അതിരപ്പിള്ളി (തൃശൂർ) - നൊമ്പരക്കാഴ്ചയായി ആനക്കൂട്ടി. അതിരപ്പിള്ളി പ്ലാന്റേഷന്റെ എണ്ണപ്പന തോട്ടത്തിലാണ് തുമ്പിക്കൈ അറ്റ നിലയിൽ ആനക്കുട്ടിയെ കണ്ടെത്തിയത്. ഏഴാറ്റുമുഖം മേഖലയിൽ ഇന്നലെ വൈകിട്ടോടെയാണ് തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടിയെ കണ്ടെത്തിയത്.
അമ്മയാനയടക്കം അഞ്ചാനകളാണ് കൂട്ടത്തിലുള്ളത്. നിലവിൽ ആനക്കുട്ടിക്ക് കാര്യമായ അവശതകളൊന്നുമില്ല. ഏതെങ്കിലും മൃഗം ആക്രമിച്ചപ്പോഴോ കുടുക്കിൽ കുടുങ്ങി വലിച്ചപ്പോഴോ തുമ്പിക്കൈ അറ്റുപോയതാകാമെന്നാണ് കരുതുന്നത്.
നാട്ടുകാരനാണ് ആനക്കുട്ടിയെ ആദ്യം കണ്ടത്. തുടർന്ന് ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ജിലേഷ് ചന്ദ്രനെത്തി ചിത്രങ്ങൾ എടുത്ത് വനപാലകരെ അറിയിക്കുകയായിരുന്നു. തുമ്പിക്കൈ ഇല്ലാതെ ആനക്കുട്ടി അതിജീവിക്കുമോ എന്നതിൽ ഉദ്യോഗസ്ഥർക്ക് സംശയമുണ്ട്.