Sorry, you need to enable JavaScript to visit this website.

തൊണ്ണൂറ്റി മൂന്നാം വയസ്സിലും 'ജീരകശാല' വിളയിച്ച് പള്ളിക്കൈ അച്ഛൻ

പരപ്പ (കാസർകോട്)-പുനം കൃഷിയോടനുബന്ധിച്ചുള്ള പൊഴുതു കൊള്ളലും മൂരലും (കൊയ്ത്ത് ), ഒക്കലും (കാളകളെക്കൊണ്ട് ചവിട്ടിച്ച് കറ്റ മെതിക്കൽ) പതമളക്കലും ഒക്കുപാട്ടും മംഗലംകളിയും കളത്തിലാട്ടവും അരങ്ങു തകർത്തിരുന്ന പരപ്പ പ്രതിഭ നഗറിലെ കോയിത്തട്ട വീട്ടിൽ 93 ന്റെ നിറവിലെത്തിയ പള്ളിക്കൈ അച്ഛൻ കുഞ്ഞമ്പു നായർ ആ ശ്രേഷ്ഠ പാരമ്പര്യത്തിന്റെ തിരുശേഷിപ്പായ നെൽക്കതിർക്കുലയുടെ നിർമാണ തിരക്കിലാണിപ്പോഴും. പാടങ്ങളെല്ലാം റബർ മരങ്ങൾക്കും കവുങ്ങിൻ തോട്ടങ്ങൾക്കുമായി അരങ്ങ് മാറിക്കൊടുത്തപ്പോഴും ഒരു ആവേശമായി, ഹരമായി, അവശേഷിക്കുന്ന വയലിൽ 50 സെന്റോളം അന്യം നിന്നുപോകാറായ ജീരകശാല എന്ന സുഗന്ധം വമിക്കുന്ന നെൽക്കതിർ വിളയിച്ച് സ്വയം ആശ്വസിക്കുകയാണ് പള്ളിക്കൈ അച്ഛൻ. ബസുമതിയോടടുത്ത് നിൽക്കുന്ന ജീരകശാല സ്വന്തം ആവശ്യത്തിനു പുറമെ ബന്ധുമിത്രാദികൾക്ക് വിതരണം ചെയ്ത് ആനന്ദം കണ്ടെത്തുകയാണദ്ദേഹം. റബർ മരത്തിന്റെ വെളുത്ത കണ്ണീരൂറ്റിക്കുടിച്ച് അരച്ചാൺ വയറ് നിറക്കാനാവില്ലെന്ന തിരിച്ചറിവിൽ നാട്ടിലാകെ തപ്പിപ്പരതി കണ്ടെത്തുന്ന ഈ തുണ്ടു ഭൂമിയിലെ വിളവെടുപ്പിന് കാട്ടുതത്തകളും മറ്റു കിളികളും കൂട്ടമായെത്തുമ്പോൾ കസേരയിലിരുന്ന് കവണയൊച്ച കാട്ടി കിളികളെ ഓടിക്കുന്ന ഇദ്ദേഹത്തിന്റെ ചിത്രം ബഹുരസമാണെല്ലാവർക്കും. കണ്ണു തെറ്റിയാൽ നിമിഷ നേരം കൊണ്ടു തന്നെ കിളികുലം പലിശ സഹിതം അത് മുതലാക്കുകയും ചെയ്യും. നടീലിനും കൊയ്ത്തിനും ചേറിപ്പാറ്റലിനും ഒരു നരജീവിയെപ്പോലും കിട്ടാത്ത ഈ തൊഴിലുറപ്പ് കാലത്ത് ഏറെ ത്യാഗം ചെയ്ത് വിളയിച്ചെടുക്കുന്ന നെൽക്കതിരുകളിൽ സമൃദ്ധവും ലക്ഷണയുക്തവുമായ കതിരുകൾ വകഞ്ഞുമാറ്റി ഒഴിവു സമയങ്ങളിൽ വർഷങ്ങളായി മുടക്കം കൂടാതെ ഈ നെൽക്കതിർക്കുല നിർമാണ യജ്ഞം തുടർന്നുകൊണ്ടിരിക്കുന്നു. സന്തത സഹചാരി തൂവക്കുന്ന് രാജൻ ചെറിയ സഹായങ്ങളുമായി ഒപ്പമുണ്ട്. 
 

Latest News