തിരുവനന്തപുരം- യുവ സംവിധായിക നയന സൂര്യയുടെ കൊലപാതകത്തില്‍ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ ഫോറന്‍സിക് മേധാവി കെ. ശശികല. നയനയുടേത് കൊലപാതകം തന്നെയാണെന്നാണ് ആദ്യ സാധ്യതയായി താന്‍ ചൂണ്ടിക്കാട്ടിയതെന്നും തന്റെ മൊഴി പോലീസ് അട്ടിമറിച്ചുവെന്നും കെ. ശശികല ആരോപിക്കുന്നു.
നയനയുടേത് ആത്മഹത്യയാണെന്ന് മൊഴി നല്‍കിയിരുന്നില്ലെന്നും. 'സെക്ഷ്വല്‍ അസ്ഫിഷ്യ' എന്ന രോഗാവസ്ഥയെക്കുറിച്ച് താന്‍ പറഞ്ഞെങ്കിലും അത്യപൂര്‍വമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
കൊലപാതകമാണെന്ന സൂചനകൊണ്ടാണ് മരണം നടന്ന സ്ഥലം സന്ദര്‍ശിച്ചതെന്നും അകത്തുനിന്നു കുറ്റിയിട്ടിരുന്ന വാതില്‍ ചവിട്ടിത്തുറന്നാണ് അകത്തു കടന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞതെന്നും കെ. ശശികല പറഞ്ഞു. മുറിയില്‍ നയന കിടന്നിരുന്നതായി പറയുന്ന സ്ഥലത്ത് ഒരു പുതപ്പ് ചെറുതായി ചുരുട്ടിയ നിലയില്‍ കണ്ടിരുന്നതായും കഴുത്തില്‍ മടക്കിയതുപോലുള്ള ചുളിവും ഉണ്ടായിരുന്നുവെന്നും കഴുത്തില്‍ ചുറ്റിയ നിലയിലായിരുന്നെങ്കില്‍ കഴുത്തിറുക്കി കൊന്നതാവാമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
ശരീരത്തിലെ എട്ടു മുറിവുകളും കഴുത്തിലെ നിറവ്യത്യാസമടക്കമുള്ളവയും വെച്ചാണ് കഴുത്ത് ശക്തമായി ഞെരിഞ്ഞാണ് മരണം സംഭവിച്ചതെന്ന് പറഞ്ഞിരുന്നതെന്ന് കെ. 'ദുഃസ്വഭാവം' എന്ന വാക്ക് മൊഴിയില്‍ പറഞ്ഞതായി ഉണ്ടെങ്കിലും അങ്ങനെയൊരു വാക്ക് താന്‍ പ്രയോഗിച്ചിട്ടില്ലെന്നും അത് പോലീസിന്റെ ഭാഷയാണെന്നും ഡോ. ശശികല കൂട്ടിച്ചേര്‍ത്തു.
2019 ഫെബ്രുവരി 24-നാണ് കൊല്ലം അഴീക്കല്‍ സൂര്യന്‍പുരയിടത്തില്‍ ദിനേശന്റെയും ഷീലയുടെയും മകള്‍ നയന സൂര്യ(28)നെ തിരുവനന്തപുരം ആല്‍ത്തറ നഗറിലെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് മ്യൂസിയം പോലീസ് കേസെടുത്തെങ്കിലും പിന്നീട് കാര്യമായ അന്വേഷണം നടന്നിരുന്നില്ല.