ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുന്നതിനുള്ള നീക്കങ്ങൾ ത്വരിതപ്പെടുത്തുമെന്നായിരിക്കും അടുത്ത പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിയും മറ്റു സംഘപരിവാർ കക്ഷികളും മുന്നോട്ട് വെയ്ക്കുന്ന വാഗ്ദാനം. അതിന് വേണ്ടി ഏതറ്റം വരെ പോകാനും അവർ തയാറാകും.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. 2022 സെപ്റ്റംബർ 7 ന് കന്യാകുമാരിയിൽ നിന്ന് തുടങ്ങിയ യാത്ര 3500 കിലോമീറ്ററിലധികം താണ്ടി റിപ്പബ്ലിക് ദിനമായ ജനുവരി 26 ന് ജമ്മു കശ്മീരിൽ അവസാനിക്കുമെന്നാണ് കോൺഗ്രസ് നേതത്വം കണക്കു കൂട്ടിയിട്ടുള്ളത്. മികച്ച പ്രതികരണമാണ് ഇത് വരെ കടന്നു പോയ സംസ്ഥാനങ്ങളിലെല്ലാം യാത്രക്ക് ലഭിച്ചത്. 2024 ലെ പൊതുതെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം വലിയ ഉണർവാണ് ഭാരത് ജോഡോ യാത്ര ഉണ്ടാക്കിയിട്ടുള്ളത്. മാത്രമല്ല, വിവിധ സംസ്ഥാനങ്ങളിൽ മതേതര - പ്രതിപക്ഷ പാർട്ടി നേതാക്കളുടെയും വർഗീയത എക്കാലവും എതിർക്കപ്പെടണമെന്ന് അടിയുറച്ച് വിശ്വസിക്കുന്നവരുടെയും സാന്നിധ്യം ഭാരത് ജോഡോ യാത്രയിൽ കൊണ്ടുവരാനായത് സംഘപരിവാർ ഭരണകൂടത്തിനെതിരെ പ്രതിപക്ഷ ഐക്യം വളർത്തുന്നതിന് സഹായകമാകുമെന്ന കാര്യത്തിലും തർക്കമില്ല.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഹൈന്ദവ വർഗീയതയെ നഖശിഖാന്തം എതിർക്കുമെന്ന് പ്രഖ്യാപിച്ച് തുടങ്ങിയ യാത്ര ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെത്തിയപ്പോൾ ഹൈന്ദവ വർഗീയ ആധിപത്യത്തെ വലിയ തോതിൽ എതിർക്കാൻ തയാറായില്ലെന്ന് മാത്രമല്ല, ഹൈന്ദവ ആശയങ്ങളെ മുൻനിർത്തിക്കൊണ്ടാണ് രാഹുൽ ഗാന്ധിയുടെ നീക്കങ്ങളുണ്ടായത്. സംഘപരിവാറിന്റെ ഹൈന്ദവവൽക്കരണത്തിന് തിരിച്ചടി നൽകണമെങ്കിൽ ഹിന്ദുത്വത്തെ തന്നെ കൂട്ടുപിടിക്കണമെന്ന സമീപനമാണ് ഉത്തരേന്ത്യയിലെ ഹിന്ദു ബെൽറ്റുകളിൽ രാഹുൽ ഗാന്ധി കൈക്കൊണ്ടത്.
ഭാരത് ജോഡോ യാത്രയിൽ ദക്ഷിണേന്ത്യയിൽ കണ്ട രാഹുലിനെയല്ല ഉത്തരേന്ത്യയിൽ കണ്ടത്. ഹൈന്ദവവൽക്കരണത്തിനെതിരെ ദക്ഷിണേന്ത്യയിൽ ഘോര ഘോരം പ്രസംഗിച്ച രാഹുൽ ഗാന്ധി ഉത്തരേന്ത്യയിലെ ഹിന്ദു ബെൽറ്റിലേക്ക് കടന്നപ്പോൾ ഹിന്ദുത്വത്തെ കൂട്ടുപിടിച്ചാണ് സംഘപരിവാറിനെതിരെ നീങ്ങാൻ ശ്രമിക്കുന്നത്. ഇതിനെ രാഷ്ട്രീയ തന്ത്രമായി കാണാമെങ്കിലും വലിയൊരു അപകടം ഈ നീക്കത്തിന് പിന്നിൽ കുടികൊള്ളുന്നുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ദക്ഷിണേന്ത്യയിൽ കണ്ട രാഹുലിനെയല്ല ഉത്തരേന്ത്യയിൽ കാണുന്നത്. ഹിന്ദുത്വ ആശയങ്ങളെ മുൻനിർത്തി മാത്രമാണ് അദ്ദേഹം ഇപ്പോൾ സംസാരിക്കുന്നത്. നെറ്റിയിൽ ചുവന്ന കുങ്കുമം ചാർത്തി, നരച്ച താടി നീട്ടി വളർത്തി അയഞ്ഞ വസ്ത്രങ്ങൾ അണിഞ്ഞ് വാക്കിലും നോക്കിലുമെല്ലാം ഒരു ഹൈന്ദവാചാര്യന്റെ രൂപമാറ്റത്തിലേക്ക് രാഹുൽ ഗാന്ധി എത്തിപ്പെട്ടിരിക്കുന്നു. ഹൈന്ദവ ധർമങ്ങളെക്കുറിച്ചാണ് ഇപ്പോൾ അദ്ദേഹം സംസാരിക്കുന്നത്. യാത്രയുടെ ഭാഗമായി ഏറ്റവുമൊടുവിൽ ഹരിയാനയിലെ കുരുക്ഷേത്രയിൽ കഴിഞ്ഞ ദിവസം നടത്തിയ മാധ്യമ സംവാദത്തിൽ പോലും അദ്ദേഹം ഹിന്ദു ധർമങ്ങളെക്കുറിച്ചാണ് സംസാരിച്ചത്. ആർ.എസ്.എസിന്റെ നയങ്ങളെക്കുറിച്ചുള്ള ചോദ്യത്തെ ഗീതയും പുരാണങ്ങളും ഉദ്ധരിച്ചായിരുന്നു രാഹുൽ നേരിട്ടത്. ഒരു ഘട്ടത്തിൽ മാധ്യമ പ്രവർത്തകരോട് ഹിന്ദുധർമം പഠിക്കാനും അദ്ദേഹം ഉപദേശിച്ചു.
അർജുനൻ മീനിന്റെ കണ്ണു മാത്രം കാണുന്ന പോലെ താനിപ്പോൾ കർമത്തിൽ മാത്രമാണ് ശ്രദ്ധിക്കുന്നതെന്നും തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും മാധ്യമ പ്രവർത്തകരോട് രാഹുൽ പറഞ്ഞു. 'ഞാൻ രാഹുൽ ഗാന്ധിയെ കൊന്നു. അദ്ദേഹമിപ്പോൾ ജീവിച്ചിരിപ്പില്ല. നിങ്ങൾ ഈ കാണുന്ന വ്യക്തി രാഹുൽ ഗാന്ധിയല്ല. നിങ്ങൾ എന്തു പ്രതിഛായ എന്നെക്കുറിച്ച് സൂക്ഷിക്കുന്നോ നല്ലതായാലും ചീത്തയായാലും അത് നിങ്ങളുടേത് മാത്രമാണ്' -അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഒരു തത്വജ്ഞാനിയെപ്പോലെയാണ് രാഹുൽ ഗാന്ധിയുടെ സംസാരം. ആർക്കും വ്യക്തമായി ഒന്നും പിടികിട്ടുന്നില്ല. മാധ്യമ പ്രവർത്തകർ പോലും ആകെ കൺഫ്യൂഷനിലായിപ്പോയി. തത്വജ്ഞാനം വിളമ്പുകയല്ല, മറിച്ച് ജനങ്ങൾക്കിടയിൽ കൃത്യമായി രാഷ്ട്രീയം പറയുകയാണ് ഭാരത് ജോഡോ യാത്രയിൽ അദ്ദേഹം ചെയ്യേണ്ടത്.
ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കഷ്ണം തിന്നണമെന്ന് പറയുന്നത് പോലെ ഹൈന്ദവ വർഗീയത നടമാടുന്നിടത്ത് ചെല്ലുമ്പോൾ അതോടൊപ്പം നിൽക്കുന്നതാണ് ഏറ്റവും സുരക്ഷിതമെന്ന് രാഹുൽ ഗാന്ധിയോടൊപ്പമുള്ള പി.ആർ ടീം അദ്ദേഹത്തെ ഉപദേശിച്ചിട്ടുണ്ടാകാം. വോട്ട് രാഷ്ട്രീയം മാത്രം പ്രധാന അജണ്ടയാക്കി മാറ്റുകയാണെങ്കിൽ അതിനെ ന്യായീകരിക്കാനും കഴിഞ്ഞേക്കാം. എന്നാൽ സംഘപരിവാറിനെ നേരിടേണ്ടത് ഹൈന്ദവ കാർഡ് ഇറക്കിയല്ല, മറിച്ച് മതേതരത്വത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടാണ്. ഹിന്ദു ധർമം പഠിക്കാനല്ല രാഹുൽ ഗാന്ധി ഉപദേശിക്കേണ്ടത്, മറിച്ച് മനുഷ്യ ധർമം പഠിക്കാനാണ്. എല്ലാ മതങ്ങൾക്കും സമുദായങ്ങൾക്കും ഇവിടെ ജീവിക്കാനും തങ്ങളുടേതായ രീതികൾ പിന്തുടരാനും ഭരണഘടന നൽകുന്ന അവകാശത്തെ ഭരണകൂടം ഇല്ലാതാക്കുമ്പോൾ അതിനെ ചെറുക്കണമെന്നാണ് പഠിപ്പിക്കേണ്ടത്.
ദേശീയ തലത്തിൽ കോൺഗ്രസ് മൃദു ഹിന്ദുത്വ സമീപനം സ്വീകരിക്കുന്നുവെന്നത് എതിരാളികൾ വളരെക്കാലമായി ഉന്നയിക്കുന്ന ആരോപണമാണ്. അതിനെ സാധൂകരിക്കുന്ന രീതിയിലാണ് ഉത്തരേന്ത്യയിലെ ഹിന്ദു ബെൽറ്റുകളിൽ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാഹുൽ ഗാന്ധി നടത്തുന്ന പ്രസംഗങ്ങൾ. ഹൈന്ദവ ആദർശങ്ങളെ ദുരുപയോഗപ്പെടുത്തി രാജ്യത്തെ മതേതരത്വം തകർക്കാൻ സംഘപരിവാർ നടത്തുന്ന നീക്കങ്ങളെ തുറന്ന#ു കാണിക്കുകയാണ് രാഹുൽ ഗാന്ധി ചെയ്യേണ്ടത്. അതിന് വാക്കിലും നോക്കിലും നടപ്പിലുമെല്ലാം ഹൈന്ദവ ആശയങ്ങളുടെ മേലങ്കി എടുത്തണിയേണ്ടതില്ല. നേരിട്ട് വർഗീയത പ്രചരിപ്പിക്കുന്നതിനേക്കാൾ അപകടകരമാണത്. മതേതരത്വത്തിന്റെ മൂല്യം ഉയർത്തിപ്പിടിച്ചുകൊണ്ട് ന്യൂനപക്ഷ സമുദായങ്ങളുടെ വിശ്വാസ്യത നേടിയെടുക്കുകയാണ് 2024 ലെ പൊതുതെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയും കോൺഗ്രസ് പാർട്ടിയും ചെയ്യേണ്ടത്.
ഭൂരിപക്ഷ സമുദായങ്ങളിൽ ഉൾപ്പെടുന്നവരിൽ വലിയൊരു ശതമാനം ആളുകളും രാജ്യത്ത് മതേതരത്വ മൂല്യങ്ങൾ നടപ്പാകണമെന്ന് ആഗ്രഹിക്കുന്നവരാണ്. അവരുടെ പിന്തുണ നേടിയെടുക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള വേഷം കെട്ടലുകൾ നടത്തുകയല്ല വേണ്ടത്, മറിച്ച് രാജ്യത്ത് വർഗീയതയുടെ വിത്തുകൾ മുളപ്പിച്ചെടുക്കുന്നവർക്കെതിരെ ശക്തമായി ശബ്ദിക്കാനും പ്രവർത്തിക്കാനുമുള്ള ചങ്കുറ്റം കാണിക്കുകയാണ് വേണ്ടത്.
ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുന്നതിനുള്ള നീക്കങ്ങൾ ത്വരിതപ്പെടുത്തുമെന്നായിരിക്കും അടുത്ത പൊതു തെരഞ്ഞെടുപ്പിൽ ബി.ജെ.പിയും മറ്റു സംഘപരിവാർ കക്ഷികളും മുന്നോട്ട് വെക്കുന്ന വാഗ്ദാനം. അതിന് വേണ്ടി ഏതറ്റം വരെ പോകാനും അവർ തയാറാകും. ഇതിനെയൊന്നും എതിർക്കാതെ ഹിന്ദു ധർമം പ്രചരിപ്പിക്കാൻ നടന്നാൽ രാജ്യത്ത് കോൺഗ്രസ് പാർട്ടി പൂർണമായും ഇല്ലാതാകുന്ന അവസ്ഥയാകും സംജാതമാകുക.