തൃശൂര്‍- പൈലറ്റാണെന്ന് പരിചയപ്പെടുത്തി വൈവാഹിക സൈറ്റുകളില്‍ പരസ്യം നല്‍കി സ്ത്രീകളില്‍നിന്ന് പണം തട്ടുന്ന വിരുതന്‍ അറസ്റ്റില്‍.
മലപ്പുറം ഒഴുകൂര്‍ താഴത്തയില്‍ വീട്ടില്‍ മുഹമ്മദ് ഫസലാണ് (32) അറസ്റ്റിലായത്. നിരവധി പേരില്‍നിന്നായി ഇയാള്‍ ലക്ഷങ്ങള്‍ തട്ടിയതായി പോലീസ് പറഞ്ഞു.
അമല്‍ കൃഷ്ണ എന്ന പേരിലാണ് ഇയാള്‍ കേരളത്തിലെ പ്രശസ്ത വൈവാഹിക സൈറ്റുകളില്‍ വിവാഹ പരസ്യം നല്‍കിയിരുന്നത്. ആധാറും പാസ്‌പോര്‍ട്ടും വ്യാജമായി നിര്‍മിക്കുന്ന ഇയാള്‍ വൈവാഹിക സൈറ്റുകളില്‍ പൈലറ്റാണെന്നാണ് പരിചയപ്പെടുത്തിയിരുന്നത്.
തുടര്‍ന്ന് വിവാഹത്തിന് താല്‍പര്യം പ്രകടിപ്പിക്കുന്ന വീട്ടുകാരില്‍ നിന്ന് പണം തട്ടുന്നതാണ് രീതി. വരന്തരപ്പിള്ളി സ്വദേശിയായ യുവതിയില്‍നിന്ന് 1,10,000 രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്. സംസ്ഥാനത്ത് പലയിടങ്ങളിലും ഇയാള്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയതായി പോലീസ് പറഞ്ഞു.
എറണാകുളം പറവൂര്‍ സ്വദേശിനിയില്‍നിന്ന് ഏഴ് ലക്ഷം തട്ടി. കൊല്ലം, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളില്‍ സമാനമായ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
മറ്റൊരു കേസില്‍ കൊല്ലം സൈബര്‍ പോലീസ് പാലാരിവട്ടത്തുനിന്ന് അറസ്റ്റ് ചെയ്ത് റിമാന്റിലായ പ്രതിയെ വരന്തരപ്പിള്ളി പോലീസ് അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)