തെഹ്‌റാൻ / ഗസ്സ - പിറന്ന മണ്ണിൽ ജീവശ്വാസത്തിനായി കേഴുന്ന ഫലസ്തീൻ ജനതയ്ക്കായി പൊരുതുന്ന ഹമാസ് ഇസ്രായേലിൽ നടത്തിയ ആക്രമണം തങ്ങളുടെ പിന്തുണയോടെയാണെന്ന ആരോപണം നിഷേധിച്ച് ഇറാൻ. ഹമാസിന്റെ ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും സ്വന്തം ദൗർബല്യത്തിന് മറയിടാൻ ഇസ്രായേൽ തെഹ്‌റാനെ കുറ്റപ്പെടുത്തുകയാണെന്നും ഇറാൻ വ്യക്തമാക്കി.
അതിനിടെ, ഗസ്സക്ക് പുറമേ ഫലസ്തീനിലെ മറ്റു പ്രദേശങ്ങളിലും ഇസ്രായേൽ ആക്രമണം ശക്തമാക്കി ചോരച്ചാലുകൾ കീറുകയാണ്. ഗസ്സയിലേക്ക് കരമാർഗം ആക്രമണം കടുപ്പിക്കാനുള്ള നീക്കത്തിലാണ് ഇസ്രായേൽ സൈന്യം. 48 മണിക്കൂറിനകം സൈനിക നീക്കം ഉണ്ടാകുമെന്നാണ് റിപോർട്ട്. ഗസ്സയിൽ വൈദ്യുതി വിതരണം പൂർണമായും നിലച്ചതോടെ ആശുപത്രികളുടെ പ്രവർത്തനവും താറുമാറായി. ഐ.സി.യുകളും മറ്റും പ്രവർത്തിപ്പിക്കാനാവാത്ത അതീവ ഗുരുതര സ്ഥിതിയാണുള്ളത്.
ഇസ്രായേൽ ആക്രമണത്തിൽ പരുക്കേറ്റ് രണ്ടായിരത്തിലേറെ പേരാണ് ആശുപത്രികളിൽ കഴിയുന്നത്. വൈദ്യുതിയും മരുന്നും വെള്ളവും സുരക്ഷിത ഇടങ്ങളുമില്ലാതെ ഗസയെ തകർത്ത് ആളില്ലാ മരുഭൂമിയാക്കാനാണ് ബെഞ്ചിമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഇസ്രായേൽ ഭരണകൂടത്തിന്റെ പദ്ധതി. ഇതിന് ആക്കം കൂട്ടാൻ യു.എസിന്റെ മെഡിറ്ററേനിയൻ കടലിലുള്ള യുദ്ധക്കപ്പലുകളും പോർ വിമാനങ്ങളും ഇസ്രായേലിനോട് അടുത്ത കിഴക്കൻ തീരത്തേക്ക് നീങ്ങുകയാണെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു. ഇസ്രായേലിനുള്ള അമേരിക്കയുടെ അചഞ്ചലമായ പിന്തുണ അടിവരയിടുന്നതാണ് ഈ തീരുമാനമെന്നും അദ്ദേഹം അവകാശപ്പെട്ടു.
വെസ്റ്റ് ബാങ്ക്, സിദ്‌റത് പ്രവിശ്യയിൽ ഹമാസ് പോരാളികളും ഇസ്രായേൽ സൈന്യവും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ തുടരുകയാണ്. മേഖലയിൽ സമാധാനത്തിനായി യു.എൻ ഇടപെടണമെന്ന ആവശ്യം ലോകത്തിന്റെ വിവിധ കേന്ദ്രങ്ങളിൽനിന്നായി ഉയരുന്നുണ്ടെങ്കിലും ഫലസ്തീൻ ജനതയുടെ സമാശ്വാസത്തിനായി കാര്യമായ മുന്നേറ്റങ്ങളൊന്നും പ്രകടമായിട്ടില്ല.
പശ്ചിമേഷ്യയിൽ സമാധാനം കളിയാടാനായി സൗദിയും തുർക്കിയും ഖത്തറും ചൈനയും ഇറാനുമെല്ലാം ശബ്ദിച്ചെങ്കിലും അതിനെ മുഖലവിക്കെടുത്ത് ലോകരാജ്യങ്ങളുടെ കൂട്ടായ തീരുമാനം ഇനിയും വേണ്ടവിധം ഉരുത്തിരിഞ്ഞുവന്നിട്ടില്ല. വൈകുന്ന ഓരോ നിമിഷവും അധിനിവേശ സാമ്രാജ്യത്വ ശക്തികളുടെ കൊടും ദുരന്തം പേറാനാണ് ഇരകൾക്ക് വീണ്ടും വീണ്ടും വഴി ഒരുക്കുകയെന്നു വ്യക്തം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)