Sorry, you need to enable JavaScript to visit this website.

എഴുത്തുകാരി സാറാ അബൂബക്കർ അന്തരിച്ചു

മംഗളൂരു - പ്രശസ്ത കന്നഡ സാഹിത്യകാരി സാറാ അബൂബക്കർ (86) അന്തരിച്ചു. കന്നഡയിലെ ആദ്യ മുസ്‌ലിം എഴുത്തുകാരിയാണ്. കാസർകോട് ചെമ്മനാട് സ്വദേശിയായ ഇവർ മംഗളൂരുവിലായിരുന്നു സ്ഥിരതാമസം.
 ചന്ദ്രഗിരിയ തീരദല്ലി, കദന വിറാമ, സഹന തുടങ്ങിയവയാണ് പ്രധാന നോവലുകൾ. കമലാദാസിന്റെ മനോമി, പി.കെ ബാലകൃഷ്ണന്റെ ഇനി ഞാൻ ഉറങ്ങട്ടെ അടക്കമുള്ള എട്ട് മലയാളകൃതികൾ കന്നഡയിലേക്കു വിവർത്തനം ചെയ്തിട്ടുണ്ട്. 
1981-ൽ എഴുതിയ ചന്ദ്രഗിരി തീരദല്ലി എന്ന കൃതിയിലൂടെയാണ് എഴുത്തിന്റെ ലോകത്ത് അറിയപ്പെടാൻ തുടങ്ങിയത്. കർണാടക സാഹിത്യ അക്കാദമി അവാർഡ് അടക്കം നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. അനുപമ നീരാജൻ അവാർഡ്, കന്നഡ രാജ്യോത്സവ അവാർഡ്, രത്‌നമ്മ ഹെഗ്ഗഡെ മഹിളാ സാഹിത് അവാർഡ്, കർണാടക സർക്കാരിന്റെ ദാന ചിന്താമണി അത്തിമബ്ബെ അവാർഡ്, ഹംപി സർവ്വകലാശാലയുടെ നാഡോജ അവാർഡ് എന്നിവ ലഭിച്ചു. മംഗളൂരു സർവ്വകലാശാല ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു. സ്ത്രീകളുടെ പ്രശ്‌നങ്ങളും കാസർകോട്ടെ മുസ്‌ലിം സ്ത്രീകളുടെ ജീവിതവും അവർ നോവലുകളിൽ ആവിഷ്‌കരിച്ചിരുന്നു. സമൂഹത്തിലെ അനാചാരങ്ങളെയും മറ്റു സമൂഹ്യ ജീർണതകൾക്കെതിരെയും അവർ തൂലിക ആയുധമാക്കിയിരുന്നു.
 1936 ജൂൺ 30ന് ചെമ്മനാട് പുതിയപുരി അഹമ്മദിന്റെയും സൈനബയുടെയും മകളായാണ് ജനനം. ഭർത്താവ് അബൂബക്കർ മംഗളൂരു ലാൽബാഗിലെ പൊതുമരാമത്ത് വകുപ്പ് എൻജിനീയറായിരുന്നു. അബ്ദുല്ല, നാസർ, റഹീം, ഷംസുദ്ദീൻ എന്നിവർ മക്കളാണ്.
 

Latest News