ന്യൂദൽഹി- രാജ്യത്തെ നികുതി വെട്ടിച്ച് വൻതോതിൽ വിദേശത്തു നിക്ഷേപം നടത്തിയ 137 ഇന്ത്യക്കാരെക്കുറിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നു. പനാമയിലെ നിയമ സ്ഥാപനമായ മൊസാക് ഫൊൻസ്‌കോയുടെ രേഖകൾ ചോർത്തി ഒരു ജർമൻ പത്രം പുറത്തുവിട്ട പനാമ പേപ്പേഴ്‌സിൽ പേരുള്ള നികുതി വെട്ടിച്ച ഇന്ത്യക്കാരെ കുറിച്ചാണ് വകുപ്പ് അന്വേഷിക്കുന്നത്. ആദായ നികുതി വകുപ്പ് അന്വേഷണ വിഭാഗം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നൽകിയ പട്ടികയിലെ നികുതി വെട്ടിച്ചിട്ടുണ്ടെന്ന് വ്യക്തമായ 192 പേരിൽ 137 ആളുകളെ കുറിച്ചാണ് അന്വേഷിക്കുന്നത്.
ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിലെ (ഫെമ) വകുപ്പ് 37 പ്രകാരം കഴിഞ്ഞ രണ്ടു മാസത്തിലധികമായി പനാമ പേപ്പേഴ്‌സിൽ പേരുള്ള 137 പേരുടെ അടുത്തേക്ക് എൻഫോഴ്‌സ്‌മെന്റ് തങ്ങളുടെ പ്രതിനിധികളെ അയച്ചതായി എൻഫോഴ്‌സ്‌മെന്റ് വൃത്തങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്.
ആദായ നികുതി വകുപ്പിൽ നിന്ന് പനാമ പേപ്പേഴ്‌സിൽ പേരുള്ള നികുതി വെട്ടിപ്പുകാരുടെ പട്ടിക ലഭിച്ചയുടനെ ദൽഹി, മുംബൈ, ഹൈദരാബാദ്, ബംഗലൂരു, ചെന്നൈ അടക്കമുള്ള നഗരങ്ങളിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മേഖലാ ഓഫീസുകൾക്ക് ഇതു സംബന്ധിച്ച് അന്വേഷിക്കാനും ഫെമ സെക്ഷൻ 37 പ്രകാരം ദൂതൻമാരെ അയക്കാനും നിർദേശം നൽകിയിട്ടുണ്ടെന്നും എൻഫോഴ്‌സ്‌മെന്റ വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
ആദായ നികുതി വകുപ്പ്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയ്ക്ക് പുറമേയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പനാമ പേപ്പേഴ്‌സ് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. നികുതി വെട്ടിച്ച് വിദേശത്ത് സമ്പത്ത് സൂക്ഷിക്കുന്നവരുടെ പേരുവിവരങ്ങൾ അടങ്ങിയ മൊസാക് ഫൊൻസ്‌കയുടെ രേഖകൾ അജ്ഞാത സ്രോതസ്സ് വഴി ജർമൻ പത്രമായ സിഡോയിച് സെയ്തൂംഗ് ചോർത്തി ലോക വ്യാപകമായി ഇന്റർനാഷണൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ്‌സ് (ഐ.സി.ഐ.ജെ) വഴി പങ്കുവെക്കുകയായിരുന്നു.
ഇന്ത്യയിൽ നിന്ന് ഹിന്ദി ചലച്ചിത്ര താരങ്ങളായ അമിതാഭ് ബച്ചൻ, ഐശ്വര്യ റായ്, ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനി അടക്കം 415 പേരുടെ പട്ടിക 2016 നവംബർ 15 ന് ഇന്ത്യൻ മാധ്യമങ്ങൾ പുറത്തു വിട്ടിരുന്നു.