ഒട്ടാവ- കാനഡയില്‍ വിദേശികള്‍ക്ക് റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികള്‍ വാങ്ങുന്നതിനുള്ള വിലക്ക് പ്രാബല്യത്തില്‍ വന്നു.
ജിസിസിയില്‍ നിന്നുള്ള സമ്പന്നരായ നിക്ഷേപകര്‍ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടിയില്‍ നിക്ഷേപിക്കാന്‍ ധാരാളമായി മുന്നോട്ടുവന്നിരുന്നു. കോവിഡ് മഹാമാരി ആരംഭിച്ചതുമുതല്‍ വീടുകളുടെ വിലയിലുണ്ടായ വര്‍ദ്ധനവിനെ തുടര്‍ന്നാണ് കാനഡ നിരോധനം ഏര്‍പ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
കാനഡ ഉള്‍പ്പെടെ നിരവധി പാശ്ചാത്യ നഗരങ്ങളിലെ റിയല്‍ എസ്‌റ്റേറ്റ് ആസ്തികളിലെ മുന്‍നിര അന്താരാഷ്ട്ര നിക്ഷേപകരില്‍ ജിസിസിയില്‍ നിന്നുള്ള സമ്പന്നരും ഉള്‍പ്പെടുന്നു.
നിലവില്‍ രണ്ട് വര്‍ഷത്തേക്കാണ് നിരോധനം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നിരുന്നാലും, പൗരന്മാരല്ലാത്ത കാനഡയിലെ കുടിയേറ്റക്കാരെയും സ്ഥിര താമസക്കാരെയും നിരോധനത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കോവിഡ് ആരംഭിച്ചതിന് ശേഷം ആഭ്യന്തര വിപണിയില്‍ വീടുകളുടെ വില കുതിച്ചുയര്‍ന്നതിനാല്‍ സ്വത്തുക്കളിലെ വിദേശ നിക്ഷേപം നിരോധിക്കാന്‍ കനേഡിയന്‍ സര്‍ക്കാര്‍ നിയമം പാസാക്കുകയായിരുന്നു.
സ്വത്തുക്കളിലെ വിദേശ നിക്ഷേപം വിലവര്‍ധനയിലേക്ക് നയിക്കുന്നതായുള്ള ഒരു വിഭാഗം രാഷ്ട്രീയക്കാരുടെ പ്രചാരണവും നിരോധന നീക്കത്തെ സ്വാധീനിച്ചതായി പറയപ്പെടുന്നു.
ലാഭം കൊയ്യുന്നവരെയും സമ്പന്ന കോര്‍പ്പറേഷനുകളെയും വിദേശ നിക്ഷേപകരെയും കനേഡിയന്‍ വീടുകളിലേക്ക് ആകര്‍ഷിക്കുന്നുവെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പാര്‍ട്ടിയുടെ പ്രചാരണ വെബ്‌സൈറ്റ് കഴിഞ്ഞ വര്‍ഷം പ്രസ്താവിച്ചിരുന്നു.
ഇത് വ്യാപകമായ ഊഹക്കച്ചവടങ്ങള്‍ക്കും വില കുതിച്ചുയരാനും കാരണമായി. വീടുകള്‍ ജനങ്ങള്‍ക്കുള്ളതാണ്, നിക്ഷേപകര്‍ക്ക് വേണ്ടിയല്ലെന്നും പാര്‍ട്ടി അതില്‍ പറയുന്നു.
2020ലും 2021ലും കുത്തുനെ ഉയര്‍ന്ന വീടുകളുടെ വില 2022ല്‍ താഴ്ന്നു തുടങ്ങിയിരുന്നെങ്കിലും നിരോധനം ഏര്‍പ്പെടുത്തുന്നത് ഇപ്പോള്‍ മാത്രമാണ്.
കനേഡിയന്‍ റിയല്‍ എസ്‌റ്റേറ്റ് അസോസിയേഷന്റെ കണക്കനുസരിച്ച്, കാനഡയിലെ ശരാശരി ഭവന വില ഫെബ്രുവരിയില്‍ കനേഡിയന്‍ ഡോളറിന് 800,000 ഡോളറിന് മുകളിലെത്തി, അതിനുശേഷം ക്രമാനുഗതമായി ഇടിഞ്ഞു.
കനേഡിയന്‍ ബാങ്കും പലിശനിരക്ക് ഉയര്‍ത്തുന്നതിനാല്‍ വിലക്കയറ്റത്തിന് ഉത്തരവാദിയാണെന്നാണ് റിപ്പോര്‍ട്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)