കയ്‌റോ- മേഖലാ, അന്താരാഷ്ട്ര സുരക്ഷയും സ്ഥിരതയും കൈവരിക്കാന്‍ സഹായിക്കുന്നതിന് പരസ്പര ഏകോപനവും കൂടിയാലോചനയും തുടരുമെന്ന് സൗദി അറേബ്യയും ഈജിപ്തും വ്യക്തമാക്കി. സംയുക്ത പത്രസമ്മേളനത്തില്‍ സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും ഈജിപ്ഷ്യന്‍ വിദേശ മന്ത്രി സാമിഹ് ശുക്‌രിയുമാണ് ഇക്കാര്യം വ്യക്തമാക്കിയത്. വ്യത്യസ്ത മേഖലകളില്‍ ഈജിപ്തുമായി സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ സൗദി അറേബ്യ ആഗ്രഹിക്കുന്നതായി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു. രാഷ്ട്രീയ ഫോളോ-അപ്പ്, കൂടിയാലോചനാ കമ്മിറ്റി യോഗത്തില്‍ പൊതുതാല്‍പര്യമുള്ള മേഖലാ, ആഗോള പ്രശ്‌നങ്ങള്‍ വിശകലനം ചെയ്തു.
മേഖലയിലും ലോകത്തും സമാധാനവും സുരക്ഷയും സ്ഥിരതയും അഭിവൃദ്ധിയും സാധ്യമാക്കുന്നതിന് സമാധാനപരമായ പരിഹാരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലും സംയുക്ത പ്രവര്‍ത്തനം ശക്തമാക്കുന്നതിലും ഇരു രാജ്യങ്ങളും സുവ്യക്തമായ നയം പിന്തുടരുന്നു. യോഗത്തില്‍ ഫലസ്തീന്‍ പ്രശ്‌നം വിശകലനം ചെയ്തു. ഗാസയില്‍ ഉടനടി വെടിനിര്‍ത്തല്‍ നടപ്പക്കാനും മുഴുവന്‍ റിലീഫ് വസ്തുക്കളും എത്തിക്കാനും സൗദി അറേബ്യയും ഈജിപ്തും മുന്‍ഗണന നല്‍കുന്നു. ദ്വിരാഷ്ട്ര പരിഹാരത്തിന്റെ അടിസ്ഥാനത്തില്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് നീതിപൂര്‍വവും ശാശ്വതവുമായ രാഷ്ട്രീയ പരിഹാരം കണ്ടെത്താന്‍ വഴിയൊരുക്കണം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
സൗദി അറേബ്യക്കും ഈജിപ്തിനുമിടയില്‍ നിക്ഷേപങ്ങള്‍ക്ക് നേരിടുന്ന എല്ലാ പ്രതിബന്ധങ്ങളും ഇല്ലാതാക്കാനും വാണിജ്യ വിനിമയം വര്‍ധിപ്പിക്കാനും സാമ്പത്തിക ബന്ധം ശക്തമാക്കാനും ലക്ഷ്യമിട്ട് സഹകരണം തുടരാനും സഹകരണം ശക്തമാക്കാനുമുള്ള താല്‍പര്യം ഇരു രാജ്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. മേഖല നേരിടുന്ന വെല്ലുവിളികള്‍ അഭിമുഖീകരിക്കാന്‍ സര്‍വ മേഖലകളിലും ഈജിപ്തുമായി സഹകരണവും ഏകോപനവും തുടരാന്‍ സൗദി അറേബ്യ ആഗ്രഹിക്കുന്നു. മേഖല സാക്ഷ്യം വഹിക്കുന്ന മാറ്റങ്ങള്‍ സൗദി അറേബ്യയും ഈജിപ്തും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ പ്രധാന്യം സ്ഥിരീകരിക്കുന്നു.
ഗാസ യുദ്ധം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര തീരുമാനമാണ് ആവശ്യം. അന്താരാഷ്ട്ര നിയമത്തിനും അന്താരാഷ്ട്ര മാനുഷിക നിയമത്തിനും മൂല്യമുണ്ട്. ഇവ എല്ലാവരും നിര്‍ബന്ധമായും പാലിക്കേണ്ടതാണ്. ഇത് ഇസ്രായിലിനും മറ്റു രാജ്യങ്ങള്‍ക്കും ഒരുപോലെ ബാധകമാണ്. അന്താരാഷ്ട്ര കോടതി വിധി ഇസ്രായില്‍ പൂര്‍ണമായും തള്ളിക്കളയുന്നത് അടക്കമുള്ള ഇസ്രായിലിന്റെ ചെയ്തികളാണ് ഇന്നത്തെ സ്ഥിതിഗതികളിലേക്ക് എത്തിച്ചത്. പതിനായിരക്കണക്കിന് ഫലസ്തീനികളുടെ കൂട്ടക്കുരുതി, ഗാസക്കാരെ പട്ടിണിക്കിടാനും കൂട്ടശിക്ഷയെന്നോണം ഉപരോധമേര്‍പ്പെടുത്താനുമുള്ള ആസൂത്രിതമായ നയം എന്നിവയെല്ലാം അന്താരാഷ്ട്ര നിയമത്തിന്റെയും അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെയും വ്യക്തമായ ലംഘനങ്ങളാണ്.
ഗാസ പ്രതിസന്ധി പരിഹരിക്കാന്‍ ആഗോള സമൂഹം ഒറ്റക്കെട്ടായി പരിശ്രമിക്കണം. ഈ ദിശയില്‍ നീങ്ങാന്‍ അന്താരാഷ്ട്ര സമൂഹത്തിനു മേല്‍ സമ്മര്‍ദം ചെലുത്തുന്നത് സൗദി അറേബ്യയും ഈജിപ്തും മറ്റു അറബ് രാജ്യങ്ങളും തുടരും. മറ്റു രാജ്യങ്ങളെ പോലെ, അന്താരാഷ്ട്ര നിയമവും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളും പാലിക്കാന്‍ ഇസ്രായിലിനെയും നിര്‍ബന്ധിക്കണമെന്നും സൗദി വിദേശ മന്ത്രി ആവശ്യപ്പെട്ടു.