Sorry, you need to enable JavaScript to visit this website.

ഇരകൾക്ക് വേദനയും കണ്ണീരും ഇരട്ടിക്കുമോ? അതോ, ഹമാസ് നീക്കം നിർണായക വഴിത്തിരിവാകുമോ?

  ലസ്തീൻ ജനതയുടെ അവകാശങ്ങൾക്കു മേലുള്ള ഇസ്രായേലിന്റെ തുടർച്ചയായുള്ള കടന്നുകയറ്റത്തിനിടെ തീർത്തും അപ്രതീക്ഷിത തിരിച്ചടിയാണ് ഇസ്രായേലിനു നേരെ ശനിയാഴ്ച ഹമാസ് നടത്തിയത്. ഇസ്രായേൽ ഇന്റലിജൻസ് വൃത്തങ്ങളെ ഒന്നടങ്കം ഞെട്ടിച്ചുള്ള ഹമാസിന്റെ ആക്രമണത്തെ ശക്തമായി തിരിച്ചടിക്കുമെന്നും കടുത്ത വില നൽകേണ്ടിവരുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചിട്ടുണ്ട്. 
  എന്നാൽ, വളരെ മുതിർന്ന ഇസ്രായേലി സൈനിക ഉദ്യോഗസ്ഥരെയടക്കം തടവിലാക്കാൻ ഹമാസിനായിട്ടുണ്ടെന്നും അതിനാൽ തടവിലാക്കിയ ഫലസ്തീൻ പൗരന്മാരെ മോചിപ്പിക്കാതെ പിൻമാറുന്ന പ്രശ്‌നമില്ലെന്നുമാണ് ഹമാസ് മേധാവി ഇസമാഈൽ ഹനിയ്യയെ പോലുള്ള നേതാക്കളെ ഉദ്ധരിച്ചുള്ള ചില റിപോർട്ടുകൾ. 
 അത്യാധുനിക ആയുധ ബോംബർ സംവിധാനങ്ങളുമായി സർവ്വ സജ്ജമായ ഇസ്രായേലിന് ഗസ മുനമ്പ് ഉൾപ്പെടെയുള്ള ഹമാസിന്റെ കർമഭൂമി ചുട്ടുചാമ്പലാക്കാൻ വലിയ തടസ്സങ്ങളൊന്നുമില്ലെന്നിരിക്കെ ഹമാസ്-ഇസ്രായേൽ യുദ്ധത്തിന്റെ ആത്യന്തിക ഫലം ഇരകൾക്ക് കൂടുതൽ വേദനയും കണ്ണീരും സമ്മാനിക്കുമോ എന്നും മനുഷ്യാവകാശ പ്രവർത്തകർക്ക് കടുത്ത ഉത്കണ്ഠയുണ്ട്. ഒന്നിനും മടിക്കാത്ത സയണിസ്റ്റ് ലോബിക്ക് നേരും നെറിയുമില്ലെന്നിരിക്കെ, ഹമാസിന്റെ പ്രത്യാക്രമണം ഏതളവിൽ ഫലം ചെയ്യുമെന്നും അവർ പിടികൂടിയ ഇസ്രായേലി തടവുകാരെ വച്ച് എത്ര സമയം വിലപേശൽ ശേഷി ഉണ്ടാകുമെന്നതിലും പലർക്കും കടുത്ത ആശങ്കയുണ്ട്. അന്താരാഷ്ട്ര മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നതനുസരിച്ച് ഇസ്രയേൽ-ഹമാസ് ഏറ്റുമുട്ടൽ പത്തുമണിക്കൂർ പിന്നിടുമ്പോൾ ഏഴിടങ്ങളിൽ അതിരൂക്ഷമായ പോരാട്ടം നടക്കുന്നതായാണ് റിപോർട്ട്. ഇതിന്റെയൊക്കെ കണക്കെടുപ്പ് മനുഷ്യരാശിയെ കൂടുതൽ സങ്കടപ്പെടുത്തുന്നതാവുമെന്നും ഉറപ്പ്.
 ഇസ്രായേലിന് നേരെയുള്ള ഹമാസ് ആക്രമണത്തിൽ നൂറോളം പേർ കൊല്ലപ്പെട്ടുവെന്നാണ് ഇസ്രായേലി മാധ്യമങ്ങളുടെ റിപോർട്ടുകൾ. ഇതിന് പകരം ചോദിക്കാതെ ഈ ചോരക്കളി തീരില്ലെന്ന ശക്തമായ താക്കീതും ഇസ്രായേൽ നൽകുന്നു. ഹമാസിന്റെ ശക്തി കേന്ദ്രങ്ങളിൽ ഇസ്രയേൽ സേന നടത്തിയ പ്രത്യാക്രമണത്തിൽ ഇരുനൂറ്റി അമ്പതോളം(232) ഫലസ്തീനികൾ കൊല്ലപ്പെട്ടതായാണ് ഏറ്റവും ഒടുവിലത്തെ മെഡിക്കൽ സ്രോതസുകളിൽനിന്നുള്ള റിപ്പോർട്ട്. ഹമാസ് ഒളിത്താവളങ്ങൾ ലക്ഷ്യമാക്കിയുള്ള വ്യോമാക്രമണത്തിൽ 1700-ലേറെ പേർക്ക് പരുക്കേറ്റതായും വാർത്താ ഏജൻസികൾ റിപോർട്ട് ചെയ്തു. എന്തായാലും ഈ യുദ്ധമുഖത്തും ഇസ്രായേലിന് തന്നെയാകുമോ ആത്യന്തിക നേട്ടം, അതോ ഹമാസിന്റെ ചുവടുകൾ ഫലസ്തീൻ പോരാട്ടത്തിൽ നിർണായക വഴിത്തിരിവാകുമോ എന്ന് കണ്ടറിയാനിരിക്കുന്ന മണിക്കൂറുകളും ദിവസങ്ങളുമാണ് പശ്ചിമേഷ്യൻ ഭൂപടത്തിൽ അടയാളപ്പെടുത്താനിരിക്കുന്നത്. ഫലസ്തീനിൽ നീതി പുലരുമോ? അതോ ഇസ്രായേൽ വീണ്ടും അട്ടഹാസം തുടരുമോ?

Latest News