Sorry, you need to enable JavaScript to visit this website.

മമ്മൂട്ടിയുടെ ചിത്രമുള്ള സ്റ്റാമ്പുമായി ഓസ്‌ട്രേലിയൻ പാർലമെന്റ്; മമ്മൂട്ടി ഇന്ത്യൻ സാംസ്‌കാരികതയുടെ മുഖമെന്ന് പ്രധാനമന്ത്രി 

കാൻബറ (ഓസ്‌ട്രേലിയ) - മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ ചിത്രമുള്ള സ്റ്റാമ്പുകൾ പുറത്തിറക്കി ഓസ്‌ട്രേലിയൻ പാർലമെന്റിന്റെ ആദരവ്. മമ്മൂട്ടിയുടെ മുഖമുള്ള പതിനായിരം പേഴ്‌സണലൈസ്ഡ് സ്റ്റാമ്പുകളാണ് ഓസ്‌ട്രേലിയൻ പാർലമെന്റ് പുറത്തിറക്കിയത്. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 ഓസ്‌ട്രേലിയ ഇന്ത്യ ബിസിനസ് കൗൺസിലിന്റെ സഹകരണത്തോടെ സ്റ്റാമ്പ് പുറത്തിറക്കുന്നതിന്റെ ഉദ്ഘാടനം പാർല്ലമന്റ് ഹൗസ് ഹാളിൽ നടന്നു. ആദ്യ സ്റ്റാമ്പ് ഓസ്‌ട്രേലിയയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ മൻപ്രീത് വോറയ്ക്കു കൈമാറി പ്രധാനമന്ത്രി ആന്റണി ആൽബനീസിയുടെ പ്രതിനിധിയും പാർലമെന്ററി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യയുടെ ചെയർമാനുമായ ഡോ. ആൻഡ്രൂ ചാൾട്ടൻ എംപിയും പ്രകാശനം ചെയ്തു. 
 കാൻബറയിലെ ഓസ്‌ട്രേലിയൻ ദേശീയ പാർലമെന്റിലെ 'പാർലമെന്ററി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ' ആണ് പരിപാടിയുടെ സംഘാടകർ. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള വ്യാപാര വാണിജ്യ സാംസ്‌കാരിക ബന്ധം പ്രോത്സാഹിപ്പിക്കുന്ന ഓസ്‌ട്രേലിയൻ പാർലമെന്റിൽ നിന്നും തെരഞ്ഞെടുത്ത എം.പിമാരുടെ സമിതിയാണ് ഇത്.  
 ഇന്ത്യൻ സാംസ്‌കാരികതയുടെ മുഖമായി തങ്ങൾ മമ്മൂട്ടിയെ കാണുന്നുവെന്നും മമ്മൂട്ടിയെ ആദരിക്കുന്നതുവഴി ഇന്ത്യൻ സംസ്‌കാരത്തെ ബഹുമാനിക്കുന്നുവെന്നും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുടെ സന്ദേശം വായിച്ച് ഡോ. ആൻഡ്രൂ ചാർട്ടൻ എം.പി പറഞ്ഞു. തന്റെ സമൂഹത്തിനുവേണ്ടി മമ്മൂട്ടി ചെയ്യുന്ന ഓരോ കാര്യങ്ങളും ഇന്ത്യൻ സെലിബ്രിറ്റികൾ മാതൃകയാക്കണമെന്ന് ഇന്ത്യൻ ഹൈക്കമ്മിഷണർ മൻപ്രീത് വോറ ചൂണ്ടിക്കാട്ടി. ഓസ്‌ട്രേലിയയിലെ ഇന്ത്യൻ പ്രവാസികളുടെ നാട്ടിലുള്ള മാതാപിതാക്കൾക്കായി മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആരംഭിച്ച 'ഫാമിലി കണക്റ്റ്' പദ്ധതി ഏറെ പ്രശംസനീയമാണെന്ന് കൃഷി മത്സ്യബന്ധന വകുപ്പ് മന്ത്രി സെനറ്റർ മുറേയ് വാട്ട് പറഞ്ഞു.
 ചടങ്ങിൽ ട്രെയ്ഡ് ആൻഡ് ടൂറിസം മിനിസ്റ്റർ ഡോൺ ഫാരൽ, ഇന്ത്യയിലെ ഓസ്‌ട്രേലിയൻ നിയുക്ത ഡെപ്യൂട്ടി ഹൈക്കമ്മിഷണർ ഡാനിയേൽ മക്കാർത്തി, പാർലമെന്ററി സമിതി ഉപാധ്യക്ഷൻ ജൂലിയൻ ലീസർ, സെന്റർ ഫോർ ഓസ്‌ട്രേലിയ ഇന്ത്യ റിലേഷൻസ് സി.ഇ.ഒ ടിം തോമസ്, എ.ഐ.ബി.സി നാഷണൽ അസ്സോസിയേറ്റ് ചെയർ ഇർഫാൻ മാലിക്, ഫാമിലി കണക്റ്റ് ദേശീയ കോ-ഓർഡിനേറ്ററും വേൾഡ് മലയാളി കൗൺസിൽ റീജിയണൽ ചെയർമാനുമായ കിരൺ ജെയിംസ്, മമ്മൂട്ടിയുടെ പ്രതിനിധിയും കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ഡയറക്ടറുമായ റോബർട്ട് കുര്യാക്കോസ് സംസാരിച്ചു.
 ഓസ്‌ട്രേലിയയിലെ നിരവധി എം.പിമാർ, സെനറ്റ് അംഗങ്ങൾ, ഹൈക്കമ്മിഷണർ ഓഫീസ് ഉദ്യോഗസ്ഥർ, ഓസ്‌ട്രേലിയയിലെ വിവിധ ഇന്ത്യൻ സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികൾ തുടങ്ങി 150-ഓളം പേർ ചടങ്ങിൽ പങ്കെടുത്തു. ഓസ്‌ട്രേലിയൻ തപാൽ വകുപ്പിന്റെ പേഴ്‌സണലൈസ്ഡ് വിഭാഗത്തിലൂടെ പുറത്തിറക്കിയ സ്റ്റാമ്പുകൾ ഇന്ന് മുതൽ വിപണിയിലെത്തുമെന്നും അധികൃതർ വ്യക്തമാക്കി.

Latest News