- പ്രമേയം അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്ക്
യു.എൻ - പിറന്ന മണ്ണിൽ ജീവിക്കാനുളള ഫലസ്തീൻ ജനതയുടെ അവകാശപ്പോരാട്ടങ്ങളെ പിന്തുണച്ച് ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ പ്രമേയം. ഇസ്രായേൽ അധിനിവേശം ഫലസ്തീനിലെ മനുഷ്യാവകാശത്തെ പ്രതികൂലമായി ബാധിക്കുന്നതായി പ്രമേയത്തിൽ കുറ്റപ്പെടുത്തി. എന്നാൽ തീവ്രവാദികൾക്ക് പിന്തുണയേകുന്ന നടപടിയാണിതെന്ന് ചൂണ്ടിക്കാട്ടി ഇസ്രായേൽ പ്രമേയത്തിനെതിരെ രംഗത്തുവന്നു.
തുടർന്ന് യു.എൻ പൊതുസഭയിൽ വോട്ടിനിട്ടപ്പോൾ 87 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിക്കുകയും 26 രാജ്യങ്ങൾ എതിർക്കുകയുമായിരുന്നു. ഇന്ത്യ, ജപ്പാൻ, ഫ്രാൻസ് അടക്കമുള്ള 53 രാജ്യങ്ങൾ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നത് പ്രമേയത്തിന് തിരിച്ചടിയായി.
അതിനിടെ, യു.എൻ പൊതുസഭയിൽ അവതരിപ്പിച്ച പ്രമേയത്തിന് മുൻപത്തേതിനേക്കാൾ കൂടുതൽ രാജ്യങ്ങളുടെ പിന്തുണ ലഭിച്ചതിനെ അറബ് ലോകവും സമാധാനകാംക്ഷികളും സ്വാഗതം ചെയ്തു.
റഷ്യ, ചൈന, ബെൽജിയം, പോർച്ചുഗൽ, ശ്രീലങ്ക ഉൾപ്പെടെയുള്ള 87 രാജ്യങ്ങൾ ഫലസ്തീൻ ജനതയെ പിന്തുണക്കുന്ന പ്രമേയത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചപ്പോൾ യു.കെ, യു.എസ്, ജർമനി ഉൾപ്പെടെയുള്ള 26 രാജ്യങ്ങൾ ഇസ്രായേലിന്റെ പാട്ടിനൊത്തു തുള്ളുകയായിരുന്നു. ഒരുകാലത്ത് ചേരിചേരാ നയത്തിലൂടെ നയതന്ത്ര രംഗത്ത് ലോകത്തിന് മാതൃകയായും ഫലസ്തീൻ ജനതയ്ക്കു നേരെയുള്ള ഇസ്രായേലിന്റെ നരനായാട്ടുകൾക്കെതിരെയും ധീരമായി ശബ്ദിച്ച ഇന്ത്യ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്ന് ഇരകളുടെ വികാരം മാനിച്ചില്ല. ഇത് ലോകത്തെ സമാധാന ദാഹികളെയും അറബ് ലോകത്തിന്റെയുമെല്ലാം പ്രതീക്ഷകൾക്ക് തിരിച്ചടിയാണ്. ഇത്തരമൊരു സാഹചര്യത്തിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ (ഐ.സി.ജെ) അഭിപ്രായം തേടിയിരിക്കുകയാണ് യു.എൻ പൊതുസഭ.
ജറുസലേമിന്റെ ജനസംഖ്യാ ഘടന, സ്വഭാവം, പദവി എന്നിവയിൽ മാറ്റം വരുത്താൻ ലക്ഷ്യമിട്ടുള്ള നടപടികൾ ഉൾപ്പെടെ ഇസ്രായേലിന്റെ 'അധിനിവേശം, കുടിയേറ്റം, കൂട്ടിച്ചേർക്കൽ... എന്നിവയുടെ നിയമപരമായ അനന്തരഫലങ്ങളെക്കുറിച്ച് ഒരു ഉപദേശകം നൽകാനാണ് യു.എൻ ജനറൽ അസംബ്ലി ഐ.സി.ജെയോട് ആവശ്യപ്പെട്ടത്. വിവേചനപരമായ നിയമനിർമാണ നടപടികളും മറ്റും അധിനിവേശത്തിന്റെ നിയമപരമായ നിലയെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചും ഈ പദവിയിൽ നിന്ന് എല്ലാ രാജ്യങ്ങൾക്കും യു.എന്നിനും നിയമപരമായ എന്ത് പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഉപദേശിക്കാനും യു.എൻ പ്രമേയം ഐ.സി.ജെയോട് അഭ്യർത്ഥിച്ചു.
അതിനിടെ, അധിനിവേശ വിരുദ്ധ പോരാട്ടത്തിന് ഭൂരിപക്ഷം രാജ്യങ്ങളുടെ പിന്തുണ പ്രമേയത്തിന് ലഭിച്ചതിൽ അറബ് നേതൃത്വം സംതൃപ്തി രേഖപ്പെടുത്തി. വിട്ടുനിന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെ സമീപിച്ച് നിലപാട് മാറ്റത്തിന് പ്രേരിപ്പിക്കാൻ തുടർ നടപടികൾ സ്വീകരിക്കാനാണ് അറബ് ലീഗ് ഉൾപ്പെടെയുള്ള ഫലസ്തീൻ അനുകൂല കൂട്ടായ്മകളുടെ താൽപ്പര്യം.
ഫലസ്തീൻ ജനതയ്ക്കു ലഭിച്ച നിർണായക നേട്ടമാണ് പ്രമേയത്തിന് ലഭിച്ച പിന്തുണയെന്ന് ഫലസ്തീൻ സംഘടനകൾ അറിയിച്ചു. മാത്രവുമല്ല, പാശ്ചാത്യ രാജ്യങ്ങളിൽ പലരെയും പ്രമേയത്തോടൊപ്പം നിലനിർത്താൻ സാധിച്ചതും വലിയ അംഗീകാരമായി കാണാനാവും.
അന്താരാഷ്ട്ര നീതിന്യായ കോടതി ഫലസ്തീനി ജനതയുടെ മനുഷ്യാവകാശങ്ങളെ ഹനിക്കുന്ന ഇസ്രായേലിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഫലസ്തീൻ സംഘടനകൾ ആവശ്യപ്പെട്ടു. തീർത്തും ഏകപക്ഷീയവും അന്യായവുമായ അധിനിവേശം അവസാനിപ്പിക്കാനുള്ള അടിയന്തര നടപടിയാണ് വേണ്ടതെന്നും വിവിധ സംഘടനകൾ ചൂണ്ടിക്കാട്ടി.
അതേസമയം, ഇരു കക്ഷികളെയും വീണ്ടും ചർച്ചയിലേക്ക് കൊണ്ടുവരുന്നതിന് അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്കുള്ള റഫറൽ സഹായകരമാണെന്ന് തോന്നുന്നില്ലെന്ന് യു.കെ നയതന്ത്രജ്ഞൻ തോമസ് ഫിപ്പ്‌സ് പറഞ്ഞു.
രണ്ട് കക്ഷികളുടെയും സമ്മതമില്ലാതെ ഒരു ഉഭയകക്ഷി തർക്കത്തിൽ ഒരു ഉപദേശക അഭിപ്രായം നൽകാൻ കോടതിയോട് ആവശ്യപ്പെടുന്നത് അനുചിതമാണെന്നാണ് ഇംഗ്ലണ്ടിന്റെ നിലപാട്.