കോഴിക്കോട് - സ്വപ്‌ന നഗരിയിൽ സമാപിച്ച മുജാഹിദ് സമ്മേളനം ബഹിഷ്‌കരിച്ചതിന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക് ലീഗ് സാരഥിയും മുജാഹിദ് പ്രാസംഗികനും ഖുർആൻ പണ്ഡിതനുമായ സഈദ് തളിയിലിന്റെ കത്ത്. പാണക്കാട് കുടുംബാംഗങ്ങൾ സമസ്തയിലെ ചില നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്ന് മുജാഹിദ് സമ്മേളനം ബഹിഷ്‌കരിച്ചതിനു പിന്നാലെയാണ് കത്ത്. മുസ്‌ലിം ലീഗിന്റെ പഴയകാല സൗഹൃദ പാരമ്പര്യം വ്യക്തമാക്കിയും, മുസ്‌ലിം ലീഗ് എന്ന രാഷ്ട്രീയ പാർട്ടിയുടെ ഉത്തരവാദപ്പെട്ട പദവിയിൽ ഇരിക്കുകയും ചെയ്യുന്ന ഒരാൾ, ഒരു സമുദായ സംഘടനയുടെ സമ്മേളനത്തോട് മുഖംതിരിച്ചതിലെ തെറ്റ് ചൂണ്ടിക്കാട്ടുന്നതാണ് കത്ത്.
'കേരളത്തിലെ മിക്ക രാഷ്ട്രീയ കക്ഷികളും പങ്കെടുത്ത ഒരു സമ്മേളനത്തിൽ
വരരുതെന്ന് നിങ്ങളെ ശാസിക്കാൻ ഒരു മതപൗരോഹിത്യത്തെയും അനുവദിക്കാത്ത മനക്കരുത്ത് തങ്ങൾ ആർജിക്കണം. ബാഫഖി തങ്ങൾക്ക് മുജാഹിദ് പള്ളിക്ക് തറക്കല്ലിടാമെങ്കിൽ, പാണക്കാട് തങ്ങൾക്ക് അബ്ദുൽഗഫൂർ മൗലവിയുടെ കൂടെ ഈദ്ഗാഹ് പങ്കിടാമെങ്കിൽ, സൈദുമ്മർ തങ്ങൾക്ക് തിരൂരങ്ങാടി യതീംഖാനയുടെ കാമ്പസിൽ എം.കെ ഹാജിയുടെ കൂടെ തോളുരുമ്മി നമസ്‌കരിക്കാമെങ്കിൽ, മങ്കട അസീസ് മൗലവിയുടെ ജനാസ നമസ്‌കാരത്തിന് ശിഹാബ് തങ്ങൾക്ക് ഇമാമത്ത് നിൽകാമെങ്കിൽ കോഴിക്കോട് സ്വപ്‌ന നഗരിയിൽ ലക്ഷങ്ങളിൽ ഒരാളാവാൻ സാദിഖലി തങ്ങൾക്കും കഴിയുമായിരുന്നു'വെന്ന് കത്തിൽ ഓർമിപ്പിക്കുന്നു.
കത്തിന്റെ പൂർണ രൂപം ഇങ്ങനെ:
ബഹു: സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡണ്ട് അവർകൾക്ക്,
അസ്സലാമു അലൈക്കും
. മഹാകവി വില്യംകൂപ്പറുടെ തൊണ്ടയിൽ ഒരിക്കൽ ഒരീച്ച കയറി. ഈച്ചയെ പുറത്തു ഉയർത്തിപ്പിടിച്ചു കൊണ്ട് അദ്ദേഹം ചോദിച്ചു: ഈച്ചേ, എനിക്കും നിനക്കും ജീവിക്കാൻ മാത്രം വിശാലമാണി ലോകം. നീ എന്തിനാണ് എന്റെ തൊണ്ടയിൽ കയറുന്നത്? മുജാഹിദ് സമ്മേളനത്തെ വിശകലനം ചെയ്യുന്ന സകല ദോഷൈക ദൃക്കുകളുടെയും മുമ്പിൽ മഹാകവിയുടെ ഈ ചോദ്യം സമർപ്പിച്ചു കൊള്ളട്ടെ...
'പോക്കർ സാഹിബ് ജയിക്കട്ടെ, സമുദായ മുണരട്ടെ,
നാട് വിട്ട സയ്യിദര് നാട്
കാണട്ടെ'
മാപ്പിളകവിതേർ കണ്ടി മമ്മദിന്റെ വരികൾ. 1935ലെ ഇന്ത്യാ ഗവണ്മെന്റ് ആക്ടിനെ തുടർന്ന് 1937ൽ നടന്ന തെരഞ്ഞെടുപ്പ്. കുറുമ്പ്രനാട്ടിൽ പോക്കർ സാഹിബിന്റെ എതിർ സ്ഥാനാർതി ഖാൻ ബാഹദൂർ പി.എം ആററക്കോയ തങ്ങൾ ജയിച്ചു. കാരണം ബാഫഖി തങ്ങൾ ലീഗിന്റെ എതിർപക്ഷത്തായിരുന്നു. തങ്ങളെ ലീഗിലേക്ക് കൊണ്ട് വന്നത് കെ.എം മൗലവിയായിരുന്നു.
ഹൈദറാബാദിലെ റസാഖർമാർക്കെതിരെയുള്ള ആക്ഷൻ കാലത്ത്
പാണക്കാട് പൂക്കോയ തങ്ങളെയും എൻ.വി അബ്ദുസ്സലാം മൗലവിയെയും അറസ്റ്റ് ചെയ്തതും ജയിലിലടച്ചതും ഒരേ മുറിയിൽ.
പാണക്കാട് തങ്ങളെ ലീഗിലേക്ക് നയിച്ചത് കെ.എം മൗലവി.
കേരളത്തിലെ ആദ്യത്തെ ലീഗ് ശാഖ: തിരൂരങ്ങാടി, പ്രസിഡണ്ട്: കെ.എം മൗലവി
സെക്രട്ടറി: ഉമർ മൗലവി.
മുക്കാൽ നൂറ്റാണ്ട് പാരമ്പര്യമുള്ള ചന്ദ്രികകയുടെ സ്ഥാപകൻ: കെ.എം സീതി സാഹിബ്.
ഞാൻ ഒരു ലീഗുകാരൻ.
ലീഗിന്റെ പഞ്ചായത്ത് കൗൺസിലർ.
ലീഗിന്റെ പല വേദികളിലും സംസാരിക്കാറും ക്ലാസ്സെടുക്കാറുമുണ്ട്. സ്ഥാപനം മുതൽ KSTUവിൽ മെമ്പർ ....
ചന്ദ്രികയുടെ സ്ഥിരം വരിക്കാരൻ ......
എന്നെപ്പോലെ ലക്ഷക്കണക്കിൽ
മുജാഹിദുകൾ സജീവമായി ലീഗിലുണ്ട്.
പാണക്കാട് തങ്ങളെ സമ്മേളനത്തിന് ക്ഷണിച്ചത് ലീഗ് പ്രസിഡണ്ടായത് കൊണ്ടാണ്.
അല്ലാതെ, തങ്ങൾ എന്ന ഒരു ബഹുമാനവും കൊണ്ടല്ല.
കാരണം, പ്രവാചക കുടുംബത്തോട് ഇഴബന്ധമുള്ള ഒരാളും ഒരു കുടുംബവും കേരളത്തിൽ ഇല്ല എന്ന് ഉറച്ച് വിശ്വസിക്കുന്ന ഒരു ചരിത്ര വിദ്യാർത്ഥിയാണ് ഞാൻ.
കേരളത്തിലെ മിക്ക രാഷ്ട്രീയ കക്ഷികളും പങ്കെടുത്ത
ഒരു സമ്മേളനത്തിൽ
വരരുതെന്ന് നിങ്ങളെ ശാസിക്കാൻ
ഒരു മതപൗരോഹിത്യത്തെയും അനുവദിക്കാത്ത മനക്കരുത്ത് നിങ്ങൾ ആർജിക്കണം.
ബാഫഖി തങ്ങൾക്ക് മുജാഹിദ് പള്ളിക്ക് തറക്കല്ലിടാമെങ്കിൽ,
പാണക്കാട് തങ്ങൾക്ക് അബ്ദുൽ ഗഫൂർ മൗലവിയുടെ കൂടെ ഈദ് ഗാഹ് പങ്കിടാമെങ്കിൽ,
സൈദുമ്മർ തങ്ങൾക്ക് തിരൂരങ്ങാടി യതീം ഖാനയുടെ കാമ്പസിൽ
എം.കെ ഹാജിയുടെ കൂടെ തോളുരുമ്മി നമസ്‌കരിക്കാമെങ്കിൽ,
മങ്കട അസീസ് മൗലവിയുടെ ജനാസ നമസ്‌കാരത്തിന് ശിഹാബ് തങ്ങൾക്ക് ഇമാമത് നിൽകാമെങ്കിൽ
കോഴിക്കോട് സ്വപ്‌ന നഗരിയിൽ ലക്ഷങ്ങളിൽ ഒരാളാവാൻ
സാദിഖലി തങ്ങൾക്കും കഴിയുമായിരുന്നു.
നിങ്ങളെ
ഭീഷണിപ്പെടുത്തുന്ന യാഥാസ്തിതികക്കുട്ടം
സി.എച്ചിനെ പരാജയപ്പെട്ടത്തി മഞ്ചുനാഥ് റാവുവിനെ വിജയിപ്പിക്കാൻ മൗലൂദോതി നടന്ന കാലത്തും ഈ പ്രസ്ഥാനം ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ കൂടെയുണ്ടായിരുന്നു.
സഈദ് തളിയിൽ