ലഖ്‌നൗ- ഭാരത് ജോഡോ യാത്രക്കിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സഹോദരി പ്രിയങ്ക ഗാന്ധിയെ ചുംബിച്ചതിനെ വിമര്‍ശിച്ച് ബി.ജെ.പി നേതാവ്. അമ്പതാം വയസില്‍ പൊതുവേദിയില്‍ സഹോദരിയെ ഉമ്മവെക്കുന്നത് ഭാരതീയ സംസ്‌കാരമല്ലെന്ന് യു.പി മന്ത്രിയും ബി.ജെ.പി നേതാവുമായ ദിനേഷ് പ്രതാപ് സിങ് പറഞ്ഞു.
21ാം നൂറ്റാണ്ടിലെ കൗരവരാണ് ആര്‍.എസ്.എസുകാരെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതിനോട് പ്രതികരിക്കുകയയായിരുന്നു ബി.ജെ.പി നേതാവ്.
ആര്‍.എസ്.എസുകാരെ കൗരവരെന്നാണ് രാഹുല്‍ വിളിക്കുന്നത്. അദ്ദേഹം
പാണ്ഡവരാണ് എന്നാണോ വിചാരിക്കുന്നത്. അങ്ങനെയാണെങ്കില്‍ ഏത് പാണ്ഡവനാണ് അമ്പതാം വയസില്‍ പൊതുവേദിയില്‍ സഹോദരിയെ ഉമ്മവെച്ചത്- അദ്ദേഹം ചോദിച്ചു.
2024ലെ പൊതുതെരഞ്ഞെടുപ്പില്‍ റായ്ബറേലി മണ്ഡലത്തില്‍ സോണിയ ഗാന്ധിയെ
പരാജയപ്പെടുത്തുമെന്നും പ്രതാപ് സിങ് പറഞ്ഞു. 2019ല്‍ ഈ മണ്ഡലത്തില്‍ സോണിയാ ഗാന്ധിയോട് പരാജയപ്പെട്ടയാളാണ് പ്രതാപ് സിങ്.
നമ്മള്‍ എറെ ബുദ്ധിമുട്ടിയാണ് ബ്രിട്ടീഷുകാരെ പുറത്താക്കി സ്വാതന്ത്ര്യം നേടിയത്. ഇന്ത്യക്കാര്‍ ഒരിക്കലും ഒരു വിദേശിയെ ഭരണാധികാരിയായി അംഗീകരിക്കില്ല. 2024ല്‍ സോണിയ എം.പിയാകില്ല. റായ്ബറേലിയില്‍നിന്ന് പുറത്തുപോകുന്ന അവസാന വിദേശിയായിരിക്കും അവര്‍- പ്രതാപ് സിങ് പറഞ്ഞു.
ആര്‍.എസ്.എസുകാര്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കൗരവരാണെന്നാണ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. രാജ്യത്തെ രണ്ട് മൂന്ന് കോടീശ്വരന്‍മാര്‍ കൗരവര്‍ക്കൊപ്പമാണ് നില്‍ക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു.
ആരായിരുന്നു കൗരവര്‍. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കൗരവരെക്കുറിച്ച് ഞാന്‍ പറയും, അവര്‍ കാക്കി ട്രൗസര്‍ ധരിക്കുന്നു, അവര്‍ കയ്യില്‍ ലാത്തി പിടിക്കുകയും ശാഖയില്‍ പോകുകയും ചെയ്യുന്നു. ഇന്ത്യയിലെ രണ്ടുമൂന്ന് ശതകോടീശ്വരന്മാര്‍ കൗരവര്‍ക്കൊപ്പം നില്‍ക്കുന്നു.
എന്നാല്‍ പാണ്ഡവന്‍മാര്‍ എപ്പോഴും അനീതിക്കെതിരായിരുന്നു. പാണ്ഡവര്‍ നോട്ട് നിരോധനം നടത്തിയോ, തെറ്റായ ജി.എസ്.ടി നടപ്പാക്കിയിരുന്നോ? അവര്‍ എപ്പോഴെങ്കിലും അങ്ങനെ ചെയ്യുമായിരുന്നോ? ഒരിക്കലുമില്ല- രാഹുല്‍ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)