ജിദ്ദ- ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ട്രന്‍ഡിംഗ് ഹാഷ് ടാഗായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സൗദി പ്രൊഫഷണല്‍ ഫുട്‌ബോള്‍ ലിഗില്‍ മത്സരിക്കുന്ന അല്‍നസ്ര്‍ ക്ലബ്ബില്‍ ചേര്‍ന്നതായി പ്രഖ്യാപിച്ചതിന് ശേഷമാണ് #Cristiano_Ron-aldo എന്ന ഹാഷ് ടാഗ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ട്വിറ്റര്‍ പിടിച്ചടക്കിയത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള കരാര്‍ കഴിഞ്ഞ മാസം അവസാനിപ്പിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം അല്‍ നസ്‌റില്‍ ചേര്‍ന്നതിന് സ്ഥിരീകരണമായത്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ക്ലബില്‍ ചേര്‍ന്നത് സൗദി സ്‌പോര്‍ട്‌സിലും സ്‌പോര്‍ട്‌സ് ടൂറിസത്തിലും പ്രധാന വഴിത്തിരിവായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത് സൗദി ലീഗിന്റെയും അതിന്റെ ആഗോള മാധ്യമ സാന്നിധ്യത്തിന്റെയും മൂല്യം ഉയര്‍ത്തുമെന്നും ട്വിറ്റര്‍ ഉപയോക്താക്കള്‍ അഭിപ്രായപ്പെട്ടു.
സൗദി ലീഗിലേക്കുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വരവ് ഗള്‍ഫ് മേഖലയിലെ തന്നെ കായികരംഗത്തും കായിക വിനോദസഞ്ചാരത്തിലും വഴിത്തിരിവാണെന്ന അഭിപ്രായക്കാരാണ് കൂടുതലും.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീമിലെത്തിയതിന് പിന്നാലെ അല്‍ നസ്ര്‍ ക്ലബിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും വന്‍ കുതിപ്പാണുണ്ടായത്. നാലിരട്ടി ഫോളോവേഴ്‌സാണ് വിവിധ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലുണ്ടായത്. താരം ക്ലബില്‍ ചേര്‍ന്ന വാര്‍ത്തകള്‍ ഔദ്യോഗികമായി പുറത്തുവിടുമ്പോള്‍ അല്‍നസ്‌റിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ 8.60 ലക്ഷം ഫോളോവര്‍മാരായിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ മാത്രം പിന്നിടപ്പോള്‍ അത് 3.1 മില്യനായി.
ഫേസ്ബുക്കിലും ട്വിറ്ററിലുമെല്ലാം സമാനമായ കുതിപ്പു കാണാം. ഫേസ്ബുക്ക് അക്കൗണ്ടില്‍ ഫോളോവര്‍മാരുടെ എണ്ണം അഞ്ചിരട്ടിയിലേറെ വര്‍ധിച്ചു. ട്വിറ്ററില്‍ ഒരു ലക്ഷത്തിനു താഴെ ആയിരുന്ന ഫോളോവര്‍മാര്‍ അഞ്ച് ലക്ഷത്തിലെത്തി.