Sorry, you need to enable JavaScript to visit this website.

ഗര്‍ഭനിരോധ ഉറകളില്‍ സ്വര്‍ണ മിശ്രിതം; ട്രെയിനില്‍ 54 ലക്ഷത്തിന്റെ സ്വര്‍ണം പിടിച്ചു

തൃശൂര്‍-തൃശൂരില്‍ ട്രെയിനില്‍ കടത്തിയ 54 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി.
ഗര്‍ഭനിരോധന ഉറയില്‍ ദ്രവ രൂപത്തിലായിരുന്നു സ്വര്‍ണക്കടത്ത്. മലപ്പുറം വേങ്ങാട് സ്വദേശി മണികണ്ഠന്‍ (35) ആണ് അറസ്റ്റിലായത്. പരശുറാം എക്‌സ്പ്രസിലാണ്  സ്വര്‍ണം കടത്തിയിരുന്നത്. ഒരു കിലോയിലധികം സ്വര്‍ണമാണ് ആര്‍.പി.എഫ് പിടിച്ചത്.
സ്വര്‍ണ്ണം തൃശൂരില്‍  എത്തിക്കാനാണ് നിര്‍ദേശിച്ചതെന്നാണ്  ചോദ്യം ചെയ്യലില്‍ ഇയാള്‍ ആര്‍ പി എഫിനോട് പറഞ്ഞത്. വിദേശത്തുനിന്ന് വിമാനത്താവളങ്ങള്‍ വഴി കടത്തിയ ദ്രവരൂപത്തിലുള്ള സ്വര്‍ണമാണ് ഇതൊന്നും സംശയമുണ്ട്.
നേരത്തെ നെടുമ്പാശേരിയിലും കരിപ്പൂരിലും പിടിയിലായ സംഘങ്ങളുമായി മണികണ്ഠന് ബന്ധമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

ദൃശ്യവിരുന്നൊരുക്കി വയനാടൻ മണ്ണിൽ പൂക്കളുടെ നടനോത്സവം

പ്രകൃതി സൗഹൃദ വിനോദ സഞ്ചാരത്തിനു പുകൾപെറ്റ വയനാടൻ മണ്ണിൽ ദൃശ്യവിരുന്നൊരുക്കി പൂക്കളുടെ നടനോത്സവം. അമ്പലവയൽ മേഖല കാർഷിക ഗവേഷണ കേന്ദ്രത്തിൽ കേരള കാർഷിക സർലകലാശാലയും കാർഷിക വികസന കർഷക ക്ഷേമവകുപ്പും സംയുക്തമായി സംഘടിപ്പിച്ച എട്ടാമത് അന്താരാഷ്ട്ര പുഷ്പോത്സവം (പൂപ്പൊലി-2023) കവരുകയാണ് സന്ദർശക മാനസം. പൂക്കളുടെ വൈവിധ്യം തന്നെയാണ് ഇക്കുറിയും പൂപ്പൊലി നഗരിയുടെ മുഖ്യ ആകർഷണം. ജില്ലക്കു അകത്തും പുറത്തും നിന്നായി ദിവസവും ആയിരങ്ങളാണ് അമ്പലവയലിലേക്കു ഒഴുകുന്നത്. വർണച്ചേലയുടുത്ത പൂന്തോപ്പുകൾക്കിടയിൽ ചെലവഴിക്കാൻ മണിക്കൂറുകൾ മതിയാകാതെ വരികയാണ് സന്ദർശകർക്ക്. വിനോദത്തിനൊപ്പം വിജ്ഞാനവും പകരുന്ന കാഴ്ചകൾ ഹൃദയത്തിൽ നിറച്ചാണ് അമ്പലവയലിൽനിന്നു ഓരോ സന്ദർശകന്റെയും മടക്കം.

റോസ് ഗാർഡനിൽ ആയിരത്തിൽപരം ഇനങ്ങൾ
പൂക്കളുടെ വിപുലമായ ശേഖരമാണ് രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം നടത്തുന്ന പുഷ്പോത്സവത്തിനായി ഒരുക്കിയത്. ആയിരത്തിൽപരം ഇനങ്ങളോടു കൂടിയ റോസ് ഗാർഡൻ, ഡാലിയ ഗാർഡൻ, വിശാലമായ ഗ്ലാഡിയോലസ് തോട്ടം, മാരിഗോൾഡ് തോട്ടം,  തായ്ലൻഡിൽനിന്നു ഇറക്കുമതി ചെയ്ത ഓർക്കിഡുകൾ, നെതർലാൻഡിൽനിന്നുള്ള ലിലിയം ഇനങ്ങൾ, അപൂർവയിനം അലങ്കാര സസ്യങ്ങൾ, വിവിധയിനം ജർബറ ഇനങ്ങൾ, ഉത്തരാഖണ്ഡിൽ നിന്നുള്ള  അലങ്കാര സസ്യങ്ങൾ, കാലിഫോർണിയയിൽനിന്നുള്ള സ്ട്രോബറി ഇനങ്ങൾ തുടങ്ങിയവ ചേതോഹരമാക്കുകയാണ് പത്ത് ഏക്കർ വരുന്ന പുഷ്പോത്സവ നഗരിയെ.
എറമോ, ടെസർ, അറബാക്സ്, പ്രാനോ വൈറ്റ്, പാവിയ തുടങ്ങിയവ പ്രധാന ഹൈബ്രീഡ് ലിലിയം ഇനങ്ങളാണ്. ടോറോ റോസ്‌കോ, സ്‌കോ വൈറ്റ്, മുട്ട്, പവിത്ര, എസ്മാര എന്നിവ  ജർബറ ഇനങ്ങളിലെ അതിസുന്ദരികളാണ്. ജമന്തി, മിനിയേച്ചർ ഡാലിയ, സാന്തമം, സെലോസിയ, പോയി സെറ്റിയ പെന്റാസ്, സാൽവിയ, കന്ന, പെറ്റൂണിയ, ചൈന ആസ്റ്റർ, തുംബർജിയ തുടങ്ങിയവയും പൂപ്പൊലി നഗരിയിൽ താളമിടുന്ന പുഷ്പങ്ങളുടെ നിരയിലുണ്ട്.  റോക്ക് ഗാർഡൻ, മൂൺ ഗാർഡൻ, ഫ്ളോട്ടിംഗ് ഗാർഡൻ, ജലധാരകൾ എന്നിവയും നഗരിയുടെ ഭാഗമാണ്.

പ്രഥമ പൂപ്പൊലി 2014 ൽ
2014 ഫെബ്രുവരി രണ്ട് മുതൽ 12 വരെയായിയുന്നു ഗവേഷണ കേന്ദ്രത്തിൽ പ്രഥമ വയനാട് പുഷ്പോത്സവം. കാര്യമായ ഒരുക്കങ്ങളില്ലാതെ സംഘടിപ്പിച്ച പുഷ്പോത്സവം ലാഭകരമായ സാഹചര്യത്തിലാണ് വ്യക്തമായ ആസൂത്രണത്തോടെ പൂപ്പൊലി രണ്ടാമത് പതിപ്പിന് 2015 ജനുവരിയിൽ അമ്പലവയൽ വേദിയായത്. കാർഷിക സർവകലാശാല കണക്കുകൂട്ടിയതിനും അപ്പുറത്തായിരുന്നു രണ്ടാമത് പുഷ്പോത്സവത്തിന്റെ വിജയം. ജനുവരി 20 മുതൽ ഫെബ്രുവരി രണ്ട് വരെ നടത്തിയ പുഷ്പോത്സവത്തിലൂടെ 90.65 ലക്ഷം രൂപയുടെ വരുമാനമാണ് സർവകലാശാലയ്ക്ക് ലഭിച്ചത്. തുടർന്നിങ്ങോട്ട് കോവിഡ് കാലത്തു മാത്രമാണ് അമ്പലവയൽ പുഷ്പോത്സവത്തിനു വേദിയാകാതിരുന്നത്.

കാർഷിക-വ്യാവസായിക പ്രദർശനത്തിൽ 300 ലധികം സ്റ്റാളുകൾ
കാർഷിക സാങ്കേതിക വിദ്യകൾ, ഉപകരണങ്ങൾ, യന്ത്രങ്ങൾ, മൂല്യവർധിത ഉൽപന്നങ്ങൾ എന്നിവയുടെ പ്രദർശനത്തിനും വിൽപനയ്ക്കുമായി 300 ലധികം സ്റ്റാളുകളുകളാണ് പൂപ്പൊലി നഗരിയിലുള്ളത്.  കാർഷിക സർവകലാശാലയുടെ വിവിധ സ്റ്റേഷനുകൾ, കൃഷി വകുപ്പ്, സർക്കാരിതര സംഘടനകൾ,  സ്വകാര്യ കാർഷിക സ്ഥാപനങ്ങൾ,  സെൻട്രൽ പ്ലാന്റേഷൻ ക്രോപ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട്, ഡയറക്ടറേറ്റ് ഓഫ് അർക്കനട്ട് ആൻഡ് സ്പൈസസ് ഡെവലപ്മെന്റ്, ഡോ.എം.എസ്.സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ, സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റ്, ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റി, ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിൽ, സോഷ്യൽ ഫോറസ്ട്രി, പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രം, കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂനിവേഴ്സിറ്റി, കേരള കാർഷിക സർവകലാശാലയുടെ മേഖല കാർഷിക ഗവേഷണ കേന്ദ്രങ്ങൾ, പടന്നക്കാട് കാർഷിക കോളേജ്, അട്ടപ്പാടി മില്ലറ്റ് വില്ലേജ്, ലീഗൽ സർവീസ് അഥോറിറ്റി,  ഡിസ്ട്രിക് കലക്ടറേറ്റ് ഇലക്ഷൻ വിംഗ്, ഫാം ഇൻഫർമേഷൻ ബ്യൂറോ, വിംസ് ആശുപത്രി എന്നിവയുടെ സ്റ്റാളുകൾ നഗരിയിൽ പ്രവർത്തിക്കുന്നുണ്ട്.
സെമിനാറുകൾ, കർഷകരും  ശാസ്ത്രജ്ഞരുമായുള്ള  ആശയവിനിമയം, അഗ്രോ ക്ലിനിക് തുടങ്ങിയ സാങ്കേതിക സെഷനുകളും പുഷ്പോത്സവത്തിന്റെ ഭാഗമാണ്.

രണ്ടര ഏക്കർ വിസ്തൃതിയിൽ അമ്യൂസ്മെന്റ് പാർക്ക്
മുതിർന്നവരുടെയും കുട്ടികളുടെയും ഉല്ലാസത്തിനു രണ്ടര ഏക്കർ വിസ്തൃതിയിലാണ് നഗരിയിൽ അമ്യൂസ്‌മെന്റ് പാർക്ക് സജ്ജമാക്കിയത്. നാടൻ വിഭവങ്ങളടക്കം ലഭ്യമാണ് നഗരിയിലെ ഫുഡ് കോർട്ടിൽ.  ദിവസവും വൈകുന്നേരം നാലര മുതൽ രാത്രി പത്തു വരെ നടക്കുന്ന കലാസാംസ്‌കാരിക പരിപാടികളും പുഷ്പോത്സവത്തിനു മാറ്റുകൂട്ടുകയാണ്.
പുഷ്പോത്സവ നഗരയിൽ പ്രവേശനത്തിനു മുതിർന്നവർക്കും 50 ഉം കുട്ടികൾക്കും 30 ഉം രൂപയാണ് ഫീസ്. സന്ദർശകരുടെ സൗകര്യം കണക്കിലെടുത്ത് ആർ.എ.ആർ.എസ്  പരിസരത്ത് മൂന്ന് ടിക്കറ്റ് കൗണ്ടറുകൾ  പ്രവർത്തിക്കുന്നുണ്ട്.  സുൽത്താൻ ബത്തേരി  കെ.എസ്.ആർ.ടി.സി ഡിപ്പോയിലും ടിക്കറ്റ് കൗണ്ടർ ഉണ്ട്.
ഇക്കുറി അഞ്ചു ലക്ഷം സന്ദർശകരെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ഈ മാസം 15 നാണ് പുഷ്പോത്സവം സമാപനം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News