ബെംഗളുരു - അയോധ്യയിലെ ബാബരി മസ്ജിദ് പൊളിച്ചിടത്ത് പണിത രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനത്തിന് എണ്ണപ്പെട്ട ദിവസങ്ങൾ മാത്രം ശേഷിക്കവെ കോൺഗ്രസിന്റെ മുഖംമൂടി അഴിച്ചുള്ള തുറന്നു പറച്ചിലുമായി കർണാടക കോൺഗ്രസ് നേതൃത്വം. സംഘപരിവാർ സംഘടനകളെ തോൽപ്പിക്കാനെന്നോണം രാമക്ഷേത്ര നിർമാണത്തിലെ കോൺഗ്രസിന്റെ ഇടപെടലുകൾ എണ്ണിയെണ്ണി പറയുന്നതാണ് പോസ്റ്റ്.
അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ പാർട്ടി നടത്തിയ ശ്രമങ്ങളെ യാതൊരു മറയുമില്ലാതെ എണ്ണിപ്പറയുകയാണ് കർണാടക കോൺഗ്രസ് നേതൃത്വം. ഇന്ത്യൻ നാഷണൽ കോൺഗ്രസ് കർണാടക എന്ന ഫേസ്ബുക്ക് പേജിലാണ് രാമക്ഷേത്രം ഉയരാൻ പാർട്ടി നടത്തിയ പ്രവർത്തനങ്ങൾ അക്കമിടുന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
അയോധ്യയിൽ രാമനെ ആരാധിക്കാൻ ആദ്യമായി അവസരം ഒരുക്കിയത് രാജീവ് ഗാന്ധിയാണ്. 1985-86 കാലഘട്ടത്തിലാണിത്. 1989ൽ അതെ രാജീവ് ഗാന്ധിയാണ് വിശ്വഹിന്ദു പരിഷത്തിന് രാമക്ഷേത്രത്തിന്റെ ശിലാന്യാസത്തിന് അനുമതി നൽകിയത്. അന്ന് രാജീവ് ഗാന്ധി ആദ്യ ചുവട് വെച്ചില്ലായിരുന്നെങ്കിൽ ബി.ജെ.പി ഇതിനെ കുറിച്ചൊന്നും ചിന്തിക്കുമായിരുന്നില്ല. അധികാരം കൈയാളിയിരുന്ന കോൺഗ്രസ് സർക്കാരാണ് ടിവിയിലൂടെ രാമായണം സീരിയൽ സംപ്രേക്ഷണം ചെയ്യാനാരംഭിച്ചത്. അതുവഴി എല്ലാവർക്കും രാംലല്ലയെ കാണാൻ അവസരമൊരുക്കി. രാമനെയും അദ്ദേഹത്തിന്റെ ആദർശങ്ങളെയും തുടക്കം മുതലെ കോൺഗ്രസ് പിന്തുടരുന്നുവെന്നും പോസ്റ്റ് വ്യക്തമാക്കുന്നു. രാമരാജ്യം സ്വപ്‌നം കണ്ട മഹാത്മാഗാന്ധി കോൺഗ്രസിന്റെ ക്യാപ്റ്റനായിരുന്നു. നാഥുറാം ഗോഡ്‌സെയുടെ വെടിയേറ്റ് മഹാത്മാഗാന്ധി വീരമൃത്യു വരിക്കുമ്പോൾ ബി.ജെ.പിയെന്ന പാർട്ടി പിറന്നിട്ടില്ല. എന്നിട്ടും 'ഹേ റാം' എന്നായിരുന്നു ഗോഡ്‌സെയുടെ വെടിയേറ്റ് വീണപ്പോൾ ഗാന്ധിജി അവസാനമായി പറഞ്ഞ വാക്കെന്നും ഫേസ്ബുക്കിൽ കുറിച്ചു.
ബാബരി മസ്ജിദിനകത്ത് വിഗ്രഹം കൊണ്ടുപോയി വെച്ച് പള്ളി പൂട്ടിക്കുകയും പിന്നീട് പൂജയ്ക്കായി തുറന്നുകൊടുത്തും രാജീവ് ഗാന്ധിയുടെ കാലത്ത് ശിലാന്യാസം നടത്തുകയും ഏറ്റവും ഒടുവിൽ 1992-ൽ നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്നപ്പോൾ പള്ളി തകർത്ത് അക്രമികൾക്കു കൂട്ടുനിൽക്കുകയും ചെയ്ത കോൺഗ്രസിന്റെ ചതിയുടെ ചരിത്രം പറയാൻ കോൺഗ്രസ് നേതൃത്വം തന്നെ തയ്യാറായത് സമൂഹമാധ്യമങ്ങളിലും മറ്റും വൻ ചർച്ചകൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്.
രാജ്യത്ത് മുസ്‌ലിംകൾ ആരാധിച്ചുവന്ന ബാബരി മസ്ജിദ് സംരക്ഷിക്കാൻ ബാധ്യതപ്പെട്ട കോൺഗ്രസ് സർക്കാർ തകർക്കാൻ ക്രിമിനലുകൾക്ക് കൂട്ടുനിന്നതിനുശേഷവും തെറ്റ് ഏറ്റുപറയുന്നതിന് പകരം, യാതൊരു ലജ്ജയുമായുമില്ലാതെ ഞങ്ങളാണ് യഥാർത്ഥ സംഘപരിവാർ എന്നു സ്ഥാപിക്കാനൊരുമ്പെടുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന വിമർശം. എല്ലാ മതവിഭാഗങ്ങളുടെയും വിശ്വാസങ്ങളോടും ആരാധനലായങ്ങളോടും നീതി പുലർത്തേണ്ടവർ അന്യായത്തിന് വീണ്ടും വീണ്ടും കൊടി പിടിക്കുകയാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനുവേണ്ടി പോരാടിയ കോൺഗ്രസ് ത്രിവർണ പതാകയല്ല, കാവിക്കൊടിയാണ് അകത്തും പുറത്തും സ്ഥാപിക്കുന്നതെന്നും ഇവർ ഓർമിപ്പിക്കുന്നു. വൈകിയെങ്കിലും തെറ്റ് തിരുത്തിയില്ലെങ്കിൽ മതനിരപേക്ഷതയെക്കുറിച്ച് ഒരക്ഷരം പറയാൻ കോൺഗ്രസിനാവില്ലെന്നും രാഹുൽ ഗാന്ധിയും അച്ഛൻ രാജീവ് ഗാന്ധിയുടെ തെറ്റായ ഈ ചെയ്തികളെ അംഗീകരിക്കുന്നുവോ എന്ന് തുറന്നുപറയണമെന്നും പലരും പ്രതികരിച്ചിട്ടുണ്ട്.
ക്ഷേത്ര പ്രതിഷാദിനത്തിൽ പങ്കെടുക്കണോ വേണ്ടയോ എന്നതിൽ ഇപ്പോഴും അന്തിമ തീരുമാനം പ്രഖ്യാപിക്കാതെ കോൺഗ്രസ് ദേശീയ നേതൃത്വം വെള്ളം കുടിക്കുന്നതിനിടെയാണ് കർണാടക കോൺഗ്രസ് നേതൃത്വം പാർട്ടിയെ വീണ്ടും സമ്മർദ്ദത്തിലും നാണക്കേടിലുമാക്കിയത്. പോകണമെന്നും പോകരുതെന്നും കോൺഗ്രസിലെ തന്നെ വലിയൊരു വിഭാഗം നിലപാട് പറയുന്നതിനിടെ, വിളിച്ചില്ലെങ്കിലും പ്രതിഷ്ഠാദിനത്തിൽ പങ്കെടുക്കുമെന്നാണ് കോൺഗ്രസിന്റെ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ് ദേവ് സിംഗ് സുഖു അടക്കമുള്ള ചില നേതാക്കൾ പ്രതികരിച്ചത്. എന്നാൽ, ബി.ജെ.പി കുഴിച്ച കുരുക്കിൽ കോൺഗ്രസ് വീഴില്ലെന്നാണ് എ.ഐ.സി.സിയുടെ സംഘടനാ ചുമതലയുള്ള ജനറൽസെക്രട്ടറി കെ.സി വേണുഗോപാൽ പ്രതികരിച്ചത്.