ജറൂസലം- ഹമാസുമായി പോരാട്ടം തുടരുന്ന ഗാസയില്‍ കേണല്‍ ഉള്‍പ്പെടെ പത്ത് സൈനികര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇസ്രായില്‍. ചൊവ്വാഴ്ച നടന്ന പോരാട്ടത്തിലാണ് ഗോലാനി ഇന്‍ഫന്‍ട്രി ബ്രിഗേഡിനെ നയിക്കുന്ന കേണല്‍ ഉള്‍പ്പെടെ 10 പട്ടാളക്കാര്‍ കൊല്ലപ്പെട്ടത്. ആദ്യം എട്ടു സൈനികരുടെ മരണം സ്ഥിരീകരിച്ച ഇസ്രായില്‍ പ്രതിരോധ സേന പിന്നീട് ഗോലാനി റെജിമെന്റിന്റെ കമാന്‍ഡറായ ലെഫ്റ്റനന്റ് കേണലിനെ കൂടി ഉള്‍പ്പെടുത്തി മരണസംഖ്യ അപ്‌ഡേറ്റ് ചെയ്തു.
ഗാസയില്‍ യു.എന്‍ അടിയന്തര മാനുഷിക വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടതിനു പിന്നാലെ ആഗോള തലത്തില്‍ ഇസ്രായില്‍ കൂടുതല്‍ ഒറ്റപ്പെട്ടിരിക്കയാണ്. വിവേചന രഹിതമായ ബോംബാക്രമണമാണ് ഇസ്രായിലിനെ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുത്തുന്നതെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ കുറ്റപ്പെടുത്തകയും ചെയ്തു.