Sorry, you need to enable JavaScript to visit this website.

മലയാളികൾ വിദേശത്ത് പോകുന്നത് ഗതികേട് കൊണ്ടല്ല, കഴിവുള്ളതിനാലെന്ന് മന്ത്രി എം.ബി രാജേഷ്

തിരുവനന്തപുരം - ഗതികേടുകൊണ്ടല്ല കഴിവുള്ളതുകൊണ്ടാണ് മലയാളികൾ വിദേശത്തേക്ക് പോകുന്നതെന്ന് മന്ത്രി എം.ബി രാജേഷ്. കേരളത്തിൽ തൊഴിലവസരങ്ങൾ ഇല്ലാത്തതിനാലല്ല, മറിച്ച് ലോകത്തിലെ ഏറ്റവും മികച്ച ഏത് തൊഴിലവസരവും സ്വന്തമാക്കാൻ കഴിവുള്ളതുകൊണ്ടാണ് മലയാളികൾ വിദേശത്തേക്ക് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല യോജന പദ്ധതിയിലെ പൂർവ്വ വിദ്യാർത്ഥികളുടെ സംഗമമായ ടാലെന്റോ 2024 ഉദ്ഘാടനം ചെയ്യവെയാണ് മന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്.
 കേരളത്തിലെ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെയും തൊഴിൽ പരിശീലനത്തിന്റെയും മേന്മ കൊണ്ടാണ് ഇത് സാധ്യമാകുന്നത്. ഇന്ത്യ സ്‌കിൽസ് റിപോർട്ട് 2024 പ്രകാരം അഭ്യസ്തവിദ്യർ ജോലി ചെയ്യാൻ ഏറ്റവും ഇഷ്ടപ്പെടുന്ന നാട് കേരളവും നഗരം തിരുവനന്തപുരവുമാണ്.
കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് നാടുവിട്ടത് പതിനേഴര ലക്ഷം പേരാണ്. ഇതിൽ കേരളത്തിൽനിന്നുള്ളവർ താരതമ്യേന കുറവാണെന്ന് ഇക്കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ കേന്ദ്ര സർക്കാർ നല്കിയ മറുപടിയിലുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
 ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല യോജന പദ്ധതിയിലൂടെ ജോലി ലഭിച്ച മൂവായിരത്തോളം പേരാണ് പരിപാടിയിൽ പങ്കെടുത്തത്. പദ്ധതി പ്രകാരം തൊഴിൽ പരിശീലനം പൂർത്തിയാക്കി ജോലി ലഭിച്ച ആയിരം പേർക്കുള്ള ഓഫർ ലെറ്റർ മന്ത്രി കൈമാറി. ഗ്രാമീണ മേഖലയിലുള്ള യുവജനങ്ങൾക്ക് നൈപുണ്യ പരിശീലനം നല്കുന്നതാണ് ഈ കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതി. സംസ്ഥാനത്ത് കുടുംബശ്രീ നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്ന പദ്ധതിയിലൂടെ ഇതുവരെ 74,124 പേർക്ക് പരിശീലനം നല്കുകയും വിദേശത്ത് ഉൾപ്പെടെ, 52,480 പേർക്ക് ജോലി ലഭിക്കുകയും ചെയ്തിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
 

Latest News