംബര്‍ 16 ന് സെന്‍ട്രല്‍ പ്രവിശ്യയായ ഇസ്ഫഹാനില്‍ മൂന്ന് സുരക്ഷാ സേനാംഗങ്ങളുടെ മരണത്തിലേക്ക് നയിച്ച സംഭവത്തില്‍ മറ്റ് രണ്ട് പേര്‍ക്ക് ജയില്‍ശിക്ഷ വിധിച്ചിട്ടുണ്ട്. എല്ലാ ഉത്തരവുകളിലും സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
നവംബറില്‍ ടെഹ്‌റാന്റെ പടിഞ്ഞാറ് കരാജില്‍ അര്‍ദ്ധസൈനിക സേനാംഗത്തെ കൊലപ്പെടുത്തിയ കേസില്‍ മുഹമ്മദ് മെഹ്ദി കറാമി, സെയ്ദ് മുഹമ്മദ് ഹുസൈനി എന്നിവര്‍ക്ക് ശനിയാഴ്ച വധശിക്ഷ നടപ്പാക്കി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)