Sorry, you need to enable JavaScript to visit this website.

സൗദി ബാങ്കുകളിൽ വനിതകൾക്ക് 13,000 കോടിയുടെ നിക്ഷേപം

റിയാദ് - സൗദിയിലെ ബാങ്കുകളിൽ സൗദി വനിതകൾക്ക് 13,000 കോടി റിയാലിന്റെ നിക്ഷേപമുണ്ടെന്ന് സൗദി ബാങ്കുകളുടെ കൂട്ടായ്മക്കു കീഴിലെ മീഡിയ, ബോധവൽക്കരണ കമ്മിറ്റി സെക്രട്ടറി ജനറൽ ത്വൽഅത് ഹാഫിസ് പറഞ്ഞു. സൗദി ബാങ്കുകളിലെ വ്യക്തിഗത നിക്ഷേപങ്ങളുടെ 20 ശതമാനമാണിത്. വനിതകളുടെ നിക്ഷേപങ്ങൾ മരവിച്ച സ്വത്താണെന്ന് വിശേഷിപ്പിക്കുന്നത് തെറ്റാണ്. അക്കൗണ്ട് ഉടമകളുമായി ബന്ധപ്പെട്ട വിവരങ്ങൾ പുതുക്കാത്തതിനും തിരിച്ചറിയൽ രേഖകളുടെ കാലാവധി അവസാനിക്കുന്നതു മൂലവുമാണ് അക്കൗണ്ടുകൾ മരവിപ്പിക്കുന്നത്. 
കറണ്ട് അക്കൗണ്ടുകളിൽ നിക്ഷേപിച്ച പണം പ്രയോജനപ്പെടുത്താതെ കിടക്കുന്ന പണമാണെന്നും പറയാൻ കഴിയില്ല. ഈ പണം വാണിജ്യ, നിക്ഷേപ കാര്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നതിനുള്ള തീരുമാനമെടുക്കേണ്ടത് ഉപയോക്താക്കളാണ്. വാണിജ്യ പദ്ധതികളിൽ പണം നിക്ഷേപിക്കുന്നതിന് ഉപയോക്താക്കളെ നിർബന്ധിക്കാനോ നിർദേശിക്കാനോ ബാങ്കുകൾക്ക് അവകാശമില്ല. 
ഓഗസ്റ്റ് അവസാനത്തെ കണക്കുകൾ പ്രകാരം സൗദിയിലെ ബാങ്കുകളിൽ 45,600 കോടി റിയാലിന്റെ ഫിക്‌സഡ് ഡെപ്പോസിറ്റുകളുണ്ട്. ബാങ്കുകൾക്കു കീഴിൽ 278 ഇൻവെസ്റ്റ്‌മെന്റ് ഫണ്ടുകളുണ്ട്. ഇവയുടെ ആകെ മൂല്യം 9,000 കോടി റിയാലാണ്. ഇതിൽ 7,010 കോടി റിയാൽ പ്രാദേശിക ആസ്തിയും 1,910 കോടി റിയാൽ വിദേശ ആസ്തിയുമാണ്. സൗദി ബാങ്കുകളുടെ ഇൻവെസ്റ്റ്‌മെന്റ് ഫണ്ടുകളിൽ 2,28,325 പേർ ചേർന്നിട്ടുണ്ടെന്നും ത്വൽഅത് ഹാഫിസ് പറഞ്ഞു. 

Tags

Latest News