സുഹൃത്തുക്കളുമായും ബന്ധുക്കളുമായും സമ്പര്‍ക്കം പുലര്‍ത്തുന്നതിന് മാത്രമല്ല ഫോണ്‍ നമ്പറും സിം കാര്‍ഡും ഉപയോഗിക്കുന്നതെന്ന കാര്യം എപ്പോഴും ഓര്‍ക്കണം. നിങ്ങളുടെ ഓണ്‍ലൈന്‍ സുരക്ഷയിലും അവ വലിയ പങ്ക് വഹിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ സ്വകാര്യ വിവരങ്ങള്‍ പരിരക്ഷിക്കുന്നതില്‍ വളരെയേറെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ പരിരക്ഷിക്കുന്നതിന് സുരക്ഷ വിദഗ്ധര്‍ പൊതുവെ ശുപാര്‍ശ ചെയ്യുന്നതാണ് ടു ഫാക്ടര്‍ ഓതന്റിക്കേഷന് അഥവാ ഇരട്ട സുരക്ഷ. പക്ഷേ നമ്മുടെ പക്കലുള്ള ഫോണ്‍ നമ്പര്‍ ഒരു മൂന്നാം കക്ഷിക്ക് മറികടക്കാന്‍ കഴിയുമെന്നതിനാല്‍ ഇതൊരു തികഞ്ഞ സംവിധാനമല്ല. ടു ഫാക്ടര്‍ ഓതന്റിക്കേഷന് കൊണ്ടു മാത്രം അക്കൗണ്ടുകളെ ഹാക്ക് ചെയ്യുന്നതില്‍നിന്ന് നൂറു ശതമാനം സംരക്ഷിക്കാന്‍ കഴയില്ല.
മൊബൈല്‍ ഫോണ്‍ നമ്പറുമായി ബന്ധിപ്പിച്ച് സജ്ജീകരിക്കുന്നതാണ് ടു ഫാക്ടര്‍ ഓതന്റിക്കേഷന്. യൂസര്‍ നെയിമും പാസ്വേഡും നല്കി ഓരോ തവണ ലോഗിന്‍ ചെയ്യുമ്പോഴും ഉപയോഗിക്കുന്നതിന് കോഡുകള്‍ ലഭിക്കുന്നതാണ് ഈ രീതി. കോഡ് നിങ്ങളുടെ ഇമെയിലിലേക്കും അയച്ചേക്കാം. ഇരട്ട വെരിഫിക്കേഷന് വളരെ സാധാരണമായതിനാല്‍, ഉപയോക്താക്കളുടെ വിവരങ്ങളിലേക്ക് പ്രവേശിക്കാന്‍ ഹാക്കര്‍മാര്‍ക്ക് മറ്റൊരു വെല്ലുവിളി കൂടിയുണ്ട് എന്നു മാത്രമേയുള്ളൂ. മൊബൈല്‍ ഫോണ്‍ നമ്പര്‍ കൂടി സംഘടിപ്പിക്കേണ്ടതുണ്ട് എന്നതാണ് ഈ വെല്ലുവിളി.
സബ്സ്ക്രൈബര്‍ ഐഡന്റിറ്റി മൊഡ്യൂള്‍ എന്നതിന്റെ ചുരുക്കമാണ് സിം. മൊബൈല്‍ ഫോണിനുള്ളില്‍ ഘടിപ്പിക്കുന്ന ചെറിയ ചിപ്പാണ് സിം കാര്‍ഡ്. സെല്‍ ഫോണിന്റെ ഉപയോക്താവ്, മൊബൈല്‍ കാരിയര്‍, രാജ്യം എന്നിവയെ തിരിച്ചറിയുന്ന സവിശേഷ നമ്പറുകള്‍ കൂടി സിം കാര്‍ഡുകളില്‍ നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ ഫോണ്‍ നമ്പര്‍ ലഭിക്കാന്‍ തട്ടിപ്പുകാര്‍ മൊബൈല്‍ കാരിയറുമായി ബന്ധപ്പെട്ട് നിങ്ങളുടെ ഫോണ്‍ നമ്പര്‍ അവരുടെ സ്വന്തം സിം കാര്ഡുകളിലൊന്നിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതാണ് സിം സ്വാപ്പിംഗിന്റെ അടിസ്ഥാനം.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
എന്നാല്‍ മൊബൈല്‍ കാരിയറുകള്‍ ആരെങ്കിലും ചോദിച്ചതുകൊണ്ട് മാത്രം സെല്‍ ഫോണ്‍ നമ്പറുകള്‍ കൈമാറില്ല. അവര്‍ കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെടും.
ഇരകളുടെ അക്കൗണ്ടിലേക്ക് പ്രവേശനം സാധ്യമാക്കാന്‍ ഇത്തരം സുരക്ഷ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് സോഷ്യല്‍ മീഡിയയില്‍നിന്നാണ് വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നത്. ഉദാഹരണത്തിന്, നിങ്ങളുടെ ജന്മദിനം, നിങ്ങളുടെ മാതാവിന്റെ ആദ്യ പേര്, നിങ്ങള്‍ പഠിച്ച ഹൈസ്കൂള്‍ എന്നിവ പൊതുവായ സുരക്ഷ ചോദ്യങ്ങളാണ്. നിങ്ങളുടെ സോഷ്യല്‍ മീഡിയ ബ്രൗസ് ചെയ്യുന്നതിലൂടെ ഒരു മൂന്നാം കക്ഷിക്ക് എളുപ്പത്തില്‍ ഇങ്ങനെയുള്ള ഉത്തരങ്ങള്‍ ലഭിക്കും.
സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കാന്‍ തട്ടിപ്പുകാര്‍ സ്വീകരിക്കുന്ന മറ്റൊരു മാര്‍ഗമാണ് ഫിഷിംഗ്. സോഷ്യല്‍ എന്‍ജിനീയറിംഗിന്റെ ഒരു രൂപമാണ് ഫിഷിംഗെന്ന് പറയാം. നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ പങ്കിടാന്‍ പ്രേരിപ്പിക്കുന്ന ഒരു വിശ്വസനീയ സ്ഥാപനമായോ വ്യക്തിയായോ തട്ടിപ്പുകാര്‍ ആള്‍മാറാട്ടം ചെയ്യുന്നതാണ് ഫിഷിംഗ്. അക്കൗണ്ട് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ട് നിങ്ങളുടെ ഫോണ്‍ കാരിയറില്നിന്നാണെന്നു തോന്നുന്ന ഇ-മെയില്‍ അയച്ചേക്കാം. ഇതിനായി ഒരു ലിങ്കില്‍ ക്ലിക്ക് ചെയ്ത് ലോഗിന്‍ ചെയ്യാനും നിങ്ങളുടെ വിവരങ്ങള്‍ ചേര്‍ക്കാനും ആവശ്യപ്പെട്ടേക്കാം. ഇത്തരം ഇമെയിലുകളിലൂടെ ഇരകളെ കബളിപ്പിച്ച് അവരുടെ ജന്മദിനം, പാസ്വേഡ്, അക്കൗണ്ട് നമ്പര്‍ എന്നിവയും അതിലേറെയും വ്യക്തിഗത വിവരങ്ങള്‍ കരസ്ഥമാക്കുന്നു. ഡാര്‍ക്ക് വെബില്‍ ചോര്‍ന്നതും മോഷ്ടിച്ചതുമായ ഡാറ്റ വില്‍ക്കുന്നവരില്‍നിന്നും തട്ടിപ്പുകാര്‍ ഇരകളുടെ സ്വകാര്യ വിവരങ്ങള്‍ വാങ്ങാറുമുണ്ട്.
വിവരങ്ങള്‍ ശേഖരിച്ചു കഴിഞ്ഞാല്‍ തട്ടിപ്പുകാര്‍ ആദ്യം നിങ്ങളുടെ മൊബൈല്‍ കാരിയറെ ബന്ധപ്പെടും. സുരക്ഷ ചോദ്യങ്ങള്‍ക്ക് വിജയകരമായി ഉത്തരം നല്കാന് കഴിഞ്ഞാല്‍ അടുത്ത ഘട്ടം നിങ്ങളുടെ ഫോണ്‍ നമ്പര്‍ അവരുടെ സിം കാര്‍ഡിലേക്ക് മാറ്റുക എന്നതാണ്. തുടര്‍ന്ന്, നിങ്ങളുടെ ഫോണ്‍ നമ്പറിലേക്ക് അയച്ച ഓതന്റിഫിക്കേഷന് കോഡുകള്‍ ഉപയോഗിച്ച് അവര്‍ക്ക് നിങ്ങളുടെ ഓണ്‍ലൈന്‍ അക്കൗണ്ടുകളിലേക്ക് പ്രവേശിക്കാന്‍ കഴിയും.
ഫോണുകളില്‍നിന്ന് മെസേജ് അയക്കാനോ സ്വീകരിക്കാനോ ഫോണ്‍ ചെയ്യാനോ കഴിയില്ല എന്നതാണ് സിം കൈമാറ്റത്തിന് ഇരയായി എന്നതിനുള്ള സൂചന. ഫോണ്‍ നമ്പര്‍ തട്ടിപ്പുകാരുടെ നിയന്ത്രണത്തിലായതിനാണ് ഫോണ്‍ സേവനം നഷ്ടപ്പെടുന്നത്.
നോ സര്‍വീസ് അല്ലെങ്കില്‍ സെര്‍ച്ച് എന്ന സന്ദേശമാണ് ഫോണ്‍ കാണിക്കുന്നതെങ്കില്‍ സിം സ്വാപ്പിംഗ് നടന്നുവെന്നാണ് അര്‍ഥം. ഫോണ്‍ നമ്പര്‍ പുതിയൊരു ഉപകരണത്തിലാണെന്ന അറിയിപ്പും ലഭിക്കാം. പുതിയ ഡിവൈസില്‍ സിം കാര്‍ഡോ ഫോണ്‍ നമ്പറോ ആക്ടീവാകുമ്പോള്‍ മൊബൈല്‍ കാരിയര്‍ പൊതുവെ ഉപഭോക്താക്കളെ അറിയിക്കാറുണ്ട്.
സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ അസാധാരണമായ പ്രവര്‍ത്തനം ശ്രദ്ധയില്‍പെട്ടാല്‍ അതും സിം കാര്‍ഡ് ഹാക്കിംഗിന്റെ ഫലമായിരിക്കാം. ആള്‍മാറാട്ടം നടത്താനും നിങ്ങളുടെ സുഹൃത്തുക്കളെയോ കുടുംബാംഗങ്ങളെയോ പണത്തിനായി കബളിപ്പിക്കാനും ഹാക്കര്‍മാര്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പ്രവേശിക്കാന്‍ സിം സ്വാപ്പിംഗ് ഉപയോഗിക്കാറുണ്ട്.
ഹാക്കര്‍മാര്‍ പലപ്പോഴും നിങ്ങളുടെ ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ ഉടനടി മാറ്റുന്നതിനാല്‍ അവര്‍ക്ക് അക്കൗണ്ടിന്റെ മേല്‍ പൂര്‍ണ നിയന്ത്രണം ലഭിക്കും. ബാങ്ക് അക്കൗണ്ടിലേക്ക് ആക്സസ് നേടുകയും ഇരകളുടെ ഫണ്ട് ഉപയോഗിക്കുകയും ചെയ്യുക എന്നതാണ് സിം സ്വാപ്പര്മാരുടെ ആത്യന്തിക ലക്ഷ്യം. ഇതു വഴി പര്‍ച്ചേസുകളും മണി ട്രാന്‍സ്ഫറുകളും നടത്തുന്നു.
സിം ഹൈജാക്കിംഗ് തടയാന്‍ നിങ്ങളുടെ സിം കാര്‍ഡും നിങ്ങളുടെ സ്വകാര്യ വിവരങ്ങളും സുരക്ഷിതമാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.
1. ഇന്റര്‍നെറ്റ് വിവേകത്തോടെ ഉപയോഗിക്കുക
2.സ്വകാര്യ വിവരങ്ങള്‍ മോഷ്ടിക്കാന്‍ തട്ടിപ്പുകാര്‍ ഫിഷിംഗ് ടെക്നിക്കുകള്‍ ഉപയോഗിക്കും. പരിചയമില്ലാത്തവര്‍ അയക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്. നിങ്ങളുടെ ഫോണ്‍ കാരിയര്‍ അല്ലെങ്കില്‍ ബാങ്ക് പോലുള്ള സ്ഥാപനങ്ങള്‍ എന്നിവ ഒരിക്കലും ഇമെയില്‍ വഴി നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ചോദിക്കില്ല.
3. ഓണ്‍ലൈനില്‍ ആള്‍മാറാട്ടം നടത്താന്‍ തട്ടിപ്പുകാര്‍ക്ക് ഉപയോഗിക്കാവുന്ന വളരെയധികം വ്യക്തിഗത വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിടുന്നത് ഒഴിവാക്കുക.
4. അക്കൗണ്ട് സുരക്ഷ അപ്ഡേറ്റ് ചെയ്യുക. ചില മൊബൈല്‍ സേവനദാതാക്കള്‍ തങ്ങളുടെ ഉപഭോക്താക്കളെ േ്രപ ത്യക പിന് നമ്പര്‍ സജ്ജീകരിക്കാന്‍ അനുവദിക്കുന്നുണ്ട്. അക്കൗണ്ടുകളില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഈ നമ്പര്‍ നല്‍കണം. ഈ മൊബൈല്‍ കാരിയര്‍ സേവനം ലഭ്യമാണെങ്കില്‍ അത് സ്വീകരിക്കണം. നിങ്ങളുടെ ജന്മദിനം പോലെ ഹാക്കര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്ന എന്തെങ്കിലും വിവരങ്ങള്‍ നിങ്ങളുടെ പിന് നമ്പറില്‍ ഉണ്ടാകരുത്.
5. മൊബൈല്‍ ഫോണ്‍ അക്കൗണ്ടിനായി ശക്തമായ ഒരു പാസ്വേഡ് സൃഷ്ടിക്കാനും കൂടുതല്‍ ബുദ്ധിമുട്ടുള്ള സുരക്ഷ ചോദ്യങ്ങളും ഉത്തരങ്ങളും തെരഞ്ഞെടുക്കാനും ശ്രദ്ധിക്കുക.
6. ടു ഫാക്ടര്‍ വെരിഫിക്കേഷനായി ഓതന്റിഫിക്കേഷന് ആപ് ഉപയോഗിക്കുക. ഫോണ്‍ നമ്പറിന് പകരം നിങ്ങളുടെ ഉപകരണവുമായി ലിങ്ക് ചെയ്തിരിക്കുന്ന ഓതന്റിക്കേറ്റര്‍ ഉപയോഗിക്കുന്നതിനാല്‍ നിങ്ങളുടെ കോളുകളും ടെക്സ്റ്റുകളും ഒരു ഹാക്കര്‍ക്ക് തടസ്സപ്പെടുത്താന്‍ കഴിയുമെങ്കിലും ഓതന്റിഫിക്കേഷന് പരിരക്ഷിക്കപ്പെടും.
7. അലര്‍ട്ടുകള്‍ക്കായി സൈന്‍ അപ് ചെയ്യുക. ഫോണ്‍ നമ്പറോ സിം കാര്‍ഡ് മാറ്റമോ പോലുള്ള കാര്യങ്ങളില്‍ നിങ്ങളുടെ മൊബൈല്‍ കാരിയര്‍ അധിക അലര്‍ട്ടുകള്‍ നല്‍കുന്നുണ്ടോയെന്ന് പരിശോധിക്കുക. മൊബൈല്‍ കാരിയര്‍ ഈ ഓപ്ഷന് നല്കുന്നുണ്ടെങ്കില് നോട്ടിഫിക്കേഷന്‍ ഓണാക്കണം.