Sorry, you need to enable JavaScript to visit this website.

തരൂരിന്റെ സന്ദർശനത്തിന് ലീഗ് പ്രത്യേക മാനം കൊടുക്കുന്നില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

- സമുദായ നേതാക്കളെ കാണുമ്പോൾ ക്യാമറകൾ വരുന്നു, സന്ദർശനമെല്ലാം ക്ഷണമനുസരിച്ചെന്ന് ശശി തരൂർ
 മലപ്പുറം - കോൺഗ്രസ് നേതാവ് ശശി തരൂർ എം.പിയുടെ സന്ദർശനങ്ങൾക്ക് ലീഗ് പ്രത്യേക മാനം കൊടുക്കുന്നില്ലെന്ന് മുസ്‌ലിം ലീഗ് നേതാവും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി. തരൂരിന്റെ സന്ദർശനത്തിന് രാഷ്ട്രീയ പ്രാധാന്യമില്ലെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളുടെ ചോദ്യത്തോടായി പ്രതികരിച്ചു. 
 കോൺഗ്രസിന്റെ അഭ്യന്തര കാര്യത്തിൽ ഇന്നുവരെ ഇടപെട്ടിട്ടില്ല. മുഖ്യമന്ത്രി സ്ഥാനാർത്ഥി കാര്യത്തിൽ ലീഗ് അഭിപ്രായം പറഞ്ഞിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
 അതിനിടെ, സമുദായ നേതാക്കളുമായുള്ള കൂടിക്കാഴ്ച അവർ ക്ഷണിച്ചതനുസരിച്ചാണെന്നും അങ്ങോട്ടു പോയി കണ്ടതല്ലെന്നും ശശി തരൂർ എം.പി മാധ്യമങ്ങളോട് പ്രതികരിച്ചു. എല്ലാ സമുദായ നേതാക്കളോടും ബഹുമാനമാണെന്നും തരൂർ വ്യക്തമാക്കി. സമുദായ നേതാക്കളെ മാത്രമല്ല സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരുമായി ഇടപെട്ടു വരികയാണ്. പക്ഷേ, സമുദായ നേതാക്കളെ കാണുമ്പോൾ മാത്രമാണ് നിങ്ങളുടെ ക്യാമറകൾ വരുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 


തരൂർ വിഷയത്തിൽ നേതൃ വീഴ്ച; ആരും സ്വയം സ്ഥാനാർത്ഥിത്വം ചമയേണ്ടെന്നും കെ.പി.സി.സി യോഗം

- 137 രൂപ ചലഞ്ചിൽ മൊത്തം പിരിഞ്ഞത് ആറു കോടി
തിരുവനന്തപുരം
- ശശി തരൂരിന്റെ ഒന്നാംഘട്ട മലബാർ പര്യടനം കൈകാര്യം ചെയ്തതിൽ നേതൃത്വത്തിന് വീഴ്ചയുണ്ടായെന്ന് കെ.പി.സി.സി ഭാരവാഹി യോഗത്തിൽ വിമർശം. കോഴിക്കോട്ടെ പരിപാടി വിലക്കിയത് അനാവശ്യ വിവാദം ഉണ്ടാക്കിയെന്നും തരൂരിന് അമിത പ്രാധാന്യം നൽകി വിഷയം വഷളാക്കിയെന്നുമാണ് യോഗത്തിൽ വിമർശം ഉയർന്നത്. ഇത് പൊതുവെ എല്ലാവരും അംഗീകരിക്കുകയും ചെയ്തു.
 അതിനിടെ, ദേശീയസംസ്ഥാന നേതൃത്വങ്ങളെ വെട്ടിലാക്കി ശശി തരൂർ അടക്കമുള്ള ചില എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കാൻ സ്വയം പ്രഖ്യാപനം നടത്തിയതിനെതിരെ യോഗത്തിൽ കടുത്ത വിമർശം ഉയർന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന അഭിപ്രായപ്രകടനങ്ങളിൽനിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നും എം.പിമാരെ ഇക്കാര്യം പറഞ്ഞു ഗൗരവം ബോധ്യപ്പെടുത്താനും തീരുമാനിച്ചു.
 ഏത് സീറ്റിൽ എവിടേക്കു മത്സരിക്കണമെന്നതിൽ ഒരാളും സ്വയം പ്രഖ്യാപനത്തിന് മുതിരേണ്ടതില്ലെന്നും എല്ലാറ്റിലും പാർട്ടിയാണ് അവസാന വാക്കെന്നും യോഗം ഓർമിപ്പിച്ചു. ഒരാൾക്കെതിരെയും കടുത്ത നിലപാട് സ്വീകരിക്കാതെ എല്ലാവരുടെയും കഴിവുകൾ പാർട്ടിക്കുവേണ്ടി ഉപയോഗിക്കാനുള്ള നയതന്ത്രം സ്വീകരിക്കാൻ പാർട്ടിക്കു സാധിക്കണമെന്നും അഭിപ്രായമുയർന്നു.
 വിഷയം നാളത്തെ കെ.പി.സി.സി നിർവ്വാഹകസമിതിയിൽ ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കാമെന്ന് പാർട്ടി അധ്യക്ഷൻ കെ സുധാകരൻ യോഗത്തെ അറിയിച്ചു. കെ.പി.സി.സിയുടെ 137 രൂപ ചലഞ്ചിൽ ക്രമക്കേടില്ലെന്ന് യോഗം വിലയിരുത്തി. കോൺഗ്രസിന്റെ 137ാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ 137 രൂപ ചലഞ്ചിൽ മൊത്തം പിരിഞ്ഞത് ആറു കോടിയാണെന്ന് നേതൃത്വം വ്യക്തമാക്കി. ഇത് സംബന്ധിച്ച കണക്കും നേതൃത്വം അവതരിപ്പിച്ചു. കെ പി സി സി ട്രഷററായിരുന്ന പ്രതാപചന്ദ്രന്റെ മരണത്തെ ചലഞ്ചിനോട് ചേർത്തുവച്ച് ചിലർ കഥകൾ മെനഞ്ഞെന്ന് നേതൃത്വം ചൂണ്ടികാട്ടി. 138 രൂപ ചലഞ്ച് ഉടൻ നടപ്പാക്കാനും തീരുമാനിച്ചു.
 

Latest News