തുറൈഫ്- തണുപ്പ് കഠിനമായതോടെ തൊഴിലില്ലാതെ തുറൈഫ് നഗരത്തിലും സമീപങ്ങളിലും പ്രവാസികൾ ബുദ്ധിമുട്ടുന്നു. വിവിധ ജോലികൾ ചെയ്തു വന്നിരുന്ന അനേകം തൊഴിലാളികളാണ് ജോലിയില്ലാതെ റൂമുകളിൽ കഴിയുന്നത്. തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ ദിവസവും അഞ്ചോ ആറോ പേരെങ്കിലും ജോലിയില്ലാതെ വെറുതെ ഇരിക്കുന്നതായി പരിഭവം പറയുന്നു. പ്രധാനമായും കമ്പനികളിൽ താത്കാലിക ജോലിക്ക് പോയിരുന്നവർ, കിട്ടുന്ന എന്ത് ജോലിയും എടുത്തു കൊണ്ടിരുന്നവർ, കെട്ടിട നിർമാണ ജോലിക്കാർ, പെയിന്റിംഗ് വർക്ക് എടുക്കുന്നവർ, പ്ലംബിംഗ് തൊഴിലാളികൾ, കയറ്റിറക്ക് ജോലിക്കാർ തുടങ്ങി വിവിധ രംഗങ്ങളിൽ ജോലി എടുത്തിരുന്നവരാണ് ഇങ്ങനെ പ്രതിസന്ധി നേരിടുന്നത്. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഈജിപ്ത് തുടങ്ങി പല രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇങ്ങനെ പ്രതിസന്ധികൾ അഭിമുഖീകരിക്കുന്നത്. തൊഴിൽ ക്ഷാമം മൂലം കഴിഞ്ഞ ഒരു വർഷത്തോളമായി പ്രതിസന്ധിയിലാണിവർ. അധിക മാസങ്ങളിലും പത്തു ദിവസം മുതൽ പതിനഞ്ചു ദിവസം വരെയാണ് ജോലിയുള്ളത്. ശൈത്യ കാലം കൂടി വന്നതോടെ പ്രയാസം ഇരട്ടിച്ച സാഹചര്യമാണ്. സമീപ ഭാവിയിൽ ശരിയായ വിധത്തിൽ ജോലികൾ കിട്ടുമെന്ന് പ്രതീക്ഷിച്ച് കഴിയുകയാണ് ഇവർ.