ജിദ്ദ-മഴ ശക്തമാകുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് ജിദ്ദ, തായിഫ് എന്നിവിടങ്ങളിലും യൂനിവേഴ്‌സിറ്റികളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (തിങ്കള്‍) അവധി പ്രഖ്യാപിച്ചു.
മക്ക, ജുമൂം, അല്‍കാമില്‍, ബഹ്‌റ എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്ക് നാളെ അവധിയായിരിക്കുമെന്ന് മക്ക വിദ്യാഭ്യാസ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. മദ്‌റസത്തീ പ്ലാറ്റ്‌ഫോം വഴി വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ നടക്കും. നാളെ ഉച്ച കഴിഞ്ഞ് മൂന്ന് മണിവരെ ഇടി മിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മഴക്കുള്ള സാധ്യത കണക്കിലെടുത്തും സുരക്ഷ മുന്‍നിര്‍ത്തിയും വിവിധ ഭാഗങ്ങളില്‍ സ്‌കൂളുകള്‍ക്ക് ഇന്ന് അവധിയായിരുന്നു. മദ്‌റസത്തീ പ്ലാറ്റ്‌ഫോം വഴി വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ നടന്നു. മക്ക, അല്‍ബാഹ, അല്‍ഖസീം, മദീന, കിഴക്കന്‍ പ്രവിശ്യ, ഉത്തര അതിര്‍ത്തി പ്രവിശ്യ, അല്‍ജൗഫ്, ഹായില്‍, തബൂക്ക് പ്രവിശ്യകളിലും റിയാദ് പ്രവിശ്യയുടെ ചില ഭാഗങ്ങളിലും ബുധനാഴ്ച വരെ കനത്ത മഴ കാരണമുള്ള മലവെള്ളപ്പാച്ചിലിനു സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നിലവിലുണ്ട്. അസീര്‍, ജിസാന്‍, നജ്‌റാന്‍, റിയാദ്, കിഴക്കന്‍ പ്രവിശ്യകളില്‍ ബുധനാഴ്ച വരെ മഴക്കു സാധ്യതയുണ്ട്. തബൂക്ക്, അല്‍ജൗഫ്, ഉത്തര അതിര്‍ത്തി പ്രവിശ്യകളില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മഞ്ഞുവീഴ്ചക്കും സാധ്യതയുണ്ട്. അല്‍ഖസീം, റിയാദ്, മക്ക, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ വ്യാഴം, വെള്ളി ദിവസങ്ങളിലും മഴക്കു സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു.