Sorry, you need to enable JavaScript to visit this website.

പച്ചമുട്ടയിലുണ്ടാക്കുന്ന മയോണൈസ് ബേക്കറികളില്‍ ഒഴിവാക്കാന്‍ തീരുമാനം

കൊച്ചി-ഭക്ഷ്യവിഷബാധയേറ്റ് സംസ്ഥാനത്ത് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ഭക്ഷ്യോത്പാദന സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ നടത്തുന്ന പരിശോധനകളെ സ്വാഗതം ചെയ്ത് ബേക്കേഴ്‌സ് അസോസിയേഷന്‍ കേരള (ബേക്ക്). സര്‍ക്കാരിന്റെ നല്ല ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കി ബേക്കറികളില്‍ പച്ചമുട്ട ഉപയോഗിച്ചുണ്ടാകുന്ന മയോണൈസുകള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചതായും അസോസിയേഷന്‍ പ്രസിഡന്റ് വിജേഷ് വിശ്വനാഥ്, ജനറല്‍ സെക്രട്ടറി റോയല്‍ നൗഷാദ് എന്നിവര്‍ പറഞ്ഞു.
ബേക്കറികളില്‍ വേവിക്കാതെ ഉത്പാദിപ്പിക്കുന്ന ഏക ഭക്ഷ്യോത്പന്നം എന്ന നിലയിലാണ് നോണ്‍വെജ് മയോണൈസ് നിരോധിക്കാന്‍ തീരുമാനിച്ചത്. ഇനി മുതല്‍ അസോസിയേഷന്റെ കീഴില്‍ വരുന്ന ബേക്കറികളിലും ബേക്കറി അനുബന്ധ റസ്‌റ്റോറന്റുകളിലും നോണ്‍ വെജ് മയോണൈസുകള്‍ വിളമ്പില്ല. പകരം വെജിറ്റബിള്‍ മയോണൈസ് ഉപയോഗിക്കാനും കൊച്ചിയില്‍ ചേര്‍ന്ന ബേക്കേഴ്‌സ് അസോസിയേഷന്‍ കേരള (ബേക്ക്) സംസ്ഥാന ഭാരവാഹികളുടെ അടിയന്തിര യോഗം തീരുമാനമെടുത്തു.
അല്‍ഫാം, മന്തി, ഷവര്‍മ്മ പോലുള്ള ഭക്ഷണത്തോടൊപ്പം നല്‍കുന്ന സൈഡ് ഡിഷാണ് മയോണൈസ്. ഇതിലുപയോഗിക്കുന്ന മുട്ടയുടെ ഗുണനിലവാരവും കാലപ്പഴക്കവും കണ്ടെത്തുന്നതിന് നിലവില്‍ മാനദണ്ഡങ്ങളില്ല. മതിയായ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടാതെ എത്തുന്ന മുട്ടകളില്‍ സൂക്ഷ്മ ബാക്ടീരിയകളുടെ സാന്നിധ്യം ഉണ്ടായേക്കാം. അവ ഉള്ളില്‍ ചെന്ന് ഭക്ഷ്യ വിഷബാധയ്ക്ക് ഇടയാക്കിയേക്കാമെന്നും ബേക്ക് ആശങ്ക പങ്കുവച്ചു. വിഷരഹിത ഭക്ഷണം ഉറപ്പാന്‍ അനിവാര്യമായ പരിശോധനകള്‍ക്ക് ബേക്കിന്റെ പിന്തുണ ഉണ്ടാകുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
ഇന്ത്യന്‍ ബേക്കേഴ്‌സ് ഫെഡറേഷന്‍ ദേശീയ പ്രസിഡന്റ് പി.എം. ശങ്കരന്‍ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് വിജേഷ് വിശ്വനാഥ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റോയല്‍ നൗഷാദ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി മുഹമ്മദ് ഫൗസീര്‍, സംസ്ഥാന സെക്രട്ടറിമാരായി സി.പി. പ്രേംരാജ്, കിരണ്‍ എസ്.പാലയ്ക്കല്‍, സന്തോഷ് പുനലൂര്‍, ഐടി ആന്‍ഡ് ലോ സെക്രട്ടറി ബിജു പ്രംശങ്കര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News