- മോഹൻ ഭാഗവതിന്റെ പ്രസ്താവന ഭരണഘടനാവിരുദ്ധമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്
ന്യൂദൽഹി - രാജ്യത്തെ മുസ്‌ലിംകൾ എങ്ങനെ ജീവിക്കണമെന്ന ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതിന്റെ വിദ്വേഷ പരാമർശത്തിനെതിരെ രൂക്ഷ വിമർശവുമായി സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. 'നമ്മൾ എങ്ങനെ പെരുമാറണമെന്ന് മോഹൻ ഭാഗവത് ആണോ തീരുമാനിക്കുന്നത്. ഇത് പ്രതിഷേധാർഹവും പ്രകോപനപരവുമാണ്. ഭരണഘടനാ വിരുദ്ധമായ മോഹൻ ഭാഗവതിന്റെ പ്രസ്താവനയിൽ കോടതി സ്വമേധയാ കേസെടുക്കണമെന്നും' അവർ ആവശ്യപ്പെട്ടു.
'മുസ്‌ലിംകൾക്ക് ഇന്ത്യയിൽ തുടരണമെങ്കിൽ അവർ വഴങ്ങി ജീവിക്കേണ്ടിവരുമെന്ന് മുൻ ആർ.എസ്.എസ് മേധാവി ഗോൾവാൾക്കർ പറഞ്ഞിരുന്നു. ഇന്നത്തെ ആർ.എസ്.എസ് മേധാവി ഈ ധാരണയും ചിന്തയും ഇന്നും അടിച്ചേല്പ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും പ്രസ്താവന ഭരണഘടനാവിരുദ്ധമാണെന്നും വൃന്ദ കാരാട്ട് വ്യക്തമാക്കി.
ആർ.എസ.എസ് മുഖപത്രമായ ഓർഗനൈസറിന്റെ എഡിറ്റർ പ്രഫുല്ല കേട്കറും പാഞ്ചജന്യ എഡിറ്റർ ഹിതേഷ് ശങ്കറും ചേർന്ന് നടത്തിയ അഭിമുഖത്തിലാണ് ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതിന്റെ വിവാദ വിദ്വേഷ പരാമർശങ്ങളുണ്ടായത്. ആയിരം വർഷമായി യുദ്ധത്തിലായിരുന്ന രാജ്യത്തെ 'ഹിന്ദുസമൂഹം' ഉണർന്നെന്നും 'ആധിപത്യ ചിന്ത' വെടിഞ്ഞാൽ മുസ്‌ലിംകൾക്ക് ഇവിടെ സുരക്ഷിതരായി കഴിയാമെന്നുമാണ് മോഹൻ ഭാഗവത് പറഞ്ഞത്.
യുദ്ധത്തിൽ 'ആക്രമണങ്ങൾ' സ്വാഭാവികമാണ്. വൈദേശിക കടന്നാക്രമണങ്ങൾക്കും സ്വാധീനത്തിനും ഗൂഢാലോചനകൾക്കും എതിരായി യുദ്ധം തുടരണമെന്നും ഭാഗവത് പറഞ്ഞു. ഹിന്ദുധർമത്തെയും സംസ്‌കാരത്തെയും സംരക്ഷിക്കാനുള്ള യുദ്ധത്തിന്റെ വക്കിലാണ് ഹിന്ദുസമൂഹമെന്നാണ് ഭാഗവതിന്റെ അവകാശവാദം. പുറത്തുനിന്നുള്ള ശത്രുക്കൾക്ക് എതിരായല്ല ഈ യുദ്ധം; അകത്തുള്ള ശത്രുക്കൾക്കു നേരെയാണ്. വിദേശ കടന്നുകയറ്റക്കാർ ഇപ്പോൾ ഇവിടെയില്ല. എന്നാൽ, വിദേശ സ്വാധീനവും ഗൂഢാലോചനകളും തുടരുന്നു. ഇതിനെതിരായ യുദ്ധത്തിൽ അത്യാവേശം പ്രകടമായേക്കാം. അത് അഭിലഷണീയമല്ലെങ്കിലും പ്രകോപനപരമായ പ്രസ്താവനകൾ ഉണ്ടാകുന്നു.
ഹിന്ദുസ്ഥാൻ ഹിന്ദുസ്ഥാനായി തുടരണം. ഇവിടെ മുസ്‌ലിംകൾ കഴിയുന്നതിൽ കുഴപ്പമില്ല. പൂർവികരുടെ വിശ്വാസത്തിലേക്ക് മടങ്ങാൻ അവർ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അങ്ങനെയാകാം. അക്കാര്യത്തിൽ ഹിന്ദുക്കൾക്ക് കടുംപിടിത്തമില്ല. അതേസമയം, മുസ്‌ലിംകൾ അവർ 'കേമന്മാരാണെന്ന' ചിന്ത ഉപേക്ഷിക്കണം. തങ്ങൾ ഉന്നതരാണ്, ഇവിടെ ഭരിച്ചവരാണ്, തങ്ങൾ വ്യത്യസ്തരാണ് ഇത്തരം ചിന്തകൾ എല്ലാവരും ഉപേക്ഷിക്കണം.
ദൈനംദിന രാഷ്ട്രീയത്തിൽനിന്ന് ആർ.എസ്.എസ് ബോധപൂർവം മാറിനിൽക്കുമ്പോൾതന്നെ ദേശീയ നയങ്ങളെയും ഹിന്ദു താൽപ്പര്യങ്ങളെയും ബാധിക്കുന്ന രാഷ്ട്രീയത്തിൽ താൽപ്പര്യമുണ്ടെന്നും ഭാഗവത് പ്രതികരിച്ചു.
മുമ്പ് സ്വയംസേവകർ രാഷ്ട്രീയ അധികാരത്തിന് പുറത്തായിരുന്നു. ഇപ്പോൾ അതല്ല സ്ഥിതി. ഒരു രാഷ്ട്രീയ പാർട്ടി വഴിയാണ് സ്വയംസേവകർ ഈ സ്ഥാനങ്ങളിൽ എത്തിയത്. അവർ ചെയ്യുന്ന കാര്യങ്ങളിൽ ആർ.എസ്.എസിന് ഉത്തരവാദിത്തമുണ്ട്. സ്വയംസേവകർ അധികാരത്തിൽ ഇല്ലാതിരുന്ന സമയത്തും ഞങ്ങളുടെ അഭിപ്രായം കേട്ടവരുണ്ട്. പ്രണബ് മുഖർജി മന്ത്രിയായിരിക്കെ നേപ്പാൾ വിഷയങ്ങളിൽ ആർ.എസ്.എസിന്റെ ആശങ്കകൾ പതിവായി കേട്ടിരുന്നുവെന്നും ഭാഗവത് അഭിമുഖത്തിൽ വെളിപ്പെടുത്തുകയുണ്ടായി. ഇതിനെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് രാജ്യത്തെ വിവിധ കോണുകളിൽനിന്ന് ഉയരുന്നത്.
ആർ.എസ്.എസ് തലവന്റേത് മുൻ നേതാക്കളുടെ വിദ്വേഷ രചനകളുടെ പുതുക്കൽ; നിഷ്ഠൂരമെന്ന് സി.പി.എം പി.ബി
ന്യൂദൽഹി - ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത് നടത്തിയ നിഷ്ഠൂര പരാമർശങ്ങൾ ഇന്ത്യൻ ഭരണഘടനയോടും എല്ലാ പൗരന്മാരുടെയും തുല്യാവകാശങ്ങളോടും നിയമവാഴ്ചയോടും ഉള്ള തുറന്ന വെല്ലുവിളിയാണെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ.
രാജ്യത്ത് സുരക്ഷിതരായി കഴിയണമെങ്കിൽ മുസ്‌ലിംകൾ അവരുടെ മേല്‌ക്കോയ്മ മനോഭാവം ഉപേക്ഷിക്കണമെന്ന് മോഹൻ ഭാഗവത് ഭീഷണിപ്പെടുത്തുകയാണ് പി.ബി ആരോപിച്ചു. ഹിന്ദുക്കൾ യുദ്ധത്തിലാണെന്ന് പറയുന്ന മോഹൻ ഭാഗവത് ചരിത്രപരമായ തെറ്റുകൾ തിരുത്താനെന്ന പേരിൽ ഹിന്ദു സമൂഹത്തിന്റെ ആക്രമണങ്ങളെ ന്യായീകരിക്കുകയാണ്. ആർ.എസ്.എസ് തലവൻ, മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ ഒരു വിഭാഗം പൗരന്മാർക്കെതിരായി ആക്രമണത്തിന് ആഹ്വാനം ചെയ്യുകയാണെന്നും സി.പി.എം ആരോപിച്ചു.
ഹിന്ദു സമൂഹം അല്ല, ആർ.എസ്.എസ് ആശയങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടും ഭഗവതിനെപ്പോലുള്ള നേതാക്കളുടെ പിൻബലത്താലും ഹിന്ദുത്വ സംഘങ്ങളാണ് ഭരണഘടനയ്ക്കും ന്യൂനപക്ഷങ്ങളുടെ നിയമപരമായ അവകാശങ്ങൾക്കും നേരെ തുടർച്ചയായി ആക്രമണങ്ങൾ നടത്തി അവരിൽ അരക്ഷിതബോധം സൃഷ്ടിക്കുന്നത്.
കീഴ്‌പ്പെട്ടവരെന്ന് അംഗീകരിച്ചാൽ മാത്രമേ ഇന്ത്യയിൽ മുസ്‌ലിംകൾക്ക് ജീവിക്കാൻ കഴിയൂ എന്ന് ആർ.എസ്.എസ് ആദ്യകാല നേതാക്കളായ ഹെഗ്‌ഡെവാറും ഗോൾവാൾക്കറും നടത്തിയ വർഗീയ വിദ്വേഷ രചനകളുടെ പുതുക്കൽ മാത്രമാണ് ഭഗവതിന്റെ പ്രസ്താവനയെന്നും ഇത്തരം പ്രസ്താവനകൾ അങ്ങേയറ്റം അപലപനീയമാണെന്നും സി.പി.എം പി.ബി വ്യക്തമാക്കി.