ജിദ്ദ - അഴിമതിയും അധികാര ദുര്‍വിനിയോഗവും പണം വെളുപ്പിക്കലുമായും ബന്ധപ്പെട്ട കേസില്‍ അല്‍ഉല റോയല്‍ കമ്മീഷന്‍ സി.ഇ.ഒ എന്‍ജിനീയര്‍ അംറ് ബിന്‍ സ്വാലിഹ് അല്‍മദനിയെ അറസ്റ്റ് ചെയ്തതായി ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റി അറിയിച്ചു.
അംറ് അല്‍മദനി ഉടമകളില്‍ ഒരാളായ നാഷണല്‍ ടാലെന്റ്‌സ് കമ്പനിക്കു വേണ്ടി കിംഗ് അബ്ദുല്ല സിറ്റി ഫോര്‍ ആറ്റമിക് ആന്റ് റിന്യൂവേബിള്‍ എനര്‍ജിയുടെ കരാര്‍ അനധികൃതമായി സമ്പാദിച്ച കേസിലാണ് അംറ് അല്‍മദനിയെ അറസ്റ്റ് ചെയ്തത്. സര്‍ക്കാര്‍ സര്‍വീസില്‍ ജോലിയില്‍ പ്രവേശിക്കുന്നതിനു മുമ്പ് തന്റെ ബന്ധുവിന്റെ മധ്യസ്ഥതയിലാണ് നാഷണല്‍ ടാലെന്റ്‌സ് കമ്പനിക്കു വേണ്ടി അംറ് അല്‍മദനി അനധികൃതമായി 20,66,30,905 റിയാലിന്റെ കരാര്‍ അനധികൃതമായി നേടിയത്.
സര്‍ക്കാര്‍ സര്‍വീസില്‍ ജോലിയില്‍ പ്രവേശിച്ച ശേഷം കമ്പനി വിട്ടതായി വ്യാജ രേഖയുണ്ടാക്കി കമ്പനിയുടെ ഉടമസ്ഥാവകാശത്തില്‍ തുടര്‍ന്ന് അല്‍ഉല റോയല്‍ കമ്മീഷനിലെ ബന്ധപ്പെട്ട വകുപ്പുകളോട് ശുപാര്‍ശ ചെയ്തതിന്റെ ഫലമായി കമ്പനിക്ക് 12,98,923 റിയാലിന്റെ കരാറുകള്‍ ലഭിച്ചു. കൂടാതെ അല്‍ഉല റോയല്‍ കമ്മീഷനുമായി കരാറുകള്‍ ഒപ്പുവെച്ച മറ്റു കമ്പനികളില്‍ നിന്ന് അംറ് അല്‍മദനി വ്യക്തിഗത ആനുകൂല്യങ്ങള്‍ നേടുകയും ചെയ്തു. ഈ കമ്പനികള്‍ ഏറ്റെടുത്ത പദ്ധതികളില്‍ നിന്നുള്ള ലാഭം തന്റെ ബന്ധുവായ മുഹമ്മദ് ബിന്‍ സുലൈമാന്‍ മുഹമ്മദ് അല്‍ഹര്‍ബി മുഖേനെ അംറ് അല്‍മദിനി കൈപ്പറ്റി. അറസ്റ്റിലായ മുഹമ്മദ് അല്‍ഹര്‍ബി അല്‍ഉല റോയല്‍ കമ്മീഷന്‍ പദ്ധതി കരാറുകള്‍ നേടിയ കമ്പനികളില്‍ നിന്നും ഉടമകളില്‍ നിന്നും പണം കൈപ്പറ്റിയതായും ഈ തുക അംറ് അല്‍മദനിക്ക് കൈമാറിയതായും കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
അഴിമതിക്കും അധികാര ദുര്‍വിനിയോഗത്തിനും അംറ് അല്‍മദനിക്ക് കൂട്ടുനിന്ന നാഷണല്‍ ടാലെന്റ്‌സ് കമ്പനി പാര്‍ട്ണര്‍മാരായ സഈദ് ബിന്‍ ആതിഫ് അഹ്മദ് സഈദിനെയും ജമാല്‍ ബിന്‍ ഖാലിദ് അബ്ദുല്ല അല്‍ദബലിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അല്‍ഉല റോയല്‍ കമ്മീഷന്‍ സി.ഇ.ഒ അഴിമതികളും അധികാര ദുര്‍വിനിയോഗവും നടത്തുന്നതായി തങ്ങള്‍ക്ക് അറിയാമായിരുന്നെന്നും തട്ടിപ്പുകള്‍ നടത്താന്‍ സി.ഇ.ഒയുമായി തങ്ങള്‍ ധാരണയിലെത്തിയിരുന്നതായും ഇരുവരും കുറ്റസമ്മതം നടത്തി. അറസ്റ്റിലായ നാലു പ്രതികള്‍ക്കുമെതിരെ അന്വേഷണവും നിയമാനുസൃത നടപടികളും പൂര്‍ത്തിയാക്കിവരികയാണ്. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും നസാഹ വൃത്തങ്ങള്‍ പറഞ്ഞു.