Sorry, you need to enable JavaScript to visit this website.

പാലിൽ മായം; അതിർത്തി കടന്ന 15300 ലിറ്റർ പാൽ പിടികൂടി

കൊല്ലം - തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന ഹൈഡ്രജൻ പെറോക്‌സൈഡ് കലർത്തിയ പാൽ പിടികൂടി. ടാങ്കറിൽ കൊണ്ടുവന്ന 15300 ലിറ്റർ പാലാണ് പിടികൂടിയത്. ഇന്ന് രാവിലെ കൊല്ലം ആര്യങ്കാവ് ചെക് പോസ്റ്റിന് സമീപത്ത് വച്ച് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരാണ് പാൽ പിടികൂടിയത്.
  പത്തനംതിട്ടയിലെ പന്തളത്തുള്ള ഒരു കമ്പനിയിലേക്ക് കൊണ്ടുവന്ന പാലാണിതെന്നാണ് മൃഗസംരക്ഷണ വകുപ്പ് നൽകുന്ന വിവരം. പാൽ ഏറെ നാൾ കേട് കൂടാതെ സൂക്ഷിക്കാൻ വേണ്ടിയാണ് ഹൈഡ്രജൻ പെറോക്‌സൈഡ് ചേർക്കുന്നത്. ഇങ്ങനെ സംഘം നടത്തിയ മറ്റു കൃത്രിമങ്ങൾ അടക്കം അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരേണ്ടതുണ്ടെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. ആരോഗ്യവകുപ്പിന്റെ പരിശോധനയ്ക്ക് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. 
 പിടിച്ചെടുത്ത പാൽ ആരോഗ്യവകുപ്പിന് കൈമാറി തുടർ നടപടികൾ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.

  അതിർത്തി കടന്നുവരുന്ന പാലിന്റെ ഗുണനിലവാര പരിശോധനകൾക്കായി ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തിൽ നേരത്തെ പരിശോധനകൾ തുടങ്ങിയിരുന്നു. മീനാക്ഷിപ്പുരം ചെക്ക്‌പോസ്റ്റിൽ പാലിലെ ക്രമക്കേട് കണ്ടെത്താനായി പാൽപരിശോധനാ കേന്ദ്രം തന്നെ സ്ഥാപിച്ചിട്ടുണ്ട്. 
 ഓണം, ക്രിസ്മസ്, റമദാൻ ഉൾപ്പെടെയുള്ള വിവിധ സീസണുകളിലും അല്ലാത്തപ്പോഴുമെല്ലാം വിപണി ലക്ഷ്യമിട്ട് കേരളത്തിലേക്ക് മായം കലർത്തിയ പാൽ കടത്താൻ വിവിധ സംഘങ്ങൾ ശ്രമിക്കാറുണ്ട്. ഇത് തടയുന്നതിന് ജാഗ്രത്തായ പരിശോധനകളും വിജിലൻസ് നിരീക്ഷണവുമുണ്ട്. ഇപ്രകാരമുള്ള പരിശോധനകളിലാണ് പലപ്പോഴും മായം കലർത്തിയ പാലുകൾ പിടികൂടുന്നത്. പിടികൂടുമ്പോൾ ചെറിയ ഇടവേളകളിൽ മാറ്റമുണ്ടാവും. പിന്നീട് വീണ്ടും കൃത്രിമങ്ങൾ കാട്ടി ഉപഭോക്താക്കളെ വഞ്ചിക്കുകയാണ് ലോബി ചെയ്യുന്നത്.
 ആഘോഷ സീസണുകളിലും മറ്റും കേരളത്തിൽ കൂടുതൽ പാൽ വിൽപന നടക്കാറുണ്ട്. ഇത് ലക്ഷ്യം വെച്ചാണ് ഗുണമേൻമയില്ലാത്ത പാൽ അതിർത്തി കടന്നെത്തുന്നത്. പല പേരുകളിലായാണ് ഇവ വിൽപനയ്ക്ക് എത്തുന്നത്.
 

Latest News