തിരുവനന്തപുരം - കോൺഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശി തരൂരിനെ പുകഴ്ത്തിയതിനു പിന്നാലെ ഫെയ്‌സ് ബുക്ക് തിരുത്തുമായി മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഒ രാജഗോപാൽ.
'ശശി തരൂരിനെ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ തോൽപ്പിക്കാൻ കഴിയില്ലെന്നായിരുന്നു' എൻ രാമചന്ദ്രൻ ഫൗണ്ടേഷന്റെ അവാർഡ് ദാന ചടങ്ങിൽ ഒ രാജഗോപാൽ മനസ്സ് തുറന്നു പറഞ്ഞത്. എന്നാൽ ഇതിലെ അപകടം തിരിച്ചറിഞ്ഞ് ബി.ജെ.പി നേതൃത്വം ഇടപെട്ടതോടെ ഒ രാജഗോപാൽ തിരുത്തുമായി മാധ്യമങ്ങളെ പഴിച്ച് രംഗത്തെത്തുകയായിരുന്നു. തന്റെ വാക്കുകൾ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചെന്നും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ ശശി തരൂരിനെ തോൽപ്പിക്കാൻ ബി.ജെ.പിക്ക് സാധിക്കുമെന്നുമാണ് ഒ രാജഗോപാൽ തിരുത്തിൽ പറയുന്നത്.
'പാലക്കാട്ടുകാരനായ തരൂരിന്റെ മഹിമ ലോകം അംഗീകരിച്ചിരിക്കുന്നു. തരൂർ തിരുവനന്തപുരത്ത് മത്സരിക്കാൻ തീരുമാനിച്ച അവസരത്തിൽ ഞാൻ സംശയിക്കുകയായിരുന്നു. ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ ഏറ്റവും യോഗ്യൻ തന്നെയാണ് അദ്ദേഹം. നല്ല ഇംഗ്ലീഷിൽ ഭംഗിയായി സംസാരിക്കും. എന്നാൽ, എന്തിനാണ് തിരുവനന്തപുരത്ത് വന്ന് മത്സരിക്കുന്നതെന്ന് ഞാൻ ചോദിച്ചിരുന്നു. പക്ഷേ, അത്ഭുതമെന്നു പറയട്ടെ, തിരുവനന്തപുരത്തുകാരുടെ മനസ്സ് കവരാൻ തരൂരിന് കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് അദ്ദേഹം വീണ്ടും വീണ്ടും തിരുവനന്തപുരത്ത് ജയിക്കുന്നത്. ഇനി അടുത്തകാലത്തൊന്നും വേറെ ആർക്കെങ്കിലും അവസരം ഉണ്ടാകുമോയെന്ന് ഞാൻ സംശയിക്കുകയാണ്. സമീപകാലത്തൊന്നും ശശി തരൂരിനെ തോൽപ്പിക്കാൻ ആർക്കുമാവുമെന്ന് തോന്നുന്നില്ല. അദ്ദേഹത്തിന്റെ സേവനം കൂടുതൽ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു'വെന്നായിരുന്നു ലോകസഭാ തെരഞ്ഞെടുപ്പിൽ തരൂരിനെതിരേ തിരുവനന്തപുരത്ത് മത്സരിച്ച് പരാജയപ്പെട്ട നേമം മുൻ എം.എൽ.എ കൂടിയായ ഒ രാജഗോപാൽ പറഞ്ഞത്. ശശി തരൂരിന്റെയും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെയും മറ്റും സാന്നിധ്യത്തിലായിരുന്നു ബി.ജെ.പിക്ക് കേരള നിയമസഭയിൽ ആദ്യമായി മേൽവിലാസമുണ്ടാക്കിയ രാജഗോപിലിന്റെ പ്രശംസ.
ഒ രാജഗോപാലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ:
ഇന്ന് തിരുവനന്തപുരത്ത് നടന്ന എൻ രാമചന്ദ്രൻ ഫൗണ്ടേഷൻ അവാർഡ് ദാന ചടങ്ങിനിടയിൽ ഞാൻ നടത്തിയ പ്രസംഗത്തിൽ തിരു:എം പി ശശി തരൂരിനെക്കുറിച്ച് നടത്തിയ പരാമർശം ഞാനുദ്ദേശിച്ച അർത്ഥത്തിലല്ല മാധ്യമങ്ങൾ വ്യാഖ്യാനിച്ചത്. ഒന്നിൽ കൂടുതൽ തവണ വിജയിച്ചയാൾ എന്ന അർത്ഥത്തിലാണ് ഞാൻ സംസാരിച്ചത്. എന്നാൽ മാറിയ രാഷ്ട്രീയ സാഹചര്യത്തിലും, നരേന്ദ്ര മോഡി സർക്കാരിന്റെ പ്രവർത്തന മികവിലും പാർട്ടി പ്രവർത്തകർ കഠിനാധ്വാനം ചെയ്താൽ തിരുവനന്തപുരത്ത് ബി ജെ പിയ്ക്ക് വിജയിയ്ക്കുവാനുള്ള സാഹചര്യം നിലവിലുണ്ട്. മാത്രവുമല്ല നിലവിൽ ശ്രീ.തരൂരിന്റെ മണ്ഡലത്തിലെ സാന്നിദ്ധ്യവും നാമ മാത്രമാണ് എന്നത് അദ്ദേഹത്തിന്റെ സാധ്യതയെ പ്രതികൂലമായി ബാധിയ്ക്കും. ഒരു പാലക്കാട്ട് കാരനെന്ന നിലയ്ക്ക് ആലങ്കാരികമായി നടത്തിയ അഭിപ്രായ പ്രകടനം മാത്രമാണ് പ്രസ്തുത പ്രസംഗത്തിലുള്ളത്...ബിജെ പി ഇത്തവണ തിരുവനന്തപുരത്ത് വിജയിയ്ക്കും എന്നതാണ് എന്റെ വ്യക്തിപരവും, രാഷ്ട്രീയവുമായ നിലപാട്....
വായിക്കുക....
'പ്രസവം അയോധ്യയിലെ പ്രതിഷ്ഠാദിനത്തിൽ വേണം'; ആശുപത്രികളിൽ സിസേറിയൻ അപേക്ഷ കൂടുന്നു
രാജസ്ഥാനിൽ ബി.ജെ.പി മന്ത്രിയെ തോൽപ്പിച്ച് കോൺഗ്രസിന്റെ മധുരപ്രതികാരം
മലയാളികൾ വിദേശത്ത് പോകുന്നത് ഗതികേട് കൊണ്ടല്ല, കഴിവുള്ളതിനാലെന്ന് മന്ത്രി എം.ബി രാജേഷ്
കരിപ്പൂരിലെ മുജാഹിദ് സമ്മേളനം; തിയ്യതി മാറ്റി
റിപോർട്ടർ ടി.വിയുടെ ഓഹരിക്കൈമാറ്റം തടഞ്ഞു; രാജ്യസുരക്ഷയെ ബാധിക്കുമെന്ന് അഭ്യന്തര മന്ത്രാലായം
സമുദായവുമായി ബന്ധപ്പെട്ടതെല്ലാം ചിലർ വിവാദമാക്കുന്നു -പാണക്കാട് സാദിഖലി തങ്ങൾ