Sorry, you need to enable JavaScript to visit this website.

കൂടുതൽ ലാഭം പറഞ്ഞ് യുവതികളുടെ കെണിയിൽ പെട്ട കോഴിക്കോട്ടെ ബിസ്‌നസ്സുകാരന് നഷ്ടമായത് 2.89 കോടി

Read More

കോഴിക്കോട് - ക്രിപ്‌റ്റോ കറൻസി ഇടപാടിൽ മലപ്പുറം സ്വദേശിയായ കോഴിക്കോട്ടെ ബിസ്‌നസ്സുകാരന് നഷ്ടമായത് 2.88 കോടി രൂപ. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതികളാണ് ക്രിപ്‌റ്റോ കറൻസി നിക്ഷേപത്തിന് കൂടുതൽ ലാഭം ലഭിക്കുമെന്ന് പറഞ്ഞ് നാൽപ്പതുകാരനെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയാക്കിയത്. 
 ജൂലൈയ് അഞ്ചിനും ആഗസ്ത് 16നും ഇടയിലെ രണ്ടുമാസത്തെ കാലയളവിൽ 30-ഓളം ഇടപാടുകളിലൂടെയാണ് യുവ ബിസ്‌നസ്സുകാരനെ ഇവർ ചതിക്കുഴിയിൽ പെടുത്തിയത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതികൾ യുവാവിന് ലിങ്ക് അയച്ച് ടെലഗ്രാം ഗ്രൂപ്പിൽ ഉൾപ്പെടുത്തുകയായിരുന്നു. മൂവായിരത്തോളം പേരുള്ള ഗ്രൂപ്പിൽ ബിസ്‌നസ്സുകാരനെ വിശ്വസിപ്പിക്കുംവിധമുള്ള വിവരങ്ങളാണ് അപ്‌ഡേറ്റ് ചെയ്തത്. കമ്പനിയുടെ മാനേജിങ് ഡയറക്ടറെ യുവാവിന് പരിചയപ്പെടുത്തുകയും ആശയവിനിമയത്തിന് ഇന്ത്യയിലെ ഒരാളെ കമ്പനി ചുമതലപ്പെടുത്തുകയും ചെയ്തു. ശേഷം യൂസർ ഐ.ഡി നല്കി ഒരു വെബ്‌സൈറ്റും ഇദ്ദേഹത്തെക്കൊണ്ട് ലോഗിൻ ചെയ്യിപ്പിച്ചു. ഇടുന്ന നിക്ഷേപത്തിന്റെയും ലാഭത്തിന്റെയുമൊക്കെ കണക്കുകൾ അപ്പപ്പോൾ തന്നെ വെബ്‌സൈറ്റിൽ വരുംവിധത്തിലായിരുന്നു ക്രമീകരണം. സ്‌ക്രീൻ ഷോട്ടുകളും യഥാസമയം അയച്ചുകൊടുത്തു. അങ്ങനെ വ്യാജ സൈറ്റുകൾ വഴിയുള്ള ചതിക്കുഴിയാണെന്നറിയാതെ യുവാവ് വൻ നിക്ഷേപം നടത്തുകയായിരുന്നു.  

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

  2,85,82,000 രൂപ നിക്ഷേപിച്ച് അത് അഞ്ചുകോടിയുടെ അടുത്തെത്തിയ കണക്ക് കാണിച്ചപ്പോഴാണ് ബിസ്‌നസ്സുകാരന് പണം പിൻവലിക്കാൻ ശ്രമിച്ചത്. അപ്പോൾ ലാഭമുൾപ്പെടെ പണം പിൻവലിക്കണമെങ്കിൽ ഒരുമാസം കഴിയണമെന്ന് അറിയിപ്പുണ്ടായി. പിന്നീട്, 20 ശതമാനം ടാക്‌സ് അടയ്ക്കണമെന്ന നിർദേശവുമുണ്ടായി. ഈ ടാക്‌സ് 80 ലക്ഷത്തിലധികം വരുമെന്ന് കണ്ടതോടെയാണ് നിക്ഷേപകന് കൂടുതൽ സംശയങ്ങൾ ഉയർന്നത്. തുടർന്ന് തട്ടിപ്പുകാരിൽനിന്നും സംശയം കൂടുതൽ ബലപ്പെടുത്തുംവിധമായി ഇടപെടലുകൾ. ശേഷം സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നല്കുകയായിരുന്നു. 
 സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി ക്രൈംബ്രാഞ്ച് പറഞ്ഞു. ഇത്ര വലിയ തുകയുടെ ഓൺലൈൻ തട്ടിപ്പ് കോഴിക്കോട് രജിസ്റ്റർ ചെയ്യുന്നത് ഇതാദ്യമാണെന്ന് സൈബർ പോലീസ് പറഞ്ഞു. വിശ്വാസയോഗ്യമെന്ന് തോന്നിപ്പിക്കും വിധമായിരുന്നു തട്ടിപ്പുകാരുടെ ഓൺലൈൻ ഉൾപ്പെടെയുള്ള നീക്കങ്ങളെന്ന് യുവ ബിസ്‌നസ്സുകാരൻ പരാതിയിൽ പറഞ്ഞു. മലപ്പുറം ജില്ലക്കാരനായ ഇയാൾ കുടുംബസമേതം കോഴിക്കോട്ടാണ് താമസിക്കുന്നത്. 

Latest News