മലപ്പുറം - മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാമിനെതിരായ സമസ്തയിലെ 21 നേതാക്കളുടെ കത്ത് വിവാദത്തിൽ രൂക്ഷ പ്രതികരണവുമായി മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ.
കത്ത് വിവാദം മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും കണ്ടുവെങ്കിലും ഇതുവരെയും കത്ത് തനിക്ക് നേരിട്ടു ലഭിച്ചിട്ടില്ല. ഇന്നും ഇന്നലെയുമൊക്കെ സമസ്തയുടെ പല നേതാക്കളുമായും സംസാരിച്ചുവെങ്കിലും കത്ത് പ്രശ്‌നം ആരും പറഞ്ഞിട്ടില്ല. കത്തുണ്ടെങ്കിൽ നേരിട്ട് കൊണ്ടുവരേണ്ടേ? അതല്ലാതെ പത്രക്കാർക്ക് കൊടുത്ത് ഒരു കത്തുണ്ട് എന്ന് പറയുകയാണോ വേണ്ടത്. നേരിട്ട് കത്ത് കിട്ടുമ്പോൾ അതിനല്ലേ നേരെ മറുപടി പറയേണ്ടതെന്നും സാദിഖലി തങ്ങൾ ചോദിച്ചു.
അപ്പോൾ വിവാദങ്ങളിൽ കാര്യമില്ലേ എന്ന് ചോദിച്ചപ്പോൾ വിവാദങ്ങൾക്ക് സമയമില്ലെന്നും തലയിരിക്കുമ്പോൾ വാലാടുന്ന സ്വഭാവം ശരിയല്ലെന്നും സമസ്തയുടെ മസ്തിഷ്‌കം എന്നും മുസ്‌ലിം ലീഗിനൊപ്പമാണെന്നുമായിരുന്നു സാദിഖലി തങ്ങളുടെ മറുപടി.
പാർട്ടിക്ക് അനാവശ്യ വിവാദങ്ങളിൽ സമയം കളയാൻ നേരമില്ല. ഒരു കാര്യം ഉറപ്പാണ്: സമസ്തയുടെ മസ്തിഷ്‌കം എന്നും മുസ്‌ലിം ലീഗിന് ഒപ്പമാണ്. ലീഗും അങ്ങനെത്തന്നെയാണ്. ആ സമസ്തയുമായും മുസ്‌ലിം സംഘടനകളുമായുമൊക്കെ യോജിച്ചേ ലീഗ് പോയിട്ടുള്ളൂ. ഇപ്പോഴും അങ്ങനെത്തന്നെയാണ്. യോജിപ്പിലും സൗഹാർദ്ദത്തിലും മുന്നോട്ടുപോകണം. അതിനുവേണ്ടി എന്താണോ ലീഗ് ചെയ്യേണ്ടത്, അതെല്ലാം പാർട്ടി ഇനിയും ചെയ്യും.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
സമസ്തയും ലീഗുമായി നിലവിൽ ഈ വിഷയത്തിൽ ഒരു പ്രശ്‌നവുമില്ല. ഉണ്ടെങ്കിൽ ഉത്തരവാദപ്പെട്ടവർ അത് പറയുമല്ലോ എന്നും തങ്ങൾ ചൂണ്ടിക്കാട്ടി. ഇങ്ങനെയുള്ള വിവാദങ്ങളിൽ സമയം കളയേണ്ടതില്ല. പോസിറ്റീവായ കുറേ കാര്യങ്ങൾ അനുദിനം ചെയ്തു തീർക്കേണ്ടതുണ്ട്. അതിനാണ് സമയമുണ്ടാക്കേണ്ടത്. അതല്ലാതെ വിവാദങ്ങളിലൂടെ ഇങ്ങനെ സഞ്ചരിച്ചിട്ട് ആർക്ക് എന്ത് നേട്ടം കിട്ടാനാണെന്നും സാദിഖലി തങ്ങൾ ചോദിച്ചു.
മലപ്പുറത്തെ പെണ്ണുങ്ങൾ തട്ടം ഇടാത്തത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേട്ടമാണെന്ന സി.പി.എം നേതാവിന്റെ വിവാദ പ്രസ്താനയുണ്ടായപ്പോൾ ആരുടെയും പേര് പരാമർശിക്കാതെ, 'മുഖ്യമന്ത്രി പിണറായി വിജയന്റെ ഒരു ഫോൺകോൾ ലഭിച്ചാൽ എല്ലാമായി എന്ന് കരുതുന്നവർ സമുദായത്തിലുണ്ടെന്ന്' ലീഗ് നേതാവ് പി.എം.എ സലാം പ്രതികരിച്ചിരുന്നു. ഇത് സമസ്ത നേതാവിനെ ഇകഴ്ത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് സമസ്തയിലെ ചില പോഷകസംഘടനാ നേതാക്കൾ ലീഗ് നേതൃത്വത്തിന് കത്ത് അയച്ചതായി മാധ്യമങ്ങളെ അറിയിച്ചത്. എന്നാൽ ഈ വിവാദ കത്ത് സമസ്തയിലെ തന്നെ എല്ലാ നേതാക്കളുടെയും അറിവോടെ ആയിരുന്നില്ല.
വാഗ്മിയും പണ്ഡിതനുമായ സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറിയും സുന്നി മഹല്ല് ഫെഡറേഷൻ സാരഥിയുമായ അബ്ദുസ്സമദ് പൂക്കോട്ടൂർ അടക്കമുള്ള പല സമസ്ത നേതാക്കളും കത്ത് അറിഞ്ഞിരുന്നില്ല. കത്ത് അയച്ചതിൽ തെറ്റില്ലെന്നും എന്നാൽ തന്നോട് കത്തിൽ ഒപ്പിടാൻ ആരും സമീപിച്ചിട്ടില്ലെന്നും കത്ത് വിവാദം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും സമസ്തയെയും ലീഗിനെയും രണ്ടു വഴിക്കാക്കാൻ ചില ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അത് പൂവണിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു