Sorry, you need to enable JavaScript to visit this website.

പന്ത് തട്ടി ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടി മലപ്പുറവും കേരളവും

മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടന്ന വണ്‍ മില്യണ്‍ ഗോള്‍ ഗിന്നസ് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4500-ാമത്തെ കിക്കെടുക്കുന്ന കായിക വകുപ്പുമന്ത്രി വി. അബ്ദുറഹിമാന്‍.

മലപ്പുറം-പന്ത് തട്ടി മലപ്പുറവും കേരളവും ഗിന്നസ്‌റെക്കോര്‍ഡില്‍ ഇടം നേടി. മലപ്പുറം മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തില്‍ രാവിലെ ഏഴിന് ആരംഭിച്ച ഡ്രീം ഗോള്‍ പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരത്തില്‍ 12 മണിക്കൂര്‍കൊണ്ട് 4500 കിക്ക് എടുത്താണ് ലോക റെക്കോഡ് നേടിയത്. ലോകത്ത് പലരാജ്യങ്ങളും ശ്രമിച്ച് പരാജയപ്പെട്ടിടത്താണ് കേരളത്തിന്റെ വിജയം.
12 മണിക്കൂര്‍കൊണ്ട് ഏറ്റവുമധികം പെനാല്‍റ്റി കിക്കുകള്‍ പൂര്‍ത്തിയാക്കി ലോക റെക്കോഡ് സൃഷ്ടിക്കുക എന്ന ലക്ഷ്യമാണ് കൈവരിച്ചത്. സംസ്ഥാന കായിക വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഡ്രീം ഗോള്‍ ഗിന്നസ് റെക്കോഡ് ഉദ്യമത്തില്‍ മലപ്പുറം ജില്ലയിലെ സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികളും പൊതുജനങ്ങളുമാണ് പങ്കെടുത്തത്.  തെരഞ്ഞെടുക്കപ്പെട്ട സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളെ 50 പേരടങ്ങുന്ന ടീമുകളായി തിരിച്ച് രാവിലെ ഏഴു മണി മുതലാണ് ഷൂട്ടൗട്ട് ആരംഭിച്ചത്. ഗ്രൗണ്ടില്‍ ഒരേ സമയം രണ്ടു ടീമുകളും ഗ്യാലറിയില്‍ നാലു ടീമുകളും ഷൂട്ടൗട്ടിനു സജ്ജമായിരിക്കുന്ന രീതിയിലായിരുന്നു ക്രമീകരണം നടത്തിയത്. ഇതിലൂടെ സമയനഷ്ടം ഒഴിവാക്കി.
വൈകിട്ട് പയ്യനാട് സ്‌റ്റേഡിയത്തില്‍ നടന്ന സമാപന സമ്മേളനത്തില്‍ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ ഗിന്നസ് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ഫുട്‌ബോള്‍ ലോകകപ്പിന്റെയും സന്തോഷ് ട്രോഫിയിലെ കുതിപ്പിന്റെയുമെല്ലാം ആവേശത്തില്‍ കാല്‍പ്പന്തിന്റെ മറ്റൊരു ആഘോഷത്തിനു കൂടിയാണ് മഞ്ചേരി പയ്യനാട് സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. കായിക യുവജനകാര്യാലയം ഡയറക്ടര്‍ പ്രേം കൃഷ്ണന്‍ എസ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് വി. പി. അനില്‍ കുമാര്‍, അഡ്വ.യു. എ. ലത്തീഫ് എംഎല്‍എ ജില്ലാ കളക്ടര്‍ വി. ആര്‍. പ്രേം കുമാര്‍, ജില്ലാ വികസന കമ്മീഷണര്‍ രാജീവ് കുമാര്‍ ചൗധരി, കേരള സ്‌റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് കെ. വിനീഷ്, എ.എ.കെ. ഇന്റര്‍നാഷണല്‍ മാനേജിങ് ഡയറക്ടര്‍ എ.എ.കെ. മുസ്തഫ, മഞ്ചേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ വി. എം. സുബൈദ, മഞ്ചേരി നഗരസഭ പ്രതിപക്ഷ നേതാവ് സാജിദ് ബാബു, വാര്‍ഡ് കൗണ്‍സിലര്‍മാരായ അബ്ദു റഹിം പി, സമീന ടീച്ചര്‍, മലപ്പുറം ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് പ്രൊഫ.അഷ്‌റഫ്, കായിക യുവജന കാര്യാലയം ഡെപ്യൂട്ടി ഡയറക്ടര്‍ ടി.ആര്‍ ജയചന്ദ്രന്‍ തുടങ്ങിയവര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുത്തു.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പ്രതിനിധി ഋഷിനാഥ്, ഗിന്നസ് കോര്‍ഡിനേറ്റര്‍ ഷൈലജ ഗോപിനാഥ്, എ.എ.കെ ഇന്റര്‍നാഷണല്‍ മാനേജിങ് ഡയറക്ടര്‍ എ.എ.കെ മുസ്തഫ എന്നിവരെ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഉപഹാരം നല്‍കി ആദരിച്ചു. ലോക റെക്കോര്‍ഡ് നേടുന്നതിന് സഹകരിച്ച വിവിധ വകുപ്പുകള്‍, കായിക പ്രേമികള്‍, സന്നദ്ധ സംഘടനകള്‍, സ്‌കൂള്‍കോളേജ് വിദ്യാര്‍ത്ഥികള്‍, വൊളന്റിയര്‍മാര്‍ തുടങ്ങി എല്ലാവരെയും കായികവകുപ്പ് മന്ത്രി വി.അബ്ദു റഹിമാന്‍ പ്രത്യേകം അഭിനന്ദിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

Latest News