മക്ക - ടൂറിസം മന്ത്രാലയത്തില്‍ നിന്ന് ലൈസന്‍സ് നേടാത്തതിനും മറ്റു ഗുരുതരമായ നിയമ ലംഘനങ്ങള്‍ക്കും മക്കയില്‍ 283 ഹോട്ടലുകളും ഫര്‍ണിഷ്ഡ് അപാര്‍ട്ട്‌മെന്റുകളും മന്ത്രാലയം അടപ്പിച്ചു. മക്കയില്‍ പ്രവര്‍ത്തിക്കുന്ന 1,500 ലേറെ ഹോട്ടലുകളിലും ഫര്‍ണിഷ്ഡ് അപാര്‍ട്ട്‌മെന്റകളിലും സമീപ കാലത്ത് മന്ത്രാലയ സംഘങ്ങള്‍ പരിശോധനകള്‍ നടത്തി. ഇതിനിടെ 299 സ്ഥാപനങ്ങള്‍ സ്ഥാപനങ്ങള്‍ ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി.
ലൈസന്‍സില്ലാത്തതിനും ഗുരുതരമായ നിയമ ലംഘനങ്ങള്‍ക്കും നേരത്തെ അടപ്പിച്ച നാലു ഹോട്ടലുകള്‍ ലൈസന്‍സ് നേടാതെ വീണ്ടും തുറന്നതായും പരിശോധനകള്‍ക്കിടെ കണ്ടെത്തി. ഇരട്ടി ശിക്ഷ പ്രഖ്യാപിക്കാന്‍ ഈ സ്ഥാപനങ്ങള്‍ക്കെതിരായ കേസുകള്‍ ബന്ധപ്പെട്ട കമ്മിറ്റിക്ക് കൈമാറിയിട്ടുണ്ട്.
അടപ്പിച്ച ഹോട്ടലുകള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നില്ലെന്ന് ഉറപ്പുരുത്താന്‍ ഇത്തരം സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തും. പ്രത്യേക കമ്മിറ്റി തീരുമാനം പ്രഖ്യാപിച്ചാലുടന്‍ ഹോട്ടലുകളും ഫര്‍ണിഷ്ഡ് അപാര്‍ട്ട്‌മെന്റുകളും അടപ്പിക്കും. ഇത്തരം സ്ഥാപനങ്ങള്‍ ഒഴിപ്പിക്കാനും അനധികൃതമായി വീണ്ടും തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ദിവസേന പരിശോധനകള്‍ നടത്താനും മക്ക ഗവര്‍ണറേറ്റുമായും പോലീസുമായും ഏകോപനം നടത്തും. നിലവില്‍ മക്കയില്‍ 234 ഹോട്ടലുകളുടെയും ഫര്‍ണിഷ്ഡ് അപാര്‍ട്ട്‌മെന്റുകളുടെയും ലൈസന്‍സ് അപേക്ഷകള്‍ മന്ത്രാലയം പഠിച്ചുവരികയാണ്. ഹോട്ടലുകളും ഫര്‍ണിഷ്ഡ് അപാര്‍ട്ട്‌മെന്റുകളും ടൂറിസം നിയമം പാലിക്കുകയും ആവശ്യമായ ലൈസന്‍സുകള്‍ നേടുകയും വേണം. നിയമ വിരുദ്ധ സ്ഥാപനങ്ങള്‍ പദവികള്‍ ശരിയാക്കണം. സേവന നിലവാരം മെച്ചപ്പെടുത്താനും സന്ദര്‍കരുടെയും ടൂറിസ്റ്റുകളുടെയും സുരക്ഷ ഉറപ്പുവരുത്താനുമുള്ള വകുപ്പുകളും മാനദണ്ഡങ്ങളും ടൂറിസം നിയമാവലിയില്‍ അടങ്ങിയിട്ടുണ്ട്. ഹോട്ടലുകളും ഫര്‍ണിഷ്ഡ് അപാര്‍ട്ട്‌മെന്റുകളും നിയമ, വ്യവസ്ഥകളും മാനദണ്ഡങ്ങളും പാലിക്കുന്നത് ടൂറിസം മേഖലയുടെ വികസനത്തില്‍ അനുകൂലമായി പ്രതിഫലിക്കുമെന്നും ടൂറിസം മേഖലയുടെ ആകര്‍ഷണീയത വര്‍ധിപ്പിക്കുമെന്നും ടൂറിസം മന്ത്രാലയം പറഞ്ഞു.