സമസ്ത നേതാവ് കെ ഉമർ ഫൈസിയുടെ പ്രസ്താവന ശുദ്ധ വിവരക്കേട്
- ഗണപതി വിവാദത്തിൽ സ്പീക്കർ എ.എൻ ഷംസീറിന് പരോക്ഷ വിമർശം
ആലപ്പുഴ - തട്ടം വിവാദത്തിൽ തനിക്കും വീഴ്ച സംഭവിച്ചുവെന്ന് സി.പി.എം നേതാവും ആലപ്പുഴ എം.പിയുമായ എ.എം ആരിഫ്. നാസ്തിക സമ്മേളനത്തിൽ മലപ്പുറത്തെ പെണ്ണുങ്ങളുടെ തട്ടവുമായി ബന്ധപ്പെട്ട് വിവാദ പ്രസംഗം നടത്തിയ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം അനിൽകുമാറിനെ തള്ളി പരസ്യ പ്രഖ്യാപനം നടത്തിയത് തെറ്റായിരുന്നു. അതിൽ തനിക്ക് ഖേദമുണ്ടെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
അനിൽകുമാറിന്റെ പ്രസംഗത്തെ ചൊല്ലി ധാരാളം സി.പി.എം അനുഭാവികൾ വ്യക്തിപരമായും വാട്‌സാപ്പിലും മറ്റും എന്നെ പ്രതിഷേധം അറിയിച്ചിരുന്നു. അപ്പോൾ തന്നെ ഞാൻ പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്ററെ വിളിക്കുകയുണ്ടായി. അപ്പോൾ അദ്ദേഹം പറഞ്ഞു: 'അത് നമ്മുടെ നിലപാട് അല്ലെന്ന്.' ഇതിനു ശേഷമാണ് ഞാൻ ജലീലിന്റെ പോസ്റ്റ് പെട്ടെന്ന് എഴുതാൻ സമയക്കുറവ് പ്രശ്‌നമായപ്പോൾ ഷെയർ ചെയ്തത്. പക്ഷേ, പാർട്ടി ഔദ്യോഗികമായി പ്രതികരിക്കും മുമ്പേ ഒരു സംസ്ഥാന കമ്മിറ്റി അംഗത്തെ ഞാൻ തള്ളിപ്പറഞ്ഞ ആ രീതി ശരിയായിരുന്നില്ലെന്ന് എനിക്കു തോന്നി.
പാർട്ടിക്ക് അകത്തു പറയേണ്ടത് പാർട്ടി സെക്രട്ടറി നിലപാട് വ്യക്തമാക്കും മുമ്പേ ഞാൻ പുറത്തു പറഞ്ഞത് തെറ്റായ രീതിയാണ്. പ്രശ്‌നത്തിൽ കെ.ടി ജലീലിന്റെ എഫ്.ബി പോസ്റ്റ് പെട്ടെന്നു കയറി ഷെയർ ചെയ്യുകയായിരുന്നു. അത് ശരിയായ രീതിയല്ല. പാർട്ടി സെക്രട്ടറി പ്രതികരിച്ചതിനു ശേഷം പറയേണ്ട കാര്യം അതിനു മുമ്പേ പുറത്തു പറഞ്ഞത് തെറ്റായി പോയെന്നും തട്ടം ഇടുന്നതും ഇടാതിരിക്കുന്നതുമെല്ലാം ഓരോരുത്തരുടെയും ചോയ്‌സാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, തട്ടം ഇടാത്ത സ്ത്രീകൾ അഴിഞ്ഞാട്ടക്കാരികളാണെന്ന സമസ്ത നേതാവ് കെ ഉമർ ഫൈസി മുക്കത്തിന്റെ നിലപാട് ശുദ്ധ വിവരക്കേടാണെന്നും അതോട് തനിക്ക് യോജിപ്പില്ലെന്നും എ.എം ആരിഫ് വ്യക്തമാക്കി.
എന്റെ ഭാര്യ തട്ടം ഇടാറുണ്ട്. അവർ ഡോക്ടറാണ്, വിദ്യാസമ്പന്നയാണ്. അവർ പുറത്തു പോകുമ്പോൾ തട്ടം ഇടാറുണ്ട്. എന്നാൽ, എന്റെ മകൾ ഭാര്യയുടെ അത്രതന്നെ വിദ്യാസമ്പന്നയല്ലെങ്കിലും തട്ടം ഇടാറില്ല. ഞാൻ അവരോട് തട്ടം ഇടാനോ ഊരാനോ ഇതുവരെ പറഞ്ഞിട്ടുമില്ല. ഉമർ ഫൈസി പറഞ്ഞത് ശുദ്ധവിവരക്കേടാണ്. അതിനോട് ഒട്ടും യോജിപ്പില്ല. തട്ടം ഇട്ടതുകൊണ്ട് ഒരാൾ നല്ലതാകുമോ? തട്ടം ഇടാത്ത എത്രയോ ആളുകൾ ഉണ്ട്? അവരെല്ലാം മോശക്കാർ ആണോ? അങ്ങനെ ഒരു സ്ത്രീയുടെ വസ്ത്രധാരണ രീതി വെച്ച് അവരുടെ സ്വഭാവം വിലയിരുത്തപ്പെടുന്നത് പുരോഗമന സമൂഹത്തിന് ഒരിക്കലും യോജിക്കുന്ന നിലപാടല്ലെന്നും ആരിഫ് വിശദീകരിച്ചു.
സ്പീക്കർ എ.എൻ ഷംസീറിന്റെ ഗണപതി വിവാദത്തിൽ താൻ യഥാസമയം പ്രതികരിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് പാർട്ടി പ്രവർത്തകർ പോലും തന്നോട് ചോദിക്കുകയുണ്ടായി. ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവർ ഇത്തരം വിവാദങ്ങൾ വളരെ ശ്രദ്ധിക്കണമെന്നും ഏത് മതത്തിൽ പെട്ടവരായാലും വിശ്വാസവുമായി ബന്ധപ്പെട്ട പ്രതികരണങ്ങൾ സൂക്ഷിക്കണമെന്നും റിപോർട്ടർ ചാനലിൽ ചോദ്യത്തിന് മറുപടിയായി അദ്ദേഹം ചൂണ്ടിക്കാട്ടി.