Sorry, you need to enable JavaScript to visit this website.

ദുബായില്‍ 30 ശതമാനം മദ്യനികുതി പിന്‍വലിക്കുന്നു, ലൈസന്‍സ് ഫീ റദ്ദാക്കി

ദുബായ്- മദ്യം വാങ്ങാനുള്ള ലൈസന്‍സ് ലഭിക്കുന്നതിന് ഈടാക്കിയിരുന്ന ഫീസ് ദുബായ് കമ്പനികള്‍ ഒഴിവാക്കി. വ്യക്തിഗത ആല്‍ക്കഹോള്‍ ലൈസന്‍സിനുള്ള ഫീസാണ് മാരിടൈം ആന്റ് മെര്‍ക്കന്റൈല്‍ ഇന്റര്‍നാഷണല്‍ (എംഎംഐ) പിന്‍വലിച്ചത്. നഗരത്തിലെ ലഹരിപാനീയങ്ങളുടെ വില്‍പനക്ക് ഈടാക്കിയിരുന്ന  30 ശതമാനം മുനിസിപ്പാലിറ്റി നികുതി നിര്‍ത്തലാക്കുമെന്ന വാര്‍ത്തക്കു പിന്നാലെയാണിത്.
നഗരത്തില്‍  ഇനി മുതല്‍ നിയമപരമായി മദ്യം വാങ്ങാന്‍ അര്‍ഹതയുള്ളവര്‍ക്ക് ഉടനടി പ്രാബല്യത്തില്‍ വരുന്ന വ്യക്തിഗത ലൈസന്‍സുകള്‍ സൗജന്യമായി ലഭിക്കുമെന്ന്  എംഎംഐ പ്രസ്താവനയില്‍  സ്ഥിരീകരിച്ചു.
ആല്‍ക്കഹോള്‍ ലൈസന്‍സ് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സാധുവായ എമിറേറ്റ്‌സ് ഐഡിയോ  ടൂറിസ്റ്റ് പാസ്‌പോര്‍ട്ടോ ആവശ്യമാണ്. എം.എം.ഐയുടെ 21 സ്‌റ്റോറുകളില്‍ ഏതില്‍നിന്നും ആല്‍ക്കഹോള്‍ ലൈസന്‍സ് നേടാം.
മദ്യ വില്‍പ്പനയില്‍ 30 ശതമാനം മുനിസിപ്പാലിറ്റി നികുതി എടുത്തുകളയാനുള്ള ദുബായ് സര്‍ക്കാരിന്റെ പ്രഖ്യാപനത്തെത്തുടര്‍ന്നാണ് പുതിയ തീരുമാനമെന്ന്
മാരിടൈം ആന്‍ഡ് മെര്‍ക്കന്റൈല്‍ ഇന്റര്‍നാഷണലിന്റെയും (എംഎംഐ) എമിറേറ്റ്‌സ് ലെഷര്‍ റീട്ടെയിലിന്റെയും ഗ്രൂപ്പ് സിഇഒ ടിറോണ്‍ റീഡ് പറഞ്ഞു. 100 വര്‍ഷം മുമ്പ് ഞങ്ങള്‍ ദുബായില്‍ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതു മുതല്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ക്രിയാത്മക നയങ്ങളാണ് ദുബായ് അധികൃതര്‍ സ്വീകരിച്ചുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. .
ദുബായിലും യുഎഇയിലും ലഹരിപാനീയങ്ങളുടെ സുരക്ഷിതവും ഉത്തരവാദിത്തത്തോടെയുള്ള വാങ്ങലും ഉപഭോഗവും തുടരുന്നതിന് പുതുക്കിയ നിയന്ത്രണങ്ങള്‍ സഹായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഎഇയില്‍ മദ്യപിക്കാന്‍ ഒരാള്‍ക്ക് കുറഞ്ഞത് 21 വയസ്സ് പ്രായമുണ്ടായിരിക്കണം. സ്വകാര്യമായോ ലൈസന്‍സുള്ള പൊതുസ്ഥലങ്ങളിലോ മാത്രമേ മദ്യം കഴിക്കാന്‍ പാടുള്ളൂ.
ദുബായില്‍ മദ്യവില്‍പ്പനയുടെ 30 ശതമാനം നികുതി ജനുവരി 1 മുതല്‍ ഒരു വര്‍ഷത്തേക്ക് നിര്‍ത്തിവയ്ക്കുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മദ്യ ലൈസന്‍സ് ഫീസ് റദ്ദാക്കുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

Latest News